ലോറിയിൽ കടത്തുന്നതിനിടെ പിടിച്ച കഞ്ചാവുമായി എക്സൈസ് സംഘം
അരൂർ : എരമല്ലൂരിൽ വൻ കഞ്ചാവ് വേട്ട. 125 കിലോ കഞ്ചാവുമായി ഹൈടെക് ലോറിയിൽ നിന്നാണ് രണ്ട് യുവാക്കളെ എക്സൈസ് പിടിച്ചത്. ദേശീയപാതയിൽ വ്യാഴാഴ്ച രാവിലെ ആറോടെയാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് കഞ്ചാവ് പിടിച്ചത്. കോഴിക്കോട് കരുവൻതുരുത്തി ഫാറൂഖ് പേട്ട കളത്തിങ്കൽ വീട്ടിൽ മുഹമ്മദ് ജംഷീർ (30), കോഴിക്കോട് പന്നിയങ്കര, കല്ലായി കട്ടയത്തുപറമ്പിൽ സക്കീന മൻസിലിൽ സുഹരിശ് (26) എന്നിവരാണ് പിടിയിലായത്. ആന്ധ്രയിൽ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും അടക്കം വിവിധ ഇനം മയക്കുമരുന്നുകൾ മറ്റു ലോഡുകളുടെ ഒപ്പം കടത്തുകയാണ് ഇവരുടെ രീതി. പ്രധാനമായും കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഇവർ കഞ്ചാവ് വിതരണം ചെയ്യുന്നത്. ഇവർക്ക് സഹായംനൽകിയ മറ്റ് പ്രതികളെക്കുറിച്ചും എക്സൈസിന് സൂചന ലഭിച്ചിട്ടുണ്ട്.
പിന്നിൽ ഒന്നരമാസത്തെ ആസൂത്രണം
ഒന്നരമാസത്തെ ആസൂത്രണത്തിലൂടെയാണ് പ്രതികളെ എക്സൈസ് പിടിച്ചത്. വൻതോതിൽ കഞ്ചാവുകടത്ത് നടത്തുന്നുവെന്ന വിവരം എക്സൈസിന് നാളുകൾക്ക് മുന്നേ ലഭിച്ചിരുന്നു. പ്രതികളെക്കുറിച്ചും ഏകദേശസൂചന ലഭിച്ചിരുന്നു. 15 പേടങ്ങുന്ന എക്സൈസ് സംഘം ദിവസങ്ങളായി ഇവർക്ക് പിന്നാലെയുണ്ടായിരുന്നു. എന്നാൽ, ഏത് വാഹനത്തിലാണ് കഞ്ചാവെന്ന് അറിവുണ്ടായിരുന്നില്ല.
പുതിയ ലോറിയിൽ കഞ്ചാവ് കടത്തുമെന്ന സാധ്യത മുന്നിൽക്കണ്ടില്ല. എന്നാലും സംശയമുള്ള വാഹനങ്ങളെല്ലാം ചെക്ക് പോസ്റ്റുകളിലും മറ്റ് കേന്ദ്രങ്ങളിലും എക്സൈസ് നിരീക്ഷണത്തിലായിരുന്നു. അങ്ങനെയാണ് എറണാകുളം ഭാഗത്തുനിന്ന് വന്ന പുതിയ ആധുനിക ലോറി തുറവൂരിൽ ലോഡിറക്കി തിരികേ കോഴിക്കോടു ഭാഗത്തേക്ക് പോകുന്നതായി എക്സൈസിന് വിവരം ലഭിച്ചത്. ഇതിൽ കഞ്ചാവുണ്ടെന്ന കൃത്യമായ വിവരവും ലഭിച്ചു. ലോഡ് എരമല്ലൂരിൽ എത്തിയപ്പോൾ, എക്സൈസ് സംഘം എത്തുകയും വാഹനം പരിശോധിക്കുകയുമായിരുന്നു. ഡ്രൈവറുടെ കാബിനുള്ളിൽ ആറ് ചാക്കുകളിലായി പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. 50 ലക്ഷത്തിലേറെ വിലവരുന്നതാണ് ലോറി. എന്നാൽ ലോറി ഉടമയ്ക്ക് ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് എക്സൈസ് പറയുന്നത്. കോഴിക്കോട്, മലപ്പുറം കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും എക്സൈസ് അറിയിച്ചു.
ഒരു പാക്കറ്റിന് രണ്ടായിരം
ഒരു പാക്കറ്റ് കഞ്ചാവ് വിൽക്കുമ്പോൾ രണ്ട് പ്രതികൾക്കുംകൂടി ലഭിക്കുന്നത് രണ്ടായിരം രൂപയാണ്. അങ്ങനെ 55 പാക്കറ്റുകൾ എക്സൈസിന് ലഭിച്ചു. ഇങ്ങനെ ലഭിക്കുന്ന തുക രണ്ടുപേരും വീതിച്ചെടുക്കുകയാണ് പതിവ്. 55 പാക്കറ്റിൽ നിന്ന് പ്രതികൾക്ക് 1.10 ലക്ഷം രൂപ കിട്ടുമെന്നും എക്സൈസ് പറഞ്ഞു. കുറ്റകൃത്യത്തിൽ ഇവർക്ക് രണ്ടുപേർക്കും തുല്യപങ്കാളിത്തമാണുള്ളതെന്നും എക്സൈസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കൂടുതൽ അന്വേഷണം
പ്രതികൾക്ക് സാമ്പത്തികസഹായം നൽകിയ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആളുകളെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരിൽനിന്നും കഞ്ചാവു വാങ്ങി വിതരണംചെയ്യുന്ന പ്രധാനികളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികളെ പിടികൂടിയ എക്സൈസ് സംഘത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരായ ടി. അനികുമാർ, ജി. കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർ എസ്. മധുസൂദനൻ നായർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മനോജ്കുമാർ, പ്രിവന്റീവ് ഓഫീസർ പ്രജോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് അലി, വിശാഖ്, സുബിൻ, രാജേഷ്, ഷംനാദ്, അരുൺകുമാർ, ബസന്ത്കുമാർ, സുരേഷ്ബാബു, എക്സൈസ് ഡ്രൈവർ രാജീവ് എന്നിവരാണ് ഉണ്ടായിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..