വെള്ളപ്പൊക്കം: ദുരിതമൊഴിയാതെ നാട്


ചമ്പക്കുളം ചെമ്പടി ചക്കംകരി പാടത്ത് മടകുത്താൻ കർഷകരുടെ ശ്രമം

ആലപ്പുഴ : ശനിയാഴ്ച പകൽ മഴയൊഴിഞ്ഞുനിന്നെങ്കിലും വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ ദുരിതത്തിന് അറുതിയായിട്ടില്ല.

തെളിഞ്ഞ കാലാവസ്ഥയും വെയിലുമായിരുന്നിട്ടും കുട്ടനാട്ടിൽ ജലനിരപ്പ് അപകടനിലയ്ക്കും മുകളിലാണ്. കിഴക്കൻ വെള്ളത്തിന്റെ വരവുകാരണമാണിത്. പള്ളാത്തുരുത്തി, നെടുമുടി, മങ്കൊമ്പ്, ചമ്പക്കുളം, കാവാലം, നീരേറ്റുപുറം, പള്ളിപ്പാട്, വീയപുരം ഭാഗങ്ങളിൽ അപകടനിലയ്ക്കും മുകളിൽ വെള്ളമുണ്ട്. അപ്പർ കുട്ടനാടൻ പ്രദേശത്ത് ജലനിരപ്പ് കുറയുന്നുണ്ട്.

അമ്പലപ്പുഴ-തിരുവല്ല റോഡിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങി. കെ.എസ്.ആർ.ടി. ബസ് സർവീസും പുനരാരംഭിച്ചിട്ടുണ്ട്. നെടുമ്പ്രം ഭാഗത്തായിരുന്നു ഗതാഗതം തടസ്സപ്പെടുത്തിയുള്ള വെള്ളക്കെട്ട്. ബൈക്കും കാറും ഓട്ടോയുമടക്കമുള്ള ചെറുവാഹനങ്ങൾക്കും തടസ്സമില്ലാതെ ഇതിലൂടെ കടന്നുപോകാം.

എ.സി. റോഡിൽ വെള്ളമിറങ്ങിയിട്ടില്ല. കെ.എസ്.ആർ.ടി.സി. സർവീസും പുനരാരംഭിക്കാനായിട്ടില്ല. അതിനാൽ ജലഗതാഗതത്തെയാണു സാധാരണക്കാർ ആശ്രയിക്കുന്നത്. ജില്ലയിൽ വിവിധ താലൂക്കുകളിലായി ഇതുവരെ രണ്ടുവീടുകൾ പൂർണമായും ഒരെണ്ണം പൂർണമായും തകർന്നു.

മടവീഴ്ചയും

തകഴി പടഹാരം വെള്ളാർകോണം പാടശേഖരത്ത് ശനിയാഴ്ച പുലർച്ചേ രണ്ടുമണിയോടെ മടവീണു. 84 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ 50 ദിവസം പ്രായമായ നെല്ല് പൂർണമായും വെള്ളത്തിനടിയിലായി. പാടശേഖരത്തിന്റെ പുറംബണ്ട് രണ്ടിടത്തായി തകർന്നതോടെ പ്രദേശത്തെ 120ലധികം കുടുംബങ്ങളുടെ സഞ്ചാരവും തടസ്സപ്പെട്ടു.

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് എൻ.ഡി.ആർ.എഫ്. സംഘം

ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ദേശീയ ദുരന്തപ്രതികരണസേനയും (എൻ.ഡി.ആർ.എഫ്.) പങ്കാളികളാകും.

തമിഴ്നാട് ആരക്കോണം എൻ.ഡി.ആർ.എഫ്. ഫോർത്ത് ബെറ്റാലിയനിലെ 21 പേരടങ്ങുന്ന സംഘമാണ് എത്തിയിട്ടുള്ളത്. സബ് ഇൻസ്‌െപക്ടർമാരായ ദീപക് ചില്ലർ, എ. ജഗന്നാഥൻ എന്നിവരാണു നേതൃത്വം നൽകുന്നത്.

ശനിയാഴ്ച രാവിലെ കളക്ടറേറ്റിൽ എത്തിയസംഘം കളക്ടർ വി.ആർ. കൃഷ്ണതേജയുമായി കൂടിക്കാഴ്ച നടത്തി.

വെള്ളപ്പൊക്കസാധ്യത കൂടുതലുള്ള പ്രദേശങ്ങൾ നേരിൽക്കണ്ട് വിലയിരുത്തുന്നതിന്റെ ഭാഗമായി ചെങ്ങന്നൂരിൽ സന്ദർശനം നടത്തി. ആവശ്യമനുസരിച്ച് വിവിധകേന്ദ്രങ്ങളിൽ സേനയെ വിന്യസിക്കും.

ഗുരുതരസാഹചര്യമില്ല - കളക്ടർ

നിലവിൽ ജില്ലയിൽ ഗുരുതര സാഹചര്യമില്ലെന്നും അവശ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് അച്ചൻകോവിൽ, പമ്പ, മണിമല ആറുകളുമായി ബന്ധപ്പെട്ട് ജില്ലയെ മൂന്നുമേഖലകളായിതിരിച്ചുള്ള പദ്ധതിയാണു തയ്യാറാക്കിയിരിക്കുന്നതെന്നും കളക്ടർ പറഞ്ഞു.

ജലനിരപ്പ് കൃത്യമായി നിരീക്ഷിച്ചുവരുകയാണ്. പമ്പയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ചെങ്ങന്നൂർ ഭാഗത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. തണ്ണീർമുക്കം ബണ്ടിന്‍റെ 90 ഷട്ടറുകളും തോട്ടപ്പള്ളി, അന്ധകാരനഴി പൊഴികളും തുറന്നിരിക്കുകയാണ്. ഇതുവഴി വെള്ളം കടലിലേക്ക് സുഗമമായി ഒഴുകുന്നുണ്ടെന്നും കളക്ടർ പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പുകളിൽ 1,771 പേർ

വിവിധ താലൂക്കുകളിലായി 44 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 516 കുടുംബങ്ങളിൽനിന്നായി 1,771 പേരാണ് ക്യാമ്പുകളിലുള്ളത്. ചെങ്ങന്നൂർ, കുട്ടനാട്, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലാണ് ക്യാമ്പുകൾ.

കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലായി 67 കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളാണുള്ളത്. ഇവിടെ 7,329 കുടുംബങ്ങളിലെ 28,987 പേർക്കു ഭക്ഷണം നൽകുന്നു.

നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണം

: കക്കി- ആനത്തോട് ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിൽനിന്ന്‌ വെള്ളം തുറന്നുവിടാൻ സാധ്യതയുള്ളതിനാൽ പമ്പയാർ അടക്കമുള്ള നദികളുടെതീരത്തു താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നു ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണം.

മഴപ്പെയ്ത്ത്

ശനിയാഴ്ച രാവിലെ എട്ടുമണിവരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ 11.84 മില്ലി മീറ്റർ മഴലഭിച്ചു. വിവിധ കേന്ദ്രങ്ങളിൽപെയ്ത മഴയുടെ അളവ് മില്ലി മീറ്ററിൽ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..