Caption
വീയപുരം : മഴ കുറഞ്ഞതോടെ പമ്പ, അച്ചൻകോവിലാറുകളിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി. രണ്ടുദിവസം മഴ മാറിനിന്നതോടെ അപ്പർകുട്ടനാട്ടിലെ വീയപുരം, ചെറുതന, പള്ളിപ്പാട് മേഖലകളിൽ വെള്ളപ്പൊക്കത്തിനു നേരിയശമനം. വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടോയെന്ന ആശങ്കയിലാണ് നാട്ടുകാർ. വെള്ളമിറങ്ങി തുടങ്ങിയെങ്കിലും വീടുകളും പരിസരവും വൃത്തിയാക്കിയെങ്കിൽ മാത്രമേ താമസിക്കാൻ സാധിക്കൂ.
ക്യാമ്പുകളിൽ കഴിയുന്നവർ വീടുകളിലേക്കു മടങ്ങിയിട്ടില്ല. വീയപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, നങ്ങ്യാർകുളങ്ങര ടി.കെ.എം.എം. കോളേജ് എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകളുള്ളത്. ക്യാമ്പുകളിൽ എത്താൻ കഴിയാത്തവർക്കായി ഭക്ഷണ വിതരണകേന്ദ്രങ്ങളും ഉണ്ടായിരുന്നു.
കിഴക്കൻവെള്ളത്തിന്റെ വരവു കുറഞ്ഞതോടെയാണ് ജലനിരപ്പ് കുറഞ്ഞത്. പമ്പ, അച്ചൻകോവിലാറുകളിൽ ഒഴുക്കു താരതമ്യേന കുറവായിരുന്നു. ഇടതോടുകളിലും കൈവഴികളിലും ജലനിരപ്പ് താഴ്ന്നു. പ്രധാന റോഡുകളിൽനിന്നു വെള്ളമിറങ്ങിയെങ്കിലും ഗ്രാമീണറോഡുകൾ പലതും ഇപ്പോഴും വെള്ളത്തിലാണ്.
ചെറുതനയിലെ പോച്ച, കാഞ്ഞിരംതുരുത്ത്, പാണ്ടി, ചെങ്ങാരപ്പള്ളിച്ചിറ, പുത്തൻതുരുത്ത്, വീയപുരത്തെ തുരുത്തേൽ, പായിപ്പാട്, വെളിയം ജങ്ഷൻ, മേൽപ്പാടം പള്ളിപ്പാട്ടെ നാലുകെട്ടുംകവല, കുരീത്തറ, ഇരുപത്തെട്ടിൽകടവ് പ്രദേശങ്ങൾ ഇപ്പോഴും വെള്ളപ്പൊക്കക്കെടുതികൾ നേരിടുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..