ആവേശത്തുഴയെറിഞ്ഞു കരുമാടി ജലോത്സവം


കരുമാടി ജലോത്സവത്തിനുമുന്നോടിയായി നടന്ന മാസ്ഡ്രിൽ

അമ്പലപ്പുഴ : ഒറ്റയാൾ വള്ളംമുതൽ ഫൈബർ ചുണ്ടൻവരെ തുഴയെറിഞ്ഞപ്പോൾ കരുമാടി ജലോത്സവം നാടിനുത്സവമായി. കരുമാടി മണ്ഡപത്തിനുസമീപം ദേശീയജലപാതയിൽ നടന്ന ജലോത്സവം വരാനിരിക്കുന്ന ഓണാഘോഷങ്ങളുടെ വിളംബരമായി. മാസ്ഡ്രില്ലിനുശേഷം ഒരാൾ തുഴയുന്ന ഫൈബർ വള്ളങ്ങളിലൂടെയാണ് മത്സരവള്ളംകളി തുടങ്ങിയത്. തുടർന്നു രണ്ടാളിൽത്തുടങ്ങി 14 പേർവരെ തുഴയുന്ന വള്ളങ്ങൾ ഓളപ്പരപ്പിൽ ആവേശംനിറച്ചു.

ഫൈബർ ചുണ്ടൻ, തെക്കനോടി, ഫൈബർ വെപ്പ് എന്നിവയായി മുപ്പതിലേറെ വള്ളങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. ചമ്പക്കുളം മൂലം വള്ളംകളിയിൽ ജേതാക്കളായ ചമ്പക്കുളം ചുണ്ടനിൽ കേരള പോലീസ് ക്ലബ്ബ്‌ പ്രദർശനത്തുഴച്ചിൽ നടത്തിയതും കരകളിൽ ആവേശംനിറച്ചു. എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കവിത അധ്യക്ഷയായി. തകഴി പഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാർ, ജനറൽ കൺവീനർ ബിജു പി. മംഗലം, ഷാജി കരുമാടി എന്നിവർ പ്രസംഗിച്ചു.

വിജയികൾക്ക് എച്ച്. സലാം എം.എൽ.എ., അമ്പലപ്പുഴ ഇൻസ്പെക്ടർ എസ്. ദ്വിജേഷ് എന്നിവർ സമ്മാനങ്ങൾ നൽകി. ചമ്പക്കുളം ചുണ്ടന്റെ പരിശീലകൻ സുനിൽകുമാർ കൈനകരി, ക്യാപ്റ്റൻ എം.സി. കുഞ്ഞപ്പൻ മുണ്ടയ്ക്കൽ എന്നിവരെ ആദരിച്ചു. ചലഞ്ചർ നാഷണൽ റോവിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ കേരളടീമംഗം ഗോകുൽകൃഷ്ണയെ അനുമോദിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത്, കരുമാടിക്കുട്ടൻസ്, ജലോത്സവസമിതി എന്നിവരായിരുന്നു സംഘാടകർ.

ഫൈബർ വെപ്പുവള്ളങ്ങളുടെ മത്സരത്തിൽ സജിൻതോമസ് ക്യാപ്റ്റനായ പായിപ്പാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ കറുകയിൽ ഒന്നാമതെത്തി. തെക്കനോടിവിഭാഗത്തിൽ വിജയൻ കോടാലിപ്പറമ്പിൽ ക്യാപ്റ്റനായ കെ.വി. ജെട്ടി ടൗൺ ബോട്ട് ക്ലബ്ബിന്റെ ചെല്ലിക്കാടൻ ഒന്നും ക്രിസ്റ്റിൻ ജോയി അഞ്ചിൽ ക്യാപ്റ്റനായ കരുമാടി ജൂനിയേഴ്‌സ് പള്ളിവാർഡിന്റെ കമ്പിനി വള്ളം രണ്ടാംസ്ഥാനവും നേടി.

ഫൈബർ ചുണ്ടനിൽ ഷാബു ക്യാപ്റ്റനായ ലൂണ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബ് തുഴഞ്ഞ തൃക്കുന്നപ്പുഴ ഒന്നാംസ്ഥാനത്തും ടി. രാഗേഷ് ക്യാപ്റ്റനായ ഭജനമഠം ജയകേരളയുടെ മഹാദേവികാട് രണ്ടാംസ്ഥാനത്തുമെത്തി. 14 തുഴവള്ളത്തിൽ ചെമ്പുംപുറം മാലിയിലാണു വിജയി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..