ആലപ്പുഴ : ഡീസൽക്ഷാമത്തെത്തുടർന്ന് ഞായറാഴ്ച കെ.എസ്.ആർ.ടി.സി. സർവീസുകൾ കൂടുതലായി റദ്ദാക്കി. ആലപ്പുഴ ഡിപ്പോയിൽ 10 ലോക്കൽ ബസുകളാണ് റദ്ദാക്കിയത്. ദേശീയപാതവഴിയുള്ള സർവീസുകളാണ് കൂടുതലായും റദ്ദാക്കിയത്. സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ മുടക്കംകൂടാതെ സർവീസ് നടത്തിയെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു.
ചേർത്തല ഡിപ്പോയിൽനിന്ന് 19 സർവീസുകളാണ് റദ്ദാക്കിയത്. രണ്ടു സൂപ്പർ ഫാസ്റ്റുകൾ, അഞ്ചു ഫാസ്റ്റ് പാസഞ്ചറുകൾ, 12 ഓർഡിറനി സർവീസുകൾ എന്നിവയാണ് റദ്ദാക്കിയത്. ചെങ്ങന്നൂർ ഡിപ്പോയിൽ 35 സർവീസുകളിൽ 18 എണ്ണം മാത്രമാണ് സർവീസ് നടത്തിയത്. ഓർഡിനറിക്കു പുറമേ അഞ്ചു ഫാസ്റ്റുകളടക്കം സർവീസ് നടത്തിയില്ല. തിങ്കളാഴ്ച മുഴുവൻ സർവീസുകളും ഓടിക്കുമെന്ന് അധികൃതർ പറഞ്ഞു. കായംകുളം ഡിപ്പോ 41 സർവീസുകളാണ് സാധാരണ നടത്താറുള്ളത്. ഞായറാഴ്ച 28 സർവീസുകൾ മാത്രമാണ് ഓടിയത്.
ചൊവ്വാഴ്ചയോടെ ഡീസൽക്ഷാമം പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്. മാവേലിക്കര, ഹരിപ്പാട് എന്നിവിടങ്ങളിൽ ഡീസൽക്ഷാമം ബാധിച്ചിട്ടില്ല. ആലപ്പുഴ-മുഹമ്മവഴി കോട്ടയത്തേക്ക് കൂടുതൽ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും ഞായറാഴ്ച കാര്യമായ സർവീസ് ഉണ്ടായിരുന്നില്ല. ഒൻപതു സർവീസ് അധികമായി ഈ റൂട്ടിലോടിക്കുെമന്ന് ആലപ്പുഴ ഡിപ്പോ അറിയിച്ചിരുന്നെങ്കിലും ഇതു വിശ്വസിച്ച് യാത്രചെയ്യാനെത്തിയവർ ബുദ്ധിമുട്ടിലായി.
ആലപ്പുഴ-മൂന്നാർ ടി.ടി. ഇന്നുമുതൽ പുനരാരംഭിച്ചേക്കും
: കെ.എസ്.ആർ.ടി.സി.യുടെ ആലപ്പുഴ-മൂന്നാർ ടി.ടി. സർവീസ് തിങ്കളാഴ്ചമുതൽ പുനരാരംഭിച്ചേക്കും. വരുമാനക്കുറവിനെത്തുടർന്നാണ് ഈ സർവീസ് റദ്ദാക്കിയതെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. ദിവസേന കുറെയധികംപേർ ഈ ബസിനെ ആശ്രയിച്ചുമാത്രമാണ് ജോലിക്കും മറ്റു കാര്യങ്ങൾക്കുമായി യാത്രചെയ്യുന്നത്. ഒരു മുന്നറിയിപ്പും കൂടാതെയാണ് ബസ് നിർത്തിയത്. ബസ് നിർത്തിയതിനെത്തുടർന്ന് വകുപ്പുമന്ത്രിക്കുൾപ്പെടെ യാത്രക്കാർ പരാതി നൽകിയിരുന്നു.
ഡീസൽക്ഷാമംമൂലം വരുമാനമില്ലാത്ത സർവീസുകൾ നിർത്തലാക്കിയതിന്റെ ഭാഗമായാണ് ഈ സർവീസ് റദ്ദാക്കിയതെന്ന് അധികൃതർ പറഞ്ഞതായി യാത്രക്കാർ പറയുന്നു. മൂവാറ്റുപുഴ, കോതമംഗലം, അടിമാലി ഭാഗങ്ങളിൽ ആലപ്പുഴയിൽനിന്ന് സ്ഥിരം പോയി, ഇതേ ബസിൽ ആലപ്പുഴയ്ക്കു മടങ്ങിയെത്തുന്നവരാണ് യാത്രക്കാരിലധികവും. ഈ ബസില്ലെങ്കിൽ നേരിട്ട് ആലപ്പുഴയിൽനിന്ന് ഈ മേഖലയിലേക്കു പോകാൻ വേറെ മാർഗമില്ല. ബസ് തിങ്കളാഴ്ചമുതൽ ആരംഭിക്കുമെന്ന് ആലപ്പുഴ എ.ടി.ഒ.യും അറിയിച്ചിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..