Caption
ഹരിപ്പാട് : ഹരിപ്പാട്ടെ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലേക്ക് ഓർഡിനറി ബസുകൾ ജൂലായ് 26 മുതൽ കടത്തിവിടുമെന്ന ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രഖ്യാപനം നടപ്പായില്ല. ഡിപ്പോയുടെ തെക്കുഭാഗത്തുനിന്ന് ദേശീയപാതയിലെത്തുന്നതിനുള്ള പുതിയവഴി ഗതാഗതയോഗ്യമാക്കാൻ വൈകിയതിനാലാണ് ഓർഡിനറി ഉൾപ്പെടെ എല്ലാ ബസുകളും സ്റ്റേഷനു പുറത്തുനിർത്തിയിരുന്നത്. ഇത് അവസാനിപ്പിക്കുന്നതിനായി പുതിയ വഴി ഗതാഗതയോഗ്യമാക്കി.
ഇതിനുശേഷം ഡിപ്പോയു മായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു ചേർന്ന ഉന്നതതല യോഗത്തിൽ രമേശ് ചെന്നിത്തല എം.എൽ.എ.യുടെ പരാതി പരിഗണിച്ചാണ് ഓർഡിനറി ബസുകൾ ഡിപ്പോയിൽ പ്രവേശിച്ചുതുടങ്ങുന്നതിനുള്ള തീയതി മന്ത്രി പ്രഖ്യാപിച്ചത്. ബസ് കടത്തിവിട്ട് പരീക്ഷണം നടത്തിയെങ്കിലും യാത്രക്കാർ ഇപ്പോഴും റോഡിലാണ് കാത്തുനിൽക്കുന്നത്. ഹരിപ്പാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്ന് യാത്രക്കാരെ പടിയിറക്കിയിട്ട് എട്ടുവർഷമാകുന്നു. നിലവിലുണ്ടായിരുന്ന കെട്ടിടം വാണിജ്യസമുച്ചയം നിർമിക്കുന്നതിനായി 2014-ലാണ് പൊളിച്ചത്.
അന്നുമുതൽ ബസ് സ്റ്റേഷനു മുന്നിൽ ദേശീയപാതയിൽ യാത്രക്കാർ വെയിലും മഴയുമേറ്റു നിൽക്കേണ്ട സ്ഥിതിയാണ്.
കെട്ടിടം പൊളിച്ച് വാണിജ്യസമുച്ചയം നിർമിക്കാൻ തുടങ്ങിയതോടെ സ്റ്റേഷനുള്ളിലേക്ക് ബസുകൾ കയറിയിറങ്ങാവുന്നവിധത്തിൽ വീതിയുള്ള വഴിയില്ലാതായി. ഇതിനുശേഷമാണ് തെക്കുഭാഗത്ത് സ്ഥലമേറ്റെടുത്ത് പുതിയ വഴി നിർമിച്ചത്.
യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്നവിധത്തിലെ വിശാലമായ കാത്തിരിപ്പുകേന്ദ്രമുണ്ട്. ഇതിലിപ്പോൾ ജീവനക്കാരുടെ വാഹനങ്ങൾ സൂക്ഷിക്കുകയാണ്. ഓർഡിനറി ബസുകൾ സ്റ്റേഷനുള്ളിലേക്കു കയറ്റുന്നതോടെ യാത്രക്കാർക്ക് ഇവിടെ സുരക്ഷിതമായി നിൽക്കാൻ കഴിയും.
ഈ സൗകര്യമാണ് അധികൃതർ നിഷേധിക്കുന്നത്. ബസ് സ്റ്റേഷനുള്ളിലെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുകയാണ്.
ദേശീയപാതയോരത്ത് കെ.എസ്.ആർ.ടി.സി. ബസുകൾക്കൊപ്പം സ്വകാര്യ ബസുകളും നിർത്താറുണ്ട്. ഇത് ഗതാഗതത്തിരക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. ഇതുസംബന്ധിച്ച് കെ.എസ്.ആർ.ടി.സി. അധികൃതർക്ക് നിരവധി പരാതികളാണു ലഭിച്ചിട്ടുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..