ജവാന് അന്ത്യാഭിവാദ്യമർപ്പിക്കാൻ ജനം ഒഴുകിയെത്തി


• ബിജുവിന്റെ മൃതദേഹത്തിൽ മകൾ അപർണ അന്ത്യോപചാരംഅർപ്പിക്കുന്നു

ചെട്ടികുളങ്ങര : നാടിന്റെ പ്രിയപുത്രൻ ധീരജവാൻ ബിജുവിന്റെ ഭൗതികശരീരം ഒരുനോക്കുകാണാൻ ജനം ഒഴുകിയെത്തി. നാട്ടിൽ അത്ര വലിയ സുഹൃദ്‌ബന്ധത്തിനുടമയായിരുന്നു ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിൽ മരണമടഞ്ഞ ജവാൻ ബി. ബിജു.

മൃതദേഹം ഞായറാഴ്ച രാവിലെ 11 മണിയോടെ എത്തുമെന്ന പ്രതീക്ഷയിൽ ചെട്ടികുളങ്ങരയിലെ പാതയോരങ്ങളിലും ചെട്ടികുളങ്ങര സ്കൂൾ അങ്കണത്തിലും നൂറുകണക്കിനു നാട്ടുകാർ കാത്തുനിന്നിരുന്നു. ഒരുമണിക്കൂർ വൈകി 12 മണിയോടെ മൃതദേഹം ചെട്ടികുളങ്ങര സ്കൂളിലെത്തിയപ്പോൾ നാട്ടുകാർ ഭാരതമാതാവിനു ജയ്‌വിളിച്ച് പ്രിയജവാന് അഭിവാദ്യമർപ്പിച്ചു.

സോൾജ്യേഴ്സ് ഓഫ് ഈസ്റ്റ് വെനീസിന്റെ നേതൃത്വത്തിൽ നിരവധി വാഹനങ്ങൾ മൃതദേഹത്തിന് അകമ്പടിയായി. സ്കൂളിലെ പൊതുദർശനത്തിനുശേഷം ബിജുവിന്റെ ഭവനത്തിലേക്ക്‌ ദേശീയപതാകയിൽ പൊതിഞ്ഞ ഭൗതികശരീരമെത്തിയപ്പോഴേക്കും എങ്ങും പൊട്ടിക്കരച്ചിൽ മാത്രം.

പ്രിയപ്പെട്ടവരുടെ അന്ത്യാഞ്ജലികൾക്കും സമൂഹപ്രാർഥനയ്ക്കുംശേഷം ഉത്തരാഖണ്ഡിൽനിന്ന്‌ മൃതദേഹത്തെ അകമ്പടിസേവിച്ച ബിജുവിന്റെ സഹപ്രവർത്തകൻ പത്തിയൂർ സ്വദേശി ജയചന്ദ്രൻ ദേശീയപതാക ധീരജവാന്റെ പത്നി രഞ്ജിനിക്കു കൈമാറി. ബ്യൂഗിൾ വായിച്ചും ആചാരവെടി മുഴക്കിയും പോലീസ് സേനാംഗങ്ങൾ അന്ത്യാഭിവാദ്യമർപ്പിച്ചു. തുടർന്ന് മതപരമായ സംസ്കാരച്ചടങ്ങുകൾ നടന്നു.

എം.പി.മാരായ കൊടിക്കുന്നിൽ സുരേഷ്, എ.എം. ആരിഫ്, എം.എസ്. അരുൺകുമാർ എം.എൽ.എ., കളക്ടർ കൃഷ്ണതേജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ്‌, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുധാകരക്കുറുപ്പ്, നഗരസഭാ ചെയർമാൻ കെ.വി. ശ്രീകുമാർ, ഡി.സി.സി.പ്രസിഡൻറ് ബി. ബാബുപ്രസാദ്, ബി.ജെ.പി. ജില്ലാ പ്രസിഡൻറ് എം.വി. ഗോപകുമാർ, ജനതാദൾ സംസ്ഥാന സെക്രട്ടറി ജേക്കബ് ഉമ്മൻ, സി.പി.എം. ഏരിയ സെക്രട്ടറി കെ. മധുസൂദനൻ, ജില്ലാ സെക്രട്ടേറിയറ്റംഗം ജി. ഹരിശങ്കർ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..