രാത്രി ബസില്ല : ചേർത്തല-അരൂക്കുറ്റി റൂട്ടിൽ ജനം വലയുന്നു


Caption

പൂച്ചാക്കൽ : ചേർത്തല-അരൂക്കുറ്റി റൂട്ടിൽ രാത്രി യാത്രാദുരിതം. സ്വകാര്യ ബസുകൾ സന്ധ്യയാകുന്നതോടെ ഓട്ടം നിർത്തുന്നതാണ് പ്രതിസന്ധിയാകുന്നത്. കെ.എസ്.ആർ.ടി.സി. ബസുകൾ പകലും രാത്രിയിലും റൂട്ടിനെ കൈവെടിഞ്ഞതോടെ ജനം ദുരിതത്തിലായി. വിഷയത്തിൽ ജനപ്രതിനിധികൾ ഇടപെടുന്നില്ലെന്ന ആക്ഷേപവുമുണ്ട്. 25 കിലോമീറ്ററുള്ള ചേർത്തല-അരൂക്കുറ്റി റൂട്ട് ദേശീയപാത കഴിഞ്ഞാൽ ചേർത്തല താലൂക്കിലെ പ്രധാനപ്പെട്ട റൂട്ടുകളിലൊന്നാണെങ്കിലും അർഹിക്കുന്ന പരിഗണന കിട്ടുന്നില്ലെന്നു നാട്ടുകാർ പറയുന്നു.

കെ.എസ്.ആർ.ടി.സി.യും കൈവിട്ടു

കെ.എസ്.ആർ.ടി.സി. ബസായിരുന്നു രാത്രികാലങ്ങളിൽ റൂട്ടിലെ ആശ്രയം. ചേർത്തലയിൽനിന്ന് അരൂക്കുറ്റിയിലേക്കു രാത്രി 10-നായിരുന്നു അവസാന സർവീസ്. അതിനുമുൻപായി പൂച്ചാക്കലിലേക്കും അരൂക്കുറ്റിയിലേക്കും ഓരോ സർവീസുമുണ്ടായിരുന്നു. കോവിഡ് കാലഘട്ടത്തിൽ നിലച്ച ഈ ട്രിപ്പുകൾ പുനഃസ്ഥാപിച്ചിട്ടില്ല.

രോഗികളും വലയുന്നു

രാത്രികാലങ്ങളിൽ ചേർത്തലയുടെ വടക്കൻമേഖലകളിൽനിന്നു തെക്കോട്ടേക്കു ബസ് സർവീസുണ്ടെങ്കിലും ചേർത്തലയിൽനിന്ന് അരൂക്കുറ്റി ഭാഗത്തേക്കുള്ള യാത്രക്കാരാണ് ബസ് മുടക്കം കാരണം നിത്യേന വലയുന്നത്. വണ്ടാനം മെഡിക്കൽ കോളേജ്, ചേർത്തല താലൂക്ക് ആശുപത്രി തുടങ്ങിയയിടങ്ങളിൽപ്പോയി വൈകീട്ട് ആറിനുശേഷമെത്തുന്നവർക്കു ചേർത്തലയിൽനിന്നു വീട്ടിലെത്താൻ ഓട്ടോറിക്ഷയാണാശ്രയം. ബസിൽ 50 രൂപ കൊടുക്കേണ്ടയിടത്തു വലിയ തുക മുടക്കിയാണ് ഇവർ വീടുകളിലെത്തുന്നത്.

സ്വകാര്യ ബസുകൾ പാതിവഴിവരെ

വൈകീട്ട് 5.30-നുശേഷം ചേർത്തലയിൽനിന്നു അരൂക്കുറ്റിക്കും അരൂരിനും വൈറ്റിലയ്ക്കും സർവീസ് നടത്തേണ്ട ഭൂരിഭാഗം ബസുകളും സ്റ്റാൻഡിൽ ബസ് പാർക്കുചെയ്യുമ്പോൾത്തന്നെ പള്ളിപ്പുറം വരെ, പൂച്ചാക്കൽ വരെ എന്നൊക്കെപ്പറഞ്ഞാണ് യാത്രക്കാരെ കയറ്റുന്നത്. ട്രിപ്പ് മുടക്കവും പാതിവഴിവരെയുള്ള യാത്രയും പതിവായതോടെ യാത്രക്കാർ വീട്ടിലെത്താൻ മറ്റുമാർഗങ്ങൾ തേടുകയാണ്.

കോവിഡിനുമുൻപ്‌ രാത്രി 8.10 വരെ ചേർത്തല പ്രൈവറ്റ് സ്റ്റാൻഡിൽനിന്ന് അരൂക്കുറ്റി വരെ ബസ് സർവീസുണ്ടായിരുന്നു. ജനപ്രതിനിധികൾ വിഷയത്തിൽ ഇടപെടണമെന്നതാണു ജനങ്ങളുടെയാവശ്യം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..