ലങ്കാലക്ഷ്മിയുടെ മുക്തി


രാമകഥാസാരം

Caption

പൂർവനിയുക്തമെന്ന രീതിയിലാണ് ഈ പരാക്രമിയായ വാനരൻ തന്നോടെതിരിടുന്നത്; ലങ്കാലക്ഷ്മി

അടുത്ത ക്ഷണമാണ് ഓർക്കുക, തന്റെ ശാപമോക്ഷത്തിന്റെ വേള സമാഗതമായെന്ന്:

‘ഒരു കപിയൊടൊരു ദിവസമടി ത്ധടിതി കൊൾകിൽ നീ-

യോടി വാങ്ങിക്കൊള്ളുകെന്ന് വിരിഞ്ചനും

കരുണയൊടുഗതകപടമായ് നിയോഗിക്കയാൽ

കാത്തിരുന്നേനിവിടം പല കാലവും’

സീതാദേവിയെ ലങ്കാപുരിയിൽ എവിടെയാണ് പാർപ്പിച്ചിരിക്കുന്നതെന്ന സൂചനയും നൽകി ലങ്കാലക്ഷ്മി തന്റെ മുക്തിതേടി പോവുകയാണ്. കുസുമഫലസഹിതമായ ശിംശപാവൃക്ഷച്ചുവട്ടിൽ രാക്ഷസികളുടെ പരിചരണത്തിലാണ് സീതാദേവി വാഴുന്നത്, കഴിവതും വേഗം അവളെ സന്ദർശിക്കുക. അനിവാര്യമായതെന്തോ അതു സംഭവിക്കുകതന്നെ ചെയ്യും. സൂക്ഷ്മശരീരിയായി ലങ്കാപുരിയിൽ കടന്ന ഹനുമാൻ അതിന്റെ പ്രൗഢി കണ്ട്, ലങ്കാലക്ഷ്മി നൽകിയ സൂചനകൾ ഒരു ഞൊടി വിസ്മരിക്കുകയാണ്.

രാവണന്റെ മാളികയിലാവും സീതാദേവിയെന്ന് വ്യാമോഹിച്ച് അവിടെല്ലാം അന്വേഷിച്ച് വശംകെടുമ്പോഴാണ്, ഉദ്യാനത്തിന്റെയും ശിംശപാവൃക്ഷത്തിന്റെയും അടയാളങ്ങൾ ലങ്കാലക്ഷ്മി പറഞ്ഞുതന്നത് ഓർമിക്കുക. ഉത്തുംഗമായ സൗധങ്ങളിലൊന്നല്ല സീതാദേവിയുടെ പാർപ്പിടം. മറിച്ച്, അവരുടെ ലാളിത്യത്തിന് തികച്ചും യോജ്യമായി ഒരു വൃക്ഷച്ചുവടാണ് ആവാസമായി നൽകപ്പെട്ടത്. ഏറ്റവും ഉന്നതമായ ശിംശപാ വൃക്ഷത്തിന്റെ ചുവടുതന്നെയാണ് സീതാദേവിക്ക് തല്പമായി ചമഞ്ഞത്. കാറ്റാണ് അവിടേക്കു നയിച്ചതെന്ന ഒരു കാവ്യാത്മകപദമുണ്ട് ഇവിടെ. അത്രയും വൃക്ഷങ്ങൾക്കിടയിൽ കൃത്യമായി ഇവിടേക്ക്‌ ആഞ്ജനേയനെ എത്തിച്ചത് സുഗന്ധവാഹിയായ കാറ്റാണ്. അവിടത്തെ വൃക്ഷങ്ങളുടെ സമൃദ്ധി നമുക്ക് സങ്കല്പിക്കാവുന്നതേയുള്ളൂ.

ത്രിലോകങ്ങളിലെ സൗന്ദര്യവസ്തുക്കളിൽ വൃക്ഷങ്ങളും പൂക്കളും ഉൾപ്പെട്ടിരുന്നു എന്നത് രാവണന്റെ ലാവണ്യസങ്കല്പത്തിന്റെ മാറ്റാണ്. രാവണന്റെ പുറപ്പാടു വേളയാണ് മാരുതി ഇനിമേൽ ദർശിക്കുക. അദ്‌ഭുതശൃംഗാര വേഷമെന്നാണ് ഇവിടെ നാം വായിക്കുക. നിശ്ചയമായും ആ ശൃംഗാരം വിടന്റേതല്ല. മാത്രമോ, ഈ വരികളിലൂടെ കടന്നു പോവുമ്പോൾ രാവണന്റെ ആത്മവിശകലനത്വരയല്ലേ മിടിക്കുന്നതെന്നു കൂടി തോന്നാം. ഒരു മനുഷ്യസ്ത്രീ ഹേതുവാകും തന്റെ അന്ത്യമെന്ന പ്രാചീനമായ ഒരു ശാപത്തിന് അനുകൂലമായാണ് രാവണൻ തന്റെ ജീവിതം നയിക്കുന്നതെന്നത് അതിവാക്കല്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..