ബൈക്ക് യാത്രക്കാരനിൽനിന്ന് നാട്ടുകാർ രണ്ടുകിലോ കഞ്ചാവു പിടിച്ചു


സംഭവത്തിൽ കഞ്ചാവു കച്ചവടക്കാരായ മൂന്നുപേർ കൂടി പിടിയിൽ പിടിയിലായത് സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി നിർത്താതെ പോയപ്പോൾ

വള്ളികുന്നം : സ്കൂട്ടർ യാത്രക്കാരിയായ യുവതിയെ ഇടിച്ചിട്ടു നിർത്താതെപോയ ബൈക്ക് യാത്രക്കാരനിൽനിന്ന് നാട്ടുകാർ പിടികൂടിയത് രണ്ടുകിലോ കഞ്ചാവ്. പത്തനംതിട്ട റാന്നി വടക്കേടത്തുവീട്ടിൽ അതുലിനെ(27)യാണ് കഞ്ചാവുമായി നാട്ടുകാർ പിടികൂടി പോലീസിനു കൈമാറിയത്. കഞ്ചാവുമായിവന്ന അതുലിനു പിന്നിൽ മറ്റൊരുബൈക്കിൽ സുഹൃത്ത് പിൻതുടർന്നിരുന്നു.

അതുൽ പിടിയിലായപ്പോൾ ഇയാൾ നിർത്താതെ ബൈക്ക് ഓടിച്ചുപോവുകയായിരുന്നു. അതുലിന്റെ സുഹൃത്തും കൂട്ടുപ്രതിയുമായ ഏഴംകുളം പറക്കോട് സുബിൻഭവനിൽ വിപിൻ(30), ഇവർക്ക് കഞ്ചാവുനൽകിയ വള്ളികുന്നം കടുവിനാൽ മേനി മെമ്മോറിയൽ കോളനിയിൽ കൊച്ചുവിള പടീറ്റതിൽ രഞ്ജിനിഭവനിൽ നസീർ എന്നുവിളിക്കുന്ന മുനീർ(33), കരുനാഗപ്പള്ളി ആദിനാട് വിഷ്ണുഭവനിൽ ഉണ്ണി എന്നുവിളിക്കുന്ന വിഷ്ണു(35) എന്നിവരെയും പിന്നീട് പോലീസ് അറസ്റ്റുചെയ്തു.അതുലിനെ ചോദ്യംചെയ്തപ്പോൾ കിട്ടിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വള്ളികുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എം. ഇഗ്നേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘം മൂവരെയും പിടികൂടിയത്.

മൂന്നാംകുറ്റി-കട്ടച്ചിറ റോഡിൽ തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണു സംഭവം. പിടിയാലായ മുനീറും വിഷ്ണുവും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളും മേഖലയിലെ കഞ്ചാവിന്റെ മൊത്തക്കച്ചവടക്കാരുമാണെന്ന് പോലീസ് പറഞ്ഞു. യുവതിയെ ഇടിച്ചുവീഴ്ത്തിയശേഷം നിർത്താതെ ബൈക്ക് ഓടിച്ചുപോയ ഇയാൾ കാറിലിടിച്ചു റോഡിൽ വീണു.

സ്കൂട്ടർ യാത്രക്കാരി പിൻതുടരുന്നുണ്ടോയെന്നു തിരിഞ്ഞുനോക്കുന്നതിനിടയിലാണ് ഇയാൾ സഞ്ചരിച്ച ബൈക്ക് കാറിലിടിച്ചത്. അപകടകരമായി തെറ്റായദിശയിൽ ബൈക്കുവരുന്നതുകണ്ട് റോഡരികിൽ ഒതുക്കിനിർത്തിയ കാറിലേക്ക് ബൈക്കിടിക്കുകയായിരുന്നു.

അപകടത്തിനിടെ ഇയാളുടെ ബൈക്കിലുണ്ടായിരുന്ന കഞ്ചാവുപൊതി റോഡിൽവീണു. ഇതുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അതുവഴി ബൈക്കിലെത്തിയ മറ്റൊരുയുവാവും നാട്ടുകാരുംചേർന്ന് ഇയാളെ ഓടിച്ചിട്ടുപിടികൂടി വള്ളികുന്നം പോലീസിനു കൈമാറുകയായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..