സുനിൽകുമാറിന്റെ കാരുണ്യത്തിൽ അങ്കണവാടിക്ക് ഒൻപതര സെന്റ് സ്ഥലം സ്വന്തം


വള്ളികുന്നം : ഇരുപത്തിനാലു വർഷമായി വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന മലമേൽച്ചന്ത വാർഡിലെ കടുവിനാൽ 129-ാം നമ്പർ അങ്കണവാടിക്കു സുനിൽകുമാറിന്റെ കാരുണ്യത്തിൽ ഒൻപതര സെന്റ് സ്ഥലം സ്വന്തമായി. ഇതിൽ ആറേകാൽ സെന്റ് കെട്ടിടത്തിനും മൂന്നേകാൽ സെന്റ് വഴിക്കുമാണ് നൽകിയത്.

സൗദിയിൽ എൻജിനിയറായ വള്ളികുന്നം കടുവിനാൽ ശാലീനയിൽ ജി. സുനിൽകുമാറാണ് അങ്കണവാടിക്കു കെട്ടിടം പണിയാൻ സൗജന്യമായി ഭൂമി നൽകിയത്. ഇദ്ദേഹത്തിന്റെ അച്ഛൻ പരേതനായ ഗോപിനാഥൻപിള്ളയുടെയും അമ്മയും ചത്തിയറ വി.എച്ച്.എസ്.എസിലെ അധ്യാപികയുമായിരുന്ന പരേതയായ കെ. രാജമ്മയുടെയും സ്മരണയ്ക്കായാണിത്.1998-ൽ തുടങ്ങിയ അങ്കണവാടിക്കു സ്വന്തമായി സ്ഥലമില്ലാത്തതിനാൽ കെട്ടിടം പണിയാൻ കഴിഞ്ഞിരുന്നില്ല. നിലവിൽ 16 കുട്ടികളാണു പഠിക്കുന്നത്. ജനപ്രതിനിധികളും അങ്കണവാടി പ്രവർത്തകരും അങ്കണവാടിക്കു സ്വന്തംസ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.

പഞ്ചായത്തംഗം ബി. രാജലക്ഷ്മി വിദേശത്തായിരുന്ന സുനിൽകുമാറിനെ ഒരുമാസം മുമ്പ് ഫോണിൽ ബന്ധപ്പെട്ട് അങ്കണവാടി സമീപവാർഡിലേക്കു മാറ്റേണ്ടിവന്ന വിവരം അറിയിച്ചു.

തുടർച്ചയായുള്ള മാറ്റങ്ങളുണ്ടാക്കുന്ന ബുദ്ധിമുട്ടു പറയുകയും മൂന്നു സെന്റ് ഭൂമി സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതുകേട്ട സുനിൽകുമാർ വീടിനു സമീപമുള്ള വസ്തു സൗജന്യമായി നൽകാനുള്ള സന്നദ്ധത അറിയിച്ചു.

നാട്ടിലെത്തി ഭൂമി പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലെഴുതി ആധാരം പഞ്ചായത്തംഗം ബി. രാജലക്ഷ്മിക്കു കൈമാറി. പഞ്ചായത്ത് മുൻ അംഗം എം. രവീന്ദ്രൻപിള്ള, പഞ്ചായത്ത് സെക്രട്ടറി എസ്. പ്രദീപ്, ചന്ദ്രശേഖരപിള്ള, മോഹനകുമാരപിള്ള, രാജേന്ദ്രൻനായർ, ശിവൻകുട്ടിനായർ, പ്രസാദ്, ദിവാകരക്കുറുപ്പ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..