വള്ളികുന്നം : അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലയ്ക്കെതിരേ പരാതി നൽകാൻ പ്രേരിപ്പിച്ചെന്നാരോപിച്ച് വള്ളികുന്നം പഞ്ചായത്തിലെ താത്‌കാലിക ഡ്രൈവർക്കു മർദനം. സി.പി.എം. വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയംഗവും എൽ.എസ്.ജി.ഡി. ഡ്രൈവേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റുമായ തെക്കേമുറി പ്ലാമൂട്ടിൽ താഹിറി(41)നാണ് മർദനമേറ്റത്.
ഇയാളെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി എട്ടരയോടെ കാഞ്ഞിപ്പുഴ വലിയകുളത്തിനു സമീപമായിരുന്നു സംഭവം. ഇറച്ചിവ്യാപാരി ജലീലിന്റെ മകൻ ജസീലാണ് ചവിട്ടിവീഴ്ത്തിയശേഷം തടിക്കഷണം കൊണ്ട് മർദിച്ചതെന്ന് താഹിർ മൊഴിനൽകിയതായി വള്ളികുന്നം പോലീസ് പറഞ്ഞു. പ്രതിക്കെതിരേ വധശ്രമത്തിനു പോലീസ് കേസെടുത്തു.
കശാപ്പുശാലയിൽനിന്നുള്ള ഇറച്ചിമാലിന്യം സമീപത്തുള്ള പറമ്പിൽ തള്ളുന്നതിനെതിരേ പഞ്ചായത്തിൽ പരാതി നൽകുന്നതിനു പിന്നിൽ പ്രവർത്തിച്ചത് താഹിർ ആണെന്നാരോപിച്ച് നേരത്തേമുതൽ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടുമാസം മുൻപ് ഇറച്ചിവ്യാപാരി ജലീലിനെതിരേ പഞ്ചായത്ത് നടപടിയെടുക്കുകയും മാലിന്യം തള്ളാനുപയോഗിച്ച വാഹനം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
അറവുശാല പൊളിച്ചുനീക്കി
വള്ളികുന്നം : കാഞ്ഞിപ്പുഴ പള്ളിമുക്കിനു സമീപം അനധികൃതമായി പ്രവർത്തിച്ച അറവുശാല പോലീസിന്റെ സഹായത്തോടെ പഞ്ചായത്ത് അധികൃതർ പൊളിച്ചുനീക്കി. കാഞ്ഞിപ്പുഴ കൂനിന്റെ തെക്കതിൽ ജലീലിന്റെ ഉടമസ്ഥതയിൽ നാലുവർഷമായി പ്രവർത്തിച്ച അറവുശാലയാണ് പൊളിച്ചുനീക്കിയത്. പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ് നൽകിയെങ്കിലും അറവുശാല അടച്ചുപൂട്ടാനോ പൊളിച്ചുനീക്കാനോ ഉടമ തയ്യാറായില്ല. തുർന്നാണ് വള്ളികുന്നം പോലീസിന്റെ സഹായത്തോടെ അറവുശാല പൊളിച്ചുനീക്കിയത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..