പെരിങ്ങിലിപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം: സമൂഹവിരുദ്ധരുടെതാവളം


• പെരിങ്ങിലിപ്പുറം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഗേറ്റ്. ഇതുവഴിയാണ് സമൂഹവിരുദ്ധർ ഉള്ളിൽ പ്രവേശിക്കുന്നത്

ബുധനൂർ : ബുധനൂർ പഞ്ചായത്തിലെ പെരിങ്ങിലിപ്പുറം പ്രഥമികാരോഗ്യകേന്ദ്രം സമൂഹവിരുദ്ധരുടെ താവളമായി മാറുന്നതായി പരാതി. രാത്രികാലങ്ങളിൽ ഇവർ ആശുപത്രിക്കുള്ളിൽക്കടന്നു സിറിഞ്ചും മരുന്നും പണവും മറ്റും അപഹരിക്കുന്നതായും പരാതിയുണ്ട്. മയക്കുമരുന്നു സംഘമാണ് രാത്രിയിൽ ആശുപത്രിക്കുള്ളിൽ കടക്കുന്നതെന്ന് ആരോപണമുയർന്നിട്ടുണ്ട്.

ആശുപത്രി കെട്ടിടത്തിന്റെ നിർമാണത്തിലെ അപാകം സമൂഹവിരുദ്ധർക്ക് സൗകര്യമായിരിക്കുകയാണ്. കെട്ടിടത്തിന്റെ കിഴക്കുഭാഗത്ത് ഏഴടിയോളം ഉയരത്തിൽ കനംകുഞ്ഞ ഇരുമ്പുപട്ടകൊണ്ട് ഗേറ്റ് ഉണ്ടാക്കിയിട്ടുണ്ട്. ഏണിപോലെയാണ് ഈ ഗേറ്റിന്റെ നിർമിതി. ഇതിൽക്കൂടിയാണ് സമൂഹവിരുദ്ധർ കെട്ടിടത്തിനുള്ളിൽ പ്രവേശിക്കുന്നത്. നേരത്തെ ആശുപത്രിക്ക് മുമ്പിലുണ്ടായിരുന്ന ഗ്രില്ല്‌, കെട്ടിടം പരിഷ്‌കരിച്ചപ്പോൾ എടുത്തുകളഞ്ഞത് ഇക്കൂട്ടർക്ക് അകത്തേക്ക് പ്രവേശിക്കാൻ സൗകര്യമായി.ഏതാനും ദിവസങ്ങൾക്കുമുമ്പ് രാത്രിയിൽ ആശുപത്രിക്കുള്ളിൽ കയറിയവർ വലിയ നാശനഷ്ടവും വരുത്തിവെച്ചു. ആശുപത്രിയിലെ ഫയർഎക്സ്റ്റിഗ്വിഷർ താഴെയിട്ടു നശിപ്പിച്ചു. മുകളിലുള്ള ഓഫീസ് മുറി താക്കോലിട്ട് തുറന്നനിലയിലും ബെഞ്ചിൽ ബഡ്ഷീറ്റിട്ട് കിടന്നതിന്റെ ലക്ഷണങ്ങളും കാണപ്പെട്ടു. നഴ്‌സിങ്‌ അസിസ്റ്റന്റിന്റെ മുറിയിലെ മേശവലിപ്പിൽ വെച്ചിരുന്ന താക്കോൽ എടുത്തുകൊണ്ടുപോയാണ് മുകളിലത്തെ മുറി തുറന്നത്. കൂടാതെ ഇവിടെ നിന്നു സിറിഞ്ചുകളും നഷ്ടപ്പെട്ടിട്ടുണ്ട്.

പലതവണയായി ഒ.പി.ടിക്കറ്റ് ഇനത്തിൽ കിട്ടിയ 4,500-ഓളം രൂപ നഷ്ടപ്പെട്ടതായി പറയപ്പെടുന്നു. എന്നാൽ, ബന്ധപ്പെട്ട ജീവനക്കാർതന്നെ സ്വന്തം പണം ആശുപത്രിയിലടച്ച് തടിയൂരി. ആശുപത്രിയിലെ കംപ്യൂട്ടർ ഇവർ സ്ഥിരമായി ഉപയോഗിച്ചിരുന്നതായും അധികൃതർക്ക് സംശയമുണ്ട്.

നഴ്‌സിങ്‌ റൂമിൽ സിറിഞ്ച് ഉപയോഗിച്ചശേഷം കളഞ്ഞനിലയിൽ കണ്ടെത്തിയിരുന്നു. ഇവിടെ പ്രമേഹ രോഗികൾക്ക് പഞ്ചസാരയുടെ അളവു കുറഞ്ഞാൽ പെട്ടെന്ന് ഡ്രിപ്പ് ഇടുന്നതിനുള്ള രണ്ടോ മൂന്നോ ബോട്ടിൽ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഡോക്ടർ പറഞ്ഞു. പക്ഷേ, അകത്തുകയറുന്ന ഏതെങ്കിലും മയക്കുമരുന്നുസംഘം മരുന്നുകളിൽ മയക്കുമരുന്നു കുത്തിനിറച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകളിൽ ജനം ആശങ്കാകുലരാണ്. പ്രത്യേകിച്ച് എണ്ണയ്ക്കാട് മേഖലയിൽ മയക്കുമരുന്നു മാഫിയ സജീവമായ സാഹചര്യത്തിൽ.

ആശുപത്രിയിലെ സംഭവങ്ങൾ സംബന്ധിച്ച് മെഡിക്കൽ ഓഫീസർ ഡോ. ഷീജ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ഇത് ആഭ്യന്തരതർക്കം മാത്രമാണെന്നും മറ്റു ഗൗരവകരമായ കാര്യങ്ങളൊന്നുമില്ലെന്നുമാണ്‌ എസ്.ഐ. അഭിലാഷ് പറയുന്നത്. പരാതി നൽകാതിരിക്കാൻ ശക്തമായ രാഷ്ട്രീയ സമ്മർദം ഉണ്ടായി എന്നാണ് ഡോക്ടർ പറയുന്നത്‌.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..