മഴയത്തുമില്ല വെയിലത്തുമില്ല: തകഴിക്കാർക്കു കുടിവെള്ളം


പടഹാരം പള്ളിയുടെ പരിസരത്ത് ഒൻപതുമാസമായിട്ടും പ്രവർത്തിച്ചുതുടങ്ങാത്ത കുഴൽക്കിണർ

തകഴി : സർവത്രവെള്ളം, കുടിക്കാനൊരു തുള്ളിയില്ല എന്ന പല്ലവി കേട്ടുമടുത്തവരാണ് തകഴിക്കാർ. പമ്പയാറും കൈവഴികളും തഴുകിയൊഴുകുന്ന ഈ കുട്ടനാടൻ ഗ്രാമത്തിൽ കുടിവെള്ളപ്രശ്‌നത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ദിവസേന ഒരാൾക്ക് ശരാശരി 140 ലിറ്റർ വെള്ളം വേണ്ടിവരുമെന്നാണു ജലഅതോറിറ്റിയുടെ കണക്ക്. 25 ലിറ്റർപോലും നൽകാൻ തകഴിയിൽ നിലവിലുള്ള ജലവിതരണസംവിധാനങ്ങൾക്കാവുന്നില്ല.

തകരാറിലായ കുഴൽക്കിണർ; പൊട്ടിയൊലിക്കുന്ന പൈപ്പ്എഴുപതുകളിൽ എം.പി. ഗംഗാധരൻ മന്ത്രിയായിരുന്ന കാലത്തും അതിനുമുൻപുമായി ഇട്ട പൈപ്പിൽക്കൂടിയാണ് ഇപ്പോഴും പഞ്ചായത്തിലെ കുടിവെള്ളവിതരണം നടക്കുന്നത്. കാലപ്പഴക്കമേറിയ പൈപ്പ് പലയിടത്തും പൊട്ടിയൊലിക്കുകയാണ്. കുന്നുമ്മ, കേളമംഗലം, പടഹാരം, തകഴി യു.പി.എസ്., ആശുപത്രി പരിസരം എന്നീ കുഴൽക്കിണറുകളാണ് പ്രധാന ജലസ്രോതസ്സുകൾ. കുന്നുമ്മയിൽ പമ്പിങ്ങിന് ശേഷിക്കുറവാണ്.

പടഹാരത്ത് പാലം നിർമാണം തുടങ്ങിയപ്പോൾ കുഴൽക്കിണറിൽ നിന്നുള്ള വിതരണംമുടങ്ങി. പകരം പടഹാരം പള്ളിപ്പരിസരത്ത് പുതിയ കുഴൽക്കിണർ സ്ഥാപിച്ച് ഒൻപതുമാസമായിട്ടും ഷെഡുകെട്ടി മോട്ടോർ സ്ഥാപിച്ച് പമ്പിങ് തുടങ്ങാൻ ജലഅതോറിറ്റി തയ്യാറായിട്ടില്ല. തകഴി യു.പി. സ്‌കൂൾ പരിസരത്തെ കുഴൽക്കിണർ ആറുമാസമായി തകരാറിലാണ്.

പണിയായി ആലപ്പുഴ കുടിവെള്ളപദ്ധതി

ആലപ്പുഴ കുടിവെള്ളപദ്ധതിയുടെ പൈപ്പ് പൊട്ടുമ്പോഴെല്ലാം തകഴിക്കാർക്ക് കുടിവെള്ളം മുടങ്ങും.

പദ്ധതിയിൽ നിന്നു പഞ്ചായത്തിലേക്കു വെള്ളമെത്തുന്നില്ല. പക്ഷെ പൊട്ടുമ്പോഴെല്ലാം അറ്റകുറ്റപ്പണിക്കായി പഞ്ചായത്തിലെ കുടിവെള്ളവിതരണവും നിർത്തേണ്ടിവരും.

കരുമാടിയിൽ പദ്ധതിയുടെ ജലശുദ്ധീകരണശാലയ്ക്കു സമീപത്തായി തകഴിക്കാർക്കുവേണ്ടി ജലസംഭരണി സ്ഥാപിച്ചിരുന്നു. പാളത്തിനടിയിലൂടെ പൈപ്പിടാൻ റെയിൽവേ അനുവദിക്കാത്തതുമൂലം രണ്ടുവാർഡുകളിലെ ഏതാനും സ്ഥലങ്ങളിൽ മാത്രമാണ് ഇവിടെനിന്നു വെള്ളമെത്തുന്നത്.

പദ്ധതിയുണ്ട്; കടലാസിൽമാത്രം

കരുമാടിയിൽ കിഫ്ബിയിൽ നിന്ന്‌ ഒരുകോടി ചെലവിൽ ഒരു ജലസംഭരണികൂടി പണിത് പഞ്ചായത്തിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കാൻ രണ്ടുകൊല്ലം മുൻപ് ജലഅതോറിറ്റി പദ്ധതിയിട്ടിരുന്നു. കൂടാതെ 84 കിലോമീറ്ററിൽ പുതിയ പൈപ്പുസ്ഥാപിക്കാനും തീരുമാനിച്ചിരുന്നു. ഇതേവരെ ടെൻഡർ നടപടികൾപോലും ആരംഭിച്ചിട്ടില്ല. സ്ഥിതി അതീവഗുരുതരം

പഞ്ചായത്തിലെ കുടിവെള്ളപ്രശ്‌നം അതീവഗൗരവമേറിയതാണ്. ശാശ്വതപരിഹാരത്തിനായി മന്ത്രിക്ക് കത്തുനൽകിയിരുന്നെങ്കിലും നടപടികളുണ്ടായില്ല. പൈപ്പുലൈൻ നീട്ടുന്നതിന് പഞ്ചായത്ത് പലതവണ പണമടച്ചെങ്കിലും ജോലികൾ പൂർത്തിയാക്കിയതിന്റെ വിശദാംശങ്ങൾ ജലഅതോറിറ്റി തന്നിട്ടില്ല.

എസ്. അജയകുമാർ, പ്രസിഡന്റ്,

തകഴി ഗ്രാമപ്പഞ്ചായത്ത്

താമസം മാറേണ്ടിവന്നു

വർഷങ്ങളായി കുടിവെള്ളംകിട്ടാതെ സമീപപഞ്ചായത്തിലേക്ക്‌ താമസംമാറേണ്ടിവന്നു. കരുമാടിയിലെ ജലസംഭരണിയിൽ നിന്ന്‌ ജലവിതരണത്തിന് സംഘടകളുടെ കൂട്ടായ്മയിൽ നിരാഹാരമടക്കം നടത്തി. പഞ്ചായത്തുതിരഞ്ഞെടുപ്പുസമയത്ത് ഇവിടെനിന്നു വിതരണം ആരംഭിച്ചെങ്കിലും ഒരുവാർഡിൽമാത്രമാണു വെള്ളമെത്തുന്നത്.

കരുമാടി മോഹനൻ,

സാമൂഹികപ്രവർത്തകൻ

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..