ചാരുംമൂട് : കംബോഡിയയിൽ ജോലി വാഗ്ദാനംചെയ്തു മനുഷ്യക്കടത്തിനിരയാക്കിയ അഞ്ച് മലയാളി യുവാക്കൾ ഉൾപ്പെടെയുള്ള 14 ഇന്ത്യക്കാർ നാട്ടിൽ തിരികെയെത്തി.
നൂറനാട് പടനിലം പാലമേൽ സുദർശന സദനത്തിൽ രാഹുൽ സുദർശനൻ, കാസർകോട് സ്വദേശി ഉണ്ണിക്കണ്ണൻ, പാലക്കാട് സ്വദേശികളായ സുബിൻ, അഖിൽ, ഹരികൃഷ്ണൻ എന്നിവരാണു തിരിച്ചെത്തിയ മലയാളികൾ. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമുണ്ടായിരുന്നു.
ഇക്കഴിഞ്ഞ മേയിൽ ഡൽഹിയിൽ സജിമാത്യു എന്നയാൾ നടത്തുന്ന മാൻപവർ ഏജൻസി മുഖേനയാണ് പടനിലം സ്വദേശി രാഹുൽ കംബോഡിയിയിലേക്ക് പോയത്. ഒന്നര ലക്ഷം രൂപ ഏജന്റിന് കൊടുത്തത് ഉൾപ്പെടെ മൂന്നു ലക്ഷത്തോളം രൂപ ചെലവായി. റോസ് ഗാർഡൻസ് ഡവലപ്പ്മെന്റ് കമ്പനിയിൽ കംപ്യൂട്ടർ ഓപ്പറേറ്റർ ജോലിയെന്നു പറഞ്ഞാണ് കൊണ്ടുപോയത്. എന്നാൽ,ഇവരെ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി ഹാക്കിംഗ് അടക്കമുള്ള സൈബർ തട്ടിപ്പു നടത്താനാണ് ഉപയോഗിച്ചത്.
ഇവർക്ക് പരിചയമുള്ളവരെ ഗ്രൂപ്പുകളിൽ ചേർക്കണം.അവർ മറ്റുള്ളവരെ ഗ്രൂപ്പുകളിൽ ചേർത്ത് മണിചെയിൽ മോഡലിൽ പണം തട്ടിയെടുക്കുന്ന ജോലിയാണ് ചെയ്യിച്ചത്. ശമ്പളം കൈയിൽ കൊടുക്കില്ല.അവർ നൽകുന്ന അക്കൗണ്ടിൽ നിക്ഷേപിക്കണം.ദിവസവും 15 മണിക്കൂർ ജോലി ചെയ്യിക്കും.ജോലി ചെയ്യാൻ വിസമ്മതിക്കുന്നവരെ മർദ്ദിച്ച് അവശരാക്കുകയും പട്ടിണിക്കിടുകയും ചെയ്തു.
ഏജന്റ് ഇവരെ 4,000 ഡോളറിന് (ഏകദേശം 3.20 ലക്ഷം രൂപ) വിറ്റതാണെന്നും തുക തിരിച്ചു നൽകിയാൽ വിട്ടയക്കാമെന്നും കമ്പനിക്കാർ പറഞ്ഞു.വീട്ടിൽ നിന്നും പണം വരുത്തി നൽകാനും പറഞ്ഞു.പണം നൽകിയപ്പോൾ മറ്റൊരു കമ്പനിയിലേക്ക് ഇവരെ മാറ്റി. ഒരു മാസത്തോളം പുതിയ കമ്പനിയിൽ ജോലി ചെയ്തു. സ്ത്രീകളുടെ വ്യാജ പ്രൊഫൈലുണ്ടാക്കി ചാറ്റുചെയ്തു പ്രണയത്തിൽ കുടുക്കി പണം തട്ടാനായിരുന്നു നിർദേശം.വീട്ടുകാർ എംബസിലേക്കു പരാതി നൽകിയിട്ടുണെന്നറിഞ്ഞ് കമ്പനിക്കാർ ഉപദ്രവിക്കാൻ തുടങ്ങി.
ഇതിനിടെ പോലീസ് ഉദ്യോഗസ്ഥനെന്നു പരിചയപ്പെട്ടയാൾ എംബസിയിലേക്കെന്നു പറഞ്ഞു ഇവരെ എമിഗ്രേഷൻ ഓഫീസിലത്തിച്ചു.ഒരു മാസത്തോളം അവിടെക്കഴിഞ്ഞു.പിന്നീട് റെസ്ക്യു ക്യാമ്പിലേക്കുമാറ്റി. കുറേദിവസങ്ങൾക്കുശേഷം വിദേശമന്ത്രാലയത്തിന്റെ ഇപപെടലിൽ നാട്ടിലെത്തുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..