Caption
ചാരുംമൂട് : രണ്ടുവർഷമായി ശുചീകരണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടന്ന കല്ലട ജലസേചന കനാലിനും(കെ.ഐ.പി.) പമ്പ ജലസേചന കനാലിനും(പി.ഐ.പി.) ശാപമോക്ഷം. നൂറനാട്, ചുനക്കര, പാലമേൽ, താമരക്കുളം, വള്ളികുന്നം, തഴക്കര, തെക്കേക്കര പഞ്ചായത്തുകളിൽക്കൂടി കടന്നുപോകുന്ന കനാലുകൾ അടുത്തമാസം വൃത്തിയാക്കും. ജനുവരിയിൽ വെള്ളം തുറന്നുവിടുന്നതോടെ ഈപ്രദേശങ്ങളിലെ ജലക്ഷാമത്തിനു പരിഹാരമാകും.
എം.എസ്. അരുൺകുമാർ എം.എൽ.എ.യുടെ അധ്യക്ഷതയിൽ കളക്ടർ കൃഷ്ണതേജയും തദ്ദേശസമിതികളിലെ പ്രസിഡന്റുമാരും കെ.ഐ.പി., പി.ഐ.പി. ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിന്റേതാണ് തീരുമാനം. കാടുമൂടിയ കനാൽ വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ അപേക്ഷകൾ കളക്ടർക്കു കിട്ടിയതിന്റെ അടിസ്ഥാനത്തിലാണു യോഗം വിളിച്ചുചേർത്തത്.
ആദ്യഘട്ടത്തിൽ കെ.ഐ.പി., പി.ഐ.പി. വകുപ്പുകൾ അനുവദിക്കുന്ന തുകകൊണ്ടു കനാലുകൾ വൃത്തിയാക്കും. ബാക്കിവരുന്ന കനാൽഭാഗങ്ങൾ ഗ്രാമപ്പഞ്ചായത്തുകൾ തൊഴിലുറപ്പുപദ്ധതിയിൽ വൃത്തിയാക്കും. ഡിസംബറിൽ ശുചീകരണപ്രവർത്തനം നടത്തുന്നതിനും ജനുവരിയിൽ കനാൽ തുറക്കുന്നതിനുമാണ് തീരുമാനം. തൊഴിലുറപ്പു തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽദിനങ്ങൾ ലഭ്യമാക്കാൻ ഇതുവഴി കഴിയും.
ആവർത്തനസ്വഭാവമുള്ള ജോലികൾ തൊഴിലുറപ്പുപദ്ധതിൽ ചെയ്യാൻപാടില്ലെന്ന നിയമമുള്ളതിനാൽ കയർഭൂവസ്ത്രം ഉപയോഗിച്ച് കനാലുകളുടെ വശങ്ങൾ ബലപ്പെടുത്തുന്ന പ്രവൃത്തിയായാണു വൃത്തിയാക്കുന്നത്. മുൻവർഷങ്ങളിൽ കാടുപിടിച്ച കനാലിലാണ് വെള്ളം തുറന്നുവിട്ടിരുന്നത്.
അതിനാൽ മാസങ്ങൾ കഴിഞ്ഞാലും ലക്ഷ്യസ്ഥാനത്തേക്ക് വെള്ളം ഒഴുകിയെത്തിയിരുന്നില്ല. അത്രയേറെ പാഴ്‌മരങ്ങളും വള്ളിച്ചെടികളുമാണ് കനാലിനുള്ളിൽ വളർന്നുനിൽക്കുന്നത്. കനാലിന്റെ പലഭാഗത്തും ടൺകണക്കിനു മാലിന്യങ്ങളും നിറഞ്ഞുകിടക്കുകയാണ്.
കനാൽ നവീകരണത്തിന് 54 ലക്ഷം
ചാരുംമൂട് : കല്ലട, പമ്പ ജലസേചനപദ്ധതികളുടെ കനാലുകളിലൂടെയുള്ള ഒഴുക്ക് സുഗമമാക്കാനും കനാൽ നവീകരണത്തിനും 54 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയതായി എം.എസ്. അരുൺകുമാർ എം.എൽ.എ. പറഞ്ഞു. ചാരുംമൂട് ഭാഗത്തുനിന്നുതുടങ്ങി ചുനക്കര, തെക്കേക്കര പഞ്ചായത്തുകളിലൂടെയുള്ള കുറത്തികാട് ഡിസ്ട്രിബ്യൂട്ടറിയുടെ ചുനക്കര തെക്ക് വാർഡിലെ കനാൽ ചോർച്ച പരിഹരിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കും. ജലസേചനവകുപ്പാണ് കനാൽ അറ്റകുറ്റപ്പണികൾക്കുൾപ്പെടെ 54 ലക്ഷം രൂപ അനുവദിച്ചത്. ഇതിന്റെ ടെൻഡർ വിളിച്ചു കരാറായി.
കനാലുകളിൽ തടസ്സമില്ലാതെ ഒഴുക്ക് സാധ്യമാക്കുന്നതിനാവശ്യമായ സമഗ്രപദ്ധതി ജലസേചനവകുപ്പ് തയ്യാറാക്കി എത്രയുംവേഗം പഞ്ചായത്തുകൾക്കു നൽകും. കയർഭൂവസ്ത്രം ഉപയോഗിച്ച് കനാലുകളുടെ വശങ്ങൾ ബലപ്പെടുത്തുന്നതിനുള്ള പ്രവൃത്തികളുമാരംഭിക്കും.
ഇതിനുള്ള സ്ഥലങ്ങൾ ജലസേചനവകുപ്പ് കണ്ടെത്തി പഞ്ചായത്തുകളെ അറിയിക്കണം. ജി. സുനിൽകുമാർ, ഡോ. കെ. മോഹൻകുമാർ, ബി. വിനോദ്, കെ.ആർ. അനിൽകുമാർ, സ്വപ്നാ സുരേഷ്, ഷീബാ സതീഷ്, കെ.വി. ശ്രീകുമാർ, പി. കോമളൻ, ഷൈനി ലൂക്കോസ്, ശ്രീലക്ഷ്മി എന്നിവർ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..