വേലിയേറ്റം; കുട്ടനാട്ടിൽ രണ്ടിടത്തു മടവീണു, മറ്റു പാടങ്ങളും ഭീഷണിയിൽ


Caption

കുട്ടനാട് : ശക്തമായിത്തുടരുന്ന വേലിയേറ്റത്തിൽ കുട്ടനാട്ടിൽ രണ്ടിടത്തു മടവീണു. വെളിയനാട്ടാണ് രണ്ടു മടവീഴ്ചയുമുണ്ടായിരിക്കുന്നത്. തൈപ്പറമ്പ് തെക്ക് പാടശേഖരത്തിന്റെ പടിഞ്ഞാറുഭാഗം, കുന്നങ്കരി മോഴച്ചേരി മാറാൻതടം പാടം എന്നിവിടങ്ങളിലാണ് മടവീണത്. രണ്ടിടത്തും കർഷകർ മടകുത്തി.

470 ഏക്കർ വിസ്തൃതിയുള്ള തൈപ്പറമ്പ് തെക്ക് പാടശേഖരത്തിൽ 236 കർഷകർ ചേർന്നാണ് കൃഷിയിറക്കിയിരിക്കുന്നത്. 15 ദിവസം മുൻപാണ് ഇവിടെ വിതച്ചത്. പത്തേക്കർ വിസ്തൃതിയുള്ള കുന്നങ്കരി മോഴച്ചേരി മാറാൻതടം പാടശേഖരത്തിൽ വിത കഴിഞ്ഞ് ദിവസങ്ങൾമാത്രം പിന്നിട്ടപ്പോഴാണ് മടവീഴ്ച.

ശക്തമായ വെള്ളത്തിന്റെ തള്ളലിൽ പെട്ടിമട തള്ളിപ്പോകുകയായിരുന്നു. മോട്ടോർ ഉൾപ്പെടെ വെള്ളത്തിൽപ്പോയ നിലയിലാണ്. നാലാംദിവസവും വേലിയേറ്റം ശക്തമായി തുടരുകയാണ്. പുഞ്ചക്കൃഷിക്കു വിതച്ച്‌ ദിവസങ്ങൾമാത്രം പിന്നിട്ട പാടങ്ങളിൽ വെള്ളം കെട്ടിനിന്നു വിത നശിക്കുന്ന അവസ്ഥയാണ്. വേലിയേറ്റം ശക്തമായി തുടർന്നാൽ കൃഷി ഉപേക്ഷിക്കാൻ കർഷകർ നിർബന്ധിതരാകും.മടവീഴ്ച തടയാൻ കർഷകർ ചാക്കുകളിൽ മണ്ണുനിറച്ച് അടുക്കുന്നുണ്ട്. മേച്ചേരിവാക്ക, അഞ്ചുമനയ്ക്കൽ, ചേപ്പിലാക്ക, പെരുമാനിക്കരി വടക്കേത്തൊള്ളായിരം, ഇല്ലിമുറി തെക്കേത്തൊള്ളായിരം അടക്കമുള്ള പാടങ്ങൾ മടവീഴ്ചഭീഷണി നേരിടുന്നു. ഇവിടങ്ങളിൽ ബണ്ടുകവിഞ്ഞ് വെള്ളം കൃഷിയിടങ്ങളിൽ നിറയുന്നുണ്ട്.

വേലിയേറ്റത്തിനൊപ്പം കിഴക്കൻവെള്ളത്തിന്റെ വരവും ശക്തമാണ്. ജലനിരപ്പുയർന്നു നിൽക്കുന്നതിനാൽ പാടശേഖരങ്ങളിലെ മോട്ടോർ സുഗമമായി പ്രവർത്തിപ്പിക്കാൻ സാധിക്കുന്നില്ല. പമ്പിങ് നടത്തിയാൽ പെട്ടിമട തള്ളിപ്പോകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കർഷകർക്കു ലഭിച്ചിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..