ആലപ്പുഴ : കോമളപുരം സ്പിന്നിങ് ആൻഡ് വീവിങ് മില്ലിലെ ഹിതപരിശോധനയിൽ സി.ഐ.ടി.യു.വിനു വോട്ടു കുറഞ്ഞത് പരിശോധിക്കുമെന്ന് ടെക്സ്റ്റൈൽ മിൽ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) പ്രസിഡന്റ് സി.ബി. ചന്ദ്രബാബുവും ജനറൽ സെക്രട്ടറി പി. സബ്ജുവും പറഞ്ഞു. സ്പിന്നിങ്മില്ലിലെ ഹിതപരിശോധനയിൽ വോട്ടുചോർച്ചയുണ്ടായതു സംബന്ധിച്ച ‘മാതൃഭൂമി’ വാർത്തയോടു പ്രതികരിക്കുകയായിരുന്നു അവർ.
സി.ഐ.ടി.യു.വിൽ അംഗത്വമെടുത്ത കുറച്ചുപേർ ഹിതപരിശോധനയിൽ അവരെ അനുകൂലിച്ചില്ല. എന്തെങ്കിലും വിമർശനമുള്ളതിനാലോ തെറ്റിദ്ധാരണയുടെ പേരിലോ ആകാമിത്. യൂണിയന്റെ പ്രവർത്തനത്തിലെ പോരായ്മകൾ മനസ്സിലാക്കി പരിഹരിക്കും. എൽ.ഡി.എഫ്. സർക്കാരാണ് മിൽ ഏറ്റെടുത്ത് തുറന്നു പ്രവർത്തനമാരംഭിച്ചത്.
മിൽ തുറക്കുമ്പോൾ കേരള സ്പിന്നേഴ്സിലുണ്ടായിരുന്ന 134 പേരെയാണ് രണ്ടുഘട്ടമായി കമ്പനിയിൽ നിയമിച്ചത്. ഇതിൽ ഭൂരിപക്ഷവും എ.ഐ.ടി.യു.സി. യൂണിയനിലാണു ചേർന്നത്. പിന്നീട്, അപേക്ഷക്ഷണിച്ച് സർക്കാർനിയന്ത്രണത്തിലുള്ള സംസ്ഥാന പ്രൊഡക്ടിവിറ്റി കൗൺസിൽവഴി പരീക്ഷയും അഭിമുഖവും നടത്തിയാണ് 294 പേരെ ട്രെയിനിയായി നിയമിച്ചത്. ഈ ഘട്ടത്തിൽ നിയമനപ്പട്ടിക തയ്യാറാക്കുന്നതിൽ സി.പി.എമ്മിനോ സി.ഐ.ടി.യു വിനോ ഒരുപങ്കുമുണ്ടായിരുന്നില്ല.
കുറച്ചുവോട്ട് കുറഞ്ഞാൽ ഉടൻ ഞെട്ടൽവന്ന് സമനില വിടുന്നത് സി.ഐ.ടി.യു. വിന്റെ സ്വഭാവമല്ല. ഹിതപരിശോധനയിൽ ഒന്നാമതെത്തുമെന്ന് അവകാശപ്പെട്ടുനടന്നവരുടെ കാൽക്കീഴിലെ മണ്ണ് എവിടെപ്പോയി എന്ന് അന്വേഷിക്കുന്നതാവും ഉചിതം -സി.പി.എം. പരിഹസിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..