• റോഡരികിൽ വാഹനഗതാഗതത്തിനു തടസ്സമായിനിൽക്കുന്ന വൈദ്യുതിത്തൂണുകൾ
ആലപ്പുഴ : അത്യാഹിതമുണ്ടായാൽ വെറും ആംബുലൻസ് വിളിച്ചിട്ടു കാര്യമില്ല. എയർ ആംബുലൻസ് തന്നെ വേണം രോഗിയ രക്ഷിക്കാൻ. കാരണം റോഡിൽ ആളുകൾക്കു നടക്കാൻപോലും സ്ഥലമില്ല. പിന്നെ എങ്ങനെ വാഹനംവരും. ആലപ്പുഴ പ്രസ് ക്ലബ്ബിനും എസ്.ഡി.വി. സ്കൂളിനും ഇടയിലൂടെ പടിഞ്ഞാറോട്ടുള്ള റോഡിലാണ് ഈ ദുഃസ്ഥിതി. നൂറുകണക്കിനുപേരാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. എന്നാൽ, ഈ കൊച്ചുറോഡരികിലെ അനധികൃത പാർക്കിങ് കാരണം പ്രദേശവാസികൾക്കു നടന്നുപോകാൻകൂടി പറ്റാത്ത അവസ്ഥയാണ്. പ്രദേശവാസികൾ മുഖ്യമന്ത്രിക്കും പൊതുമരാമത്തുമന്ത്രിക്കും അടക്കം പരാതി നൽകിയിട്ടും പ്രയോജനമുണ്ടായിട്ടില്ല.
സ്വതവേ വീതികുറഞ്ഞ റോഡിനോടുചേർന്ന് വൈദ്യുതിത്തൂണുകൾകൂടി നിൽക്കുന്നതിനാൽ ദുരിതം ഇരട്ടിയാണ്. എസ്.ഡി.വി. സെൻട്രൽ സ്കൂളിലെ കുട്ടികളുമായി രാവിലെയും വൈകീട്ടും ഒട്ടേറെ വാഹനങ്ങളാണ് ഇൗ വഴിയിലൂടെ വരുന്നത്. റോഡിൽ ഇപ്പോൾ പണി നടക്കുന്നതിനാൽ വാഹനങ്ങൾ ഇപ്പോൾ സ്കൂൾമൈതാനത്താണ് പാർക്ക് ചെയ്യുന്നത്. ഇതു തുടരണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
താലൂക്ക് ഓഫീസിലും ഗവ. പ്രൈമറി സ്കൂളിലുമെത്തുന്നവർക്കും അനധികൃത പാർക്കിങ് ബുദ്ധിമുട്ടാകുന്നുണ്ട്.
പി.ഡബ്ല്യു.ഡി. മുക്കിയ നോ പാർക്കിങ് ബോർഡ്
: അപകടം തുടർക്കഥയായ വൈ.എം.സി.എ. ക്ക് കിഴക്കുഭാഗത്ത് നോപാർക്കിങ് ബോർഡ് സ്ഥാപിക്കണമെന്ന മോട്ടോർ വാഹന വകുപ്പുനിർദേശം പി.ഡബ്ല്യു.ഡി. മാസങ്ങളായിട്ടും നടപ്പാലിക്കുന്നില്ല. ഇവിടെ അപകടത്തിൽ ഒരു യുവാവ് മരിച്ചിട്ടും അധികൃതർ കണ്ണടച്ചിരിക്കുകയാണ്. ഈ പരിസരത്തും റോഡിന് ഇരുവശങ്ങളിലും വാഹനങ്ങളുടെ അനധികൃത പാർക്കിങ് വ്യാപകമാണ്. അശ്രദ്ധമായി ഈ ഭാഗത്ത് പിന്നോട്ടെടുത്ത വാഹനമിടിച്ച് യുവാവ് മരിച്ചിട്ട് അധികനാളായില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..