ചെങ്ങന്നൂർ : ലൈഫ് പദ്ധതിയിൽ വീടുപൂർത്തിയാക്കാനാകാതെ വന്നപ്പോൾ ആദ്യം താങ്ങായി. ഒടുവിൽ വീടുപണി തീർന്നപ്പോൾ തൊഴിലാളിയായി പെയിന്റടിക്കാനുമെത്തി. ചെങ്ങന്നൂർ മുൻ നഗരസഭാ സെക്രട്ടറിയും തിരുവല്ല നഗരസഭാ സെക്രട്ടറിയുമായ സ്റ്റാലിൻ നാരാണനാണ് നിർധന കുടുംബത്തിനു താങ്ങായത്.
ചെങ്ങന്നൂർ നഗരസഭ ഒൻപതാം വാർഡ് ഇടനാട് ആശാരിപ്പറമ്പിൽ ലീലാ മഹേശ്വരന്റെ വീടാണ് സ്റ്റാലിൻ നാരായണനും തിരുവല്ല നഗരസഭയിലെ ജീവനക്കാരും ചേർന്ന് ഞായറാഴ്ച പെയിന്റടിച്ചത്. നാളുകളായി വാസയോഗ്യമല്ലാത്ത പഴയവീട്ടിൽ താമസിച്ചിരുന്ന ലീല, ചെങ്ങന്നൂർ നഗരസഭയിൽ ലൈഫ് പദ്ധതിയിൽ വീടിനു അപേക്ഷിച്ചിരുന്നു. 2021 സെപ്റ്റംബർ മാസത്തിൽ 80 ശതമാനം തുകയും അനുവദിച്ചു. എന്നാൽ, രോഗാവസ്ഥയും സാമ്പത്തിക ബുദ്ധിമുട്ടും മൂലം ഇവർക്ക് വീടുപണി തുടരാനായില്ല.
നിർമ്മാണം മുടങ്ങിയ വീടുകളുടെ ലിസ്റ്റ് പരിശോധിച്ച അന്നത്തെ നഗരസഭ സെക്രട്ടറി സ്റ്റാലിൻ നാരായണൻ പക്ഷാഘാതം മൂലം അവശയായ ലീലയെയും വാർധക്യം മൂലം തൊഴിൽ ചെയ്യാനാകാത്ത ഭർത്താവ് മഹേശ്വരന്റെയും ദയനീയാവസ്ഥയറിഞ്ഞു. ചെങ്ങന്നൂർ നഗരസഭാ ജീവനക്കാർ ഉൾപ്പെടെയുള്ള സുമനസ്സുകളുടെ സഹായത്തോടെ പണം സമാഹരിച്ച് നിർമാണം വേഗത്തിലാക്കി.
ഇതിനിടയിൽ സ്റ്റാലിൻ തിരുവല്ലയിലേക്ക് സ്ഥലം മാറിപ്പോയി. അവധി ദിവസങ്ങളിൽ നേരിട്ടെത്തി നിർമാണ പുരോഗതി വിലയിരുത്തി.
ഞായറാഴ്ച സ്റ്റാലിന്റെ നേതൃത്വത്തിൽ തിരുവല്ലാ നഗരസഭയിലെ സീനിയർ ക്ലാർക്ക് ബിനു ജോൺ, ഓവർസിയർ അഭിജിത്ത്, പദ്ധതി ചുമതലയുള്ള സുനോജ്, ഡ്രൈവർ അനീഷ് മോൻ എന്നിവരടങ്ങുന്ന സംഘമെത്തി വീടിന്റെ പെയിന്റിങ്ങ് ജോലിയിൽ പങ്കാളികളായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..