ആലപ്പുഴ : കെ.എസ്.ആർ.ടി.സി. ആലപ്പുഴ ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും അവിടെ പേരിനുപോലും പോലീസുകാരില്ല. രാവും പകലും സമൂഹവിരുദ്ധർ സ്റ്റാൻഡ് കേന്ദ്രീകരിച്ച് അഴിഞ്ഞാടുകയാണ്. രാത്രിയിലാണ് ഏറെ പ്രശ്നം. യാത്രക്കാർ ഭീതിയോടെയാണ് സ്റ്റാൻഡിൽ നിൽക്കുന്നത്.
മുൻപ് മുഴുവൻ സമയവും എയ്ഡ് പോസ്റ്റിൽ ഒന്നിൽ കുടുതൽ പോലീസുകാർ ജോലിക്കുണ്ടായിരുന്നതാണ്. എന്നാലിപ്പോൾ ചിലദിവസങ്ങളിൽ രാവിലെ സമയത്ത് മാത്രം പോലീസുകാരുണ്ടാകും. രാത്രിയിൽ ആരെയും കാണാറില്ല.
രാത്രിയിൽ സ്റ്റാൻഡിലും പരിസര പ്രദേശങ്ങളിലും അന്യനാടുകളിൽനിന്നുൾപ്പെടെ ഒട്ടേറെപ്പേരാണ് തന്പടിക്കുന്നത്. ഇവിടെ ഒത്തുകൂടുന്നവർ ചേരിതിരിഞ്ഞ് സംഘർഷത്തിലേർപ്പെടുന്നതും പതിവാണ്.
കഴിഞ്ഞ ദിവസം ടാക്സി സ്റ്റാൻഡിൽ പാർക്കു ചെയ്തിരുന്ന ടാക്സികളിലും ഇവർ കേടുപാടുകൾ വരുത്തി. ഇതിനെതിരേ ടാക്സിഡ്രൈവർമാർ പോലീസിൽ പരാതിനൽകി. ദീർഘദൂരയാത്രക്കാർ ഉൾപ്പെടെ നൂറുകണക്കിനു പേരാണ് ആലപ്പുഴ സ്റ്റാൻഡിൽ ബസുകയറുവാൻ രാത്രിയിൽ എത്തുന്നത്. സ്ത്രീകളും വിദ്യാർഥികളും ഉണ്ടാകും. ഇപ്പോൾ ബസ് കുറവായതിനാൽ കൂടുതൽനേരം സ്റ്റാൻഡിൽ ചെലവഴിക്കേണ്ടിവരും. ഒരു പ്രശ്നമുണ്ടായാൽ കൈകാര്യംചെയ്യാൻ ആരുമില്ലാത്ത സ്ഥിതി.
കഴിഞ്ഞദിവസം രാത്രിയിൽ സ്റ്റാൻഡിൽ ഒരു സമൂഹവിരുദ്ധൻ സ്ത്രീകൾക്കും പുരുഷൻമാർക്കും മുന്നിൽ നഗ്നതാപ്രദർശനം നടത്തിയിരുന്നു. പരാതിപ്പെടുവാൻ കുറേേപ്പർ തയാറായിരുന്നെങ്കിലും പോലീസ് എയ്ഡ് പോസ്റ്റിൽ ആളില്ലാത്തിനാൽ സാധിച്ചില്ല.
രാത്രിയിൽ പോലീസ് പട്രോളിങ് നടത്താറുണ്ടെന്നതു മാത്രമാണ് ഏക ആശ്വാസം. സ്ഥിരമായി പോലീസ് സേവനം സ്റ്റാൻഡിൽ േവണമെന്ന ആവശ്യമാണ് യാത്രക്കാർക്കുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..