ആലപ്പുഴ : നഗരത്തിൽ ഏർപ്പെടുത്തിയ ട്രാഫിക് പരിഷ്കരണങ്ങൾ തിങ്കളാഴ്ചമുതൽ കർശനമായി നടപ്പിലാക്കുന്നതിന് നഗരസഭാതല ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു. കളർകോട് അഞ്ജലി ഓഡിറ്റോറിയത്തിനു തെക്കുവശം വടക്കോട്ടുള്ള ബസുകൾക്ക് ഏർപ്പെടുത്തിയ ക്രമീകരണം, ചങ്ങനാശ്ശേരി ജങ്ഷനിൽ അംബിക സ്റ്റോറിന് എതിർവശത്തുള്ള സ്റ്റോപ്പ്, തിരുവമ്പാടി ജങ്ഷൻ മുത്തൂറ്റ് ഫിൻകോർപ്പിനു മുൻവശം ക്രമീകരിച്ച സ്റ്റോപ്പ്, ജനറൽ ഹോസ്പിറ്റൽ ആര്യാസ് ഹോട്ടലിനു മുൻവശത്തെ സ്റ്റോപ്പ്, ജില്ലാക്കോടതി പാലത്തിന്റെ തെക്കേക്കര ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിനു പരിസരത്തെ സ്റ്റോപ്പ് എന്നിങ്ങനെ അഞ്ചു സ്റ്റോപ്പുകൾ ഒഴികെയുള്ള എല്ലാ സ്റ്റോപ്പുകളുമാണ് പുനക്രമീകരിച്ചിട്ടുള്ളത്.
കെ.എസ്.ആർ.ടി.സി. സൂപ്പർഫാസ്റ്റ്, ലോ ഫ്ലോർ ബസുകൾ ജനറൽ ആശുപത്രി കൊട്ടാരപ്പാലം വഴിയും, ഫാസ്റ്റ് ഓർഡിനറി ബസുകൾ ടൗണിൽ പിച്ചുഅയ്യർ ജങ്ഷൻ വഴിയും സ്റ്റാൻഡിൽ എത്തിച്ചേരണം.
സ്റ്റോപ്പുകളിൽ പൊതുജനങ്ങൾക്കും, ബസ് നിർത്തുന്നതിനും തടസ്സമായിട്ടുള്ള കോൺക്രീറ്റ് കുറ്റികൾ പി.ഡബ്ലിയു.ഡി. സഹായത്തോടെ നീക്കം ചെയ്യും. ആവശ്യമായ സ്ഥലങ്ങളിൽ കാത്തിരിപ്പ് കേന്ദ്രങ്ങൾ ക്രമീകരിക്കും.
നഗരസഭാ ചെയർപേഴ്സൺ സൗമ്യാരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, കൗൺസിലർമാരായ ബി. അജേഷ്, നസീർപുന്നക്കൽ, ആലപ്പുഴ ഡി.വൈ.എസ്.പി. എൻ.ആർ. ജയരാജ്, മോട്ടോർ വെഹിക്കിൾ ഇർസ്പെക്ടർ ശരത് സേനൻ, കെ.എസ്.ആർ.ടി.സി. ഇൻസ്പെക്ടർ അജികുമാർ, ട്രാഫിക് എസ്.ഐ. എം.പി. ജസ്റ്റിൻ, പി.ഡബ്ല്യു.ഡി. അസി. എൻജിനിയർ എ. ഷാഹി, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം.ആർ. ഷിബുകുമാർ, വിമൽ റാഫേൽ, പ്രൈവറ്റ് ബസ് ഓണേഴ്സ് ഭാരവാഹികളായ പി.വി. ബിജുമോൻ, എസ്.എം. നാസർ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..