സംഭാഷണത്തിന്റെ ശക്തി; വിഴിഞ്ഞം ചൂണ്ടിക്കാട്ടി സത്യദീപം


ആലപ്പുഴ : വിഴിഞ്ഞംപ്രശ്‌നം സംഭാഷണങ്ങളിലൂടെയാണു പരിഹരിക്കപ്പെട്ടതെന്ന് സിറോ മലബാർ സഭാനേതൃത്വം മനസ്സിലാക്കണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. കുർബാന വിവാദം മുൻനിർത്തിയാണ് മുഖപ്രസംഗത്തിലെ വിമർശനം.

മുഖ്യമന്ത്രിയുമായും സമരനേതൃത്വ പ്രതിനിധികളുമായും ചീഫ് സെക്രട്ടറി തലത്തിലും അല്ലാതെയും മാർ ക്ലീമീസ് കാതോലിക്കാബാവ നടത്തിയ അനുരഞ്ജനശ്രമങ്ങളാണു ഫലം കണ്ടത്. തുറമുഖനിർമാണത്തിനു തങ്ങൾ എതിരല്ലെന്നും തീരശോഷണമുൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ പഠനം അനിവാര്യമാണെന്നുമുള്ള സമരസമിതിയുടെ നിലപാട് സർക്കാർ അംഗീകരിച്ചതോടെയാണു സംഭാഷണങ്ങൾക്ക് അർഥമുണ്ടായത്.

സംഭാഷണങ്ങളെ സംഘർഷങ്ങൾക്കു പകരമാക്കണമെന്നു നിരന്തരം നിർബന്ധിക്കുന്ന ഫ്രാൻസിസ് പാപ്പയുടെ ശൈലി ജസ്റ്റിസ് കുര്യൻ ജോസഫും നിർദേശിച്ചത് സത്യദീപം ചൂണ്ടിക്കാട്ടുന്നു.

അനുസരണത്തെ ആധിപത്യത്തിന്റെ മർദനോപകരണമാക്കി കുർബാന ഏകീകരണപ്രശ്നം എളുപ്പത്തിൽ പരിഹരിക്കാമെന്നു ചിന്തിക്കുന്നിടത്ത് സംഭാഷണം അസാധ്യമാകുന്നു. പോലീസ് സംരക്ഷണത്തിൽ അർപ്പിക്കപ്പെടുന്നത്, അനുരഞ്ജനത്തിന്റെയും ഐക്യത്തിന്റെയും ബലിയാകുന്നതെങ്ങനെയെന്ന് ആകുലപ്പെടുന്നത് സാധാരണ വിശ്വാസികൾ കൂടിയാണ്. ഇടയന്റെ വടി ആടുകളെ അടിക്കാനല്ല, അലിവോടെ ചേർത്തുനിർത്താനാണെന്നു തിരിച്ചറിയണം.

അതിരൂപതയിലെ വൈദികർക്കും അൽമായർക്കുമെതിരേ കോടതിയിൽ പരാതി നൽകി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട മാർ ആൻഡ്രൂസ് താഴത്ത് ചർച്ചകൾക്ക് മുൻകൈയെടുക്കുമോ എന്നാണറിയേണ്ടത്. മാർപാപ്പയുടെ കത്തിനെ കല്പനയാക്കിയ അതേ കൗടില്യം തന്നെയാണ് അന്ധമായ അനുസരണത്തെ ആയുധമാക്കി വിശുദ്ധ കുർബാനയെ വിവാദവിഷയമാക്കിയത്. ഐകരൂപ്യം ഐക്യത്തെ അടയാളപ്പെടുത്തുന്നില്ലെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുന്ന പാപ്പയെത്തന്നെ, അർപ്പണരീതിയുടെ ഏകീകരണശ്രമത്തിലൂടെ അപഹാസ്യമാക്കുന്നത് എന്തിനാണ്? -മുഖപ്രസംഗം ചോദിക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..