കായംകുളം : ജില്ലാകൃഷി വിജ്ഞാന കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കായംകുളത്തും പരിസരപ്രദേശത്തും നിരീക്ഷണം ശക്തമാക്കി. രോഗം സ്ഥിരീകരിച്ചതിനു 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലാണ് നിരീക്ഷണം കർശനമാക്കിയത്. രണ്ടു നഗരസഭകളിലും 11 പഞ്ചായത്തുകളിലും കോഴി, താറാവ്, കാട തുടങ്ങിയ വളർത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ഠം എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും തിങ്കളാഴ്ച വരെ നിരോധിച്ചു.
കായംകുളം, മാവേലിക്കര നഗരസഭകളിലും വള്ളികുന്നം, ചുനക്കര, തെക്കേക്കര, ദേവികുളങ്ങര, ചേപ്പാട്, മുതുകുളം, ആറാട്ടുപുഴ, കണ്ടല്ലൂർ, കൃഷ്ണപുരം, ഭരണിക്കാവ്, പത്തിയൂർ പഞ്ചായത്തുകളിലുമാണ് നിരോധനം നിലവിൽ വന്നത്.
പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം തന്നെ കൃഷിവിജ്ഞാന കേന്ദ്രത്തിലെ പക്ഷികളെയെല്ലാം കൊന്നൊടുക്കിയിരുന്നു. 700-ഓളം കോഴികളാണ് ഇവിടെ പക്ഷിപ്പനി ബാധിച്ച് ചത്തത്. മുൻകരുതൽ നടപടിയുടെ ഭാഗമായി 1,300-ഓളം പക്ഷികളെ കൊന്നൊടുക്കിയത്. കൃഷിവിജ്ഞാനകേന്ദ്രത്തിൽനിന്ന് അടുത്തിടെ 45 ദിവസം പ്രായമായ 300-ഓളം കോഴികളെ കർഷകർക്ക് വിതരണം ചെയ്തിരുന്നു. അതിന്റെ കൂട്ടത്തിലുള്ള കോഴികൾക്കാണ് രോഗംബാധിച്ചത്.
കർഷകർ കൊണ്ടുപോയ കോഴികളും ചത്തിരുന്നു. ഗ്രാമശ്രീ ഇനത്തിൽപ്പെട്ട കോഴികളിലാണ് രോഗബാധയുണ്ടായത്. കോഴികളെ കൊണ്ടുപോയ കർഷകരെയും വിവരം അറിയിച്ചിട്ടുണ്ട്.
കൃഷിവിജ്ഞാന കേന്ദ്രത്തിൽ 90 ദിവസത്തിനു ശേഷമേ ഇനി കോഴികളെയും മറ്റും കൊണ്ടുവരുകയുള്ളു. രോഗ ബാധയുണ്ടായ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തുപക്ഷികളെ കൊന്നൊടുക്കും. പ്രദേശത്ത് പക്ഷികളും മറ്റും കൂട്ടത്തോടെ ചത്തുവീഴുന്നുണ്ടോ എന്ന് പരിശോധിക്കുന്നുമുണ്ട്.
ജനങ്ങളുടെ ആശങ്കയകറ്റണം- ഓൾ കേരള പൗൾട്രി ഫെഡറേഷൻ
കായംകുളം : ജില്ലയിൽ അടിക്കടി ഉണ്ടാകുന്ന പക്ഷിപ്പനി നേരിടാൻ ജില്ലാ ഭരണകൂടം ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ (എ.കെ.പി.എഫ്.) ആവശ്യപ്പെട്ടു. പക്ഷിപ്പനി അടിക്കടി ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത് പൗൾട്രി മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
പക്ഷിപ്പനി സ്ഥിരീകരണത്തിനു സാംപിൾ അയച്ചശേഷം ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. ആലപ്പുഴയിൽ വൈറോളജിക്കൽ ലാബ് സ്ഥാപിക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ പ്രസിഡന്റ് താജുദ്ദീൻ, ജനറൽ സെക്രട്ടറി എസ്.കെ. നസീർ, ആർ. രവീന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..