Caption
ചെങ്ങന്നൂർ : കോവിഡ് പ്രതിസന്ധിയിൽ വിദേശത്തു 10 വർഷത്തിലധികമായുണ്ടായിരുന്ന ഹോട്ടൽജോലി വിനോദിന് നഷ്ടമായി. തിരികെ നാട്ടിലെത്തി കുടുംബവക സ്ഥലത്ത് കരിമ്പുകൃഷി ചെയ്തു. ആദ്യ രണ്ടുതവണ നഷ്ടം മാത്രമാണുണ്ടായത്. വെള്ളം കയറി കരിമ്പുനശിച്ചു. എന്നാൽ, ഇത്തവണ നഷ്ടമില്ലാതെ വിളവെടുപ്പു നടത്താൻ വിനോദിന് കഴിഞ്ഞു. 1.84 ഏക്കറിലെ കൃഷിയിൽനിന്നു 40 ടൺ കരിമ്പുവെട്ടി.
ചെങ്ങന്നൂർ മേഖലയിൽ പ്രധാനമായും തിരുവൻവണ്ടൂർ ഭാഗത്തുള്ള കരിമ്പുകളാണു വെട്ടിത്തുടങ്ങിയത്.
വിളവെടുപ്പിന് അനുകൂലമായി കാലാവസ്ഥ മാറിയത് കർഷകർക്ക് ആശ്വാസമായി. ചെങ്ങന്നൂരിനു പുറമെ പന്തളം, തിരുവല്ല ഭാഗങ്ങളിലാണ് മധ്യതിരുവിതാംകൂറിൽ പ്രധാനമായും കരിമ്പുകൃഷിയുള്ളത്. തിരുവൻവണ്ടൂരിൽ 30 ഏക്കറോളം കൃഷിയിടത്തിലെ വിളവെടുപ്പാണു തുടങ്ങിയത്. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലായാണു കരിമ്പിന്റെ വിളവെടുപ്പും നടീലും നടത്തുന്നത്.
പി.ഐ.പി. കനാൽ കൈയേറുന്നു; വെള്ളമെത്തുന്നില്ല
തിരുവൻവണ്ടൂർ മേഖലയിലും പി.ഐ.പി. കനാലിന്റെ പലഭാഗങ്ങളും കൈയേറിയ നിലയിലാണ്. ഇവിടെ കൃഷിക്കായി കർഷകർക്കു കൃത്യസമയത്തു വെള്ളമെത്തുന്നില്ല. ചിലഭാഗങ്ങളിൽ കനാലിന്റെ വീതി ഓടകൾക്കുസമാനമാണ്. ഇവിടങ്ങളിൽ കനാൽനികത്തിയും മാലിന്യങ്ങളടക്കം തള്ളിയും വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു.
ഒരുടൺ വില 3,500 മുതൽ 4,000 വരെ
വർഷമായി കർഷകർ മാധുരി എന്ന ഇനമാണ് കരിമ്പുകൃഷിക്കുപയോഗിക്കുന്നത്. ഒരുമാസംവരെ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാനും ചെഞ്ചീയൽ രോഗം ചെറുക്കാനുമുള്ള കഴിവുണ്ട്.
ഒരുടൺ കരിമ്പിന് 3,500 മുതൽ 4,000 രൂപവരെയാണു വില. ഒരുടണ്ണിൽനിന്നു നാലുപാട്ട ശർക്കരയുണ്ടാകാം. ഒരു പാട്ട ശർക്കരയ്ക്ക് (26 കിലോ) 2,800 രൂപവരെ വില കിട്ടും. ഒരുകിലോ ശർക്കരയ്ക്ക് 150 രൂപ വരെയാണു വില.
മറയൂർ ശർക്കരയേക്കാൾ ഇവിടത്തെ പതിയൻ ശർക്കരയ്ക്കാണു രുചിയും ഗുണവുമുള്ളത്. ആദ്യകൃഷി വിജയമായാൽ അടുത്തതവണ ശരാശരി 50,000 രൂപവരെ ഏക്കറിനു ലാഭമുണ്ടാക്കാം.
ആദ്യകൃഷി വിജയിച്ചാൽ പിന്നെ, ലാഭം
:ആദ്യമായി കരിമ്പുകൃഷി ആരംഭിക്കുമ്പോൾ ഒരേക്കറിന് ഒരുലക്ഷം രൂപയോളം ചെലവഴിച്ചതായി തിരുവൻവണ്ടൂർ നന്നാട് തറയിൽപ്പറമ്പിൽ ടി.കെ. വിനോദ് പറയുന്നു. ഒരുടൺ തലക്കത്തിന് (നടീൽ നാമ്പ്) 6,200 രൂപയാണു വില. ജനകീയ പദ്ധതിപ്രകാരം കൃഷി ചെയ്യുന്നവർക്ക് ഏക്കറിനു 7,500 രൂപ മാത്രമാണ് സബ്സിഡി.
ഒരു ഏക്കറിലേക്കു 2.9 ടൺ തലക്കം വേണ്ടിവരും. ഹെക്ടറിനു ഏഴു ടൺ. ഒരുതവണ കൃഷിചെയ്യുന്ന കരിമ്പിൽനിന്നു തന്നെയാണ് അടുത്ത കൃഷിക്കുള്ള മേന്മയുള്ള തലക്കം എടുത്തിരുന്നത്. ഒരുപ്രാവശ്യം തലക്കം (നാമ്പ്) നട്ട് കൃഷി ചെയ്തുതുടങ്ങിയാൽ തുടർച്ചയായി രണ്ടുമൂന്നുതവണകൂടി ഈ മൂട്ടിൽ (കാലായിൽ) നിന്നു വിളവെടുക്കാം.
ഈ വിളവെടുപ്പാണു കർഷകർക്ക് ലാഭകരമായി മാറുന്നത്. വെളളപ്പൊക്കമുണ്ടാകുന്നതോടെ ഈ വിളവെടുപ്പ് അസാധ്യമാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..