ദേശീയ ജലപാത നിർമാണം : തൃക്കുന്നപ്പുഴയിൽ ജങ്കാർ സർവീസ് ഈ മാസംതന്നെ തുടങ്ങാൻ ശ്രമം


കരാറിനുള്ള നടപടി പുരോഗമിക്കുന്നു

ഹരിപ്പാട് : ദേശീയ ജലപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് തൃക്കുന്നപ്പുഴയിലെ ചീപ്പുപാലം പൊളിക്കുമ്പോൾ പകരം ജങ്കാർ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ ജലവിഭവവകുപ്പ് വേഗത്തിലാക്കി. രണ്ടാഴ്ചയ്ക്കകം ജങ്കാർനടത്തിപ്പിനുള്ള കരാർ ക്ഷണിക്കും. ഈ മാസം അവസാനത്തോടെ പ്രവർത്തനക്ഷമാക്കാനാണ് ശ്രമം.

ഗതാഗതത്തിരക്കേറിയ നങ്ങ്യാർകുളങ്ങര-തൃക്കുന്നപ്പുഴ റോഡിലാണ് തൃക്കുന്നപ്പുഴ ചീപ്പുപാലം. ബസും ലോറിയും ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പല്ലന കുമാരകോടി പാലംവഴി തിരിച്ചുവിടും. ചെറിയ വാഹനങ്ങൾക്കും കാൽനടക്കാർക്കുമായാണ് ജങ്കാർ സർവീസ് നടത്തുന്നത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ജങ്കാർ സർവീസ് നടത്തുന്ന കമ്പനികൾ തൃക്കുന്നപ്പുഴയിലെത്തി പരിശോധന നടത്തുന്നുണ്ട്.

വ്യാഴാഴ്ച വൈകുന്നേരത്തോടെ ഒരു കമ്പനി ജങ്കാർ ഇവിടെയെത്തിച്ചിട്ടുണ്ട്. തൃക്കുന്നപ്പുഴയിൽ 60 മീറ്റർ വീതിയാണ് ആറിനുള്ളത്. കുത്തൊഴുക്കുള്ള സ്ഥലം കൂടിയാണ്. ഇതിനാൽ ജങ്കാർ പ്രവർത്തിപ്പിക്കാൻ സാങ്കേതിക ബുദ്ധിമുട്ടുണ്ടാകും. ജങ്കാർ ഓടിച്ചുനോക്കിയുള്ള പരീക്ഷണമാണ് കമ്പനി അധികൃതർ ലക്ഷ്യമിടുന്നത്.

ജങ്കാർ സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ആറിന്റെ ഇരുകരകളിലെയും സംരക്ഷണഭിത്തികളോടു ചേർന്ന്‌ തെങ്ങിൻകുറ്റികൾ താഴ്ത്തുന്നുണ്ട്. ശക്തമായ തിരയിൽപ്പെട്ട് തീരം ഇടിയുന്നതു തടയാനാണിത്. ഒരുവർഷം മുൻപ് ജങ്കാർ ജെട്ടികൾ നിർമിച്ചിരുന്നു. ജെട്ടികളുടെ സംരക്ഷണത്തിനും നടപടിയുണ്ടാകും. ജങ്കാർ സർവീസിന്റെ പരീക്ഷണ ഓട്ടം നടത്തിയശേഷമേ പാലം പൊളിക്കുകയുള്ളൂ. രാവിലെ ആറുമുതൽ രാത്രി ഒൻപതുവരെ സർവീസുണ്ടാകും.

പാലം പൊളിക്കുമ്പോൾ ഇരുമ്പുഷീറ്റുകൊണ്ടുള്ള താത്കാലിക നടപ്പാലം നിർമിക്കാൻ നേരത്തേ ആലോചനയുണ്ടായിരുന്നു. നിലവിലെ റോഡ് നാലുമീറ്ററോളം ഉയർത്തിയാണ് പാലത്തിലേക്കുള്ള വഴിയൊരുക്കുന്നത്. ഇരുവശത്തുമായി 250 മീറ്ററിലധികം നിർമാണപ്രവർത്തനങ്ങളുണ്ടാകും. ഈ സാഹചര്യത്തിൽ താത്കാലിക പാലം പ്രായോഗികമല്ലെന്ന വിലയിരുത്തലിലാണ് ജങ്കാർ സർവീസ് തുടങ്ങാൻ തീരുമാനിച്ചത്.

തൃക്കുന്നപ്പുഴയിൽ വർഷങ്ങൾ പഴക്കമുള്ള ചീപ്പാണ് നിലവിലുള്ളത്. കായംകുളം കായലിൽനിന്ന്‌ കുട്ടനാട്, അപ്പർകുട്ടനാട് പ്രദേശങ്ങളിലേക്ക് ഉപ്പുവെള്ളം കയറുന്നതു തടയുന്നതിനാണ് ചീപ്പ് നിർമിച്ചിരിക്കുന്നത്. കായലിൽനിന്ന്‌ ഉപ്പുവെള്ളം കയറുന്ന സമയങ്ങളിൽ ചീപ്പിന്റെ ഷട്ടറുകൾ അടച്ചിടും. സാധാരണ ഡിസംബർമുതൽ ജൂൺ ആദ്യംവരെയാണ് ചീപ്പ് പ്രവർത്തിപ്പിക്കേണ്ടിവരുന്നത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..