പള്ളിപ്പുറത്ത് പശുക്കൾക്കു ഭക്ഷ്യവിഷബാധ : 36 പശുക്കൾക്കും നാലു കിടാങ്ങൾക്കും രോഗബാധ


കർഷകർ ആശങ്കയിൽ മൃഗസംരക്ഷണവകുപ്പ് നടപടികൾ ഊർജിതമാക്കി

ചേന്നംപള്ളിപ്പുറം തിരുനെല്ലൂർ ഭാഗത്തെ രോഗംബാധിച്ച പശുക്കൾ ഉൾക്കൊള്ളുന്നഫാം മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിക്കുന്നു

പൂച്ചാക്കൽ : കാലിത്തീറ്റയിലൂടെ ചേർത്തല പള്ളിപ്പുറം പഞ്ചായത്തിൽ 36 പശുക്കൾക്കും നാലു കിടാങ്ങൾക്കുമാണ് ഭക്ഷ്യവിഷബാധയേറ്റിട്ടുള്ളതെന്ന് പ്രാഥമിക നിഗമനം. മൂന്നു ക്ഷീരകർഷകരുടെ പശുക്കളെയാണ് രോഗം ബാധിച്ചിട്ടുള്ളത്. ഒരു പശു കഴിഞ്ഞദിവസം ചത്തു.

മൃഗസംരക്ഷണ കുപ്പിലെ ചീഫ് വെറ്ററിനറി ഓഫീസർ ഉൾപ്പെടെയുള്ള ഉന്നതതലസംഘം സ്ഥലം സന്ദർശിച്ച് നടപടികൾ സ്വീകരിച്ചു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 12-ാം വാർഡ് തിരുനെല്ലൂർ പവിത്രത്തിൽ ലീലാ പവിത്രന്റെ പശുഫാമിലെ 18 പശുക്കൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതിലൊരെണ്ണമാണ് കഴിഞ്ഞദിവസം ചത്തത്. തമിഴ്‌നാട്ടിലെ കമ്പം, തേനി ഭാഗത്തുനിന്ന്‌ കഴിഞ്ഞ ജനുവരി ഒന്നിന് വാങ്ങിക്കൊണ്ടുവന്ന 10-12 ലിറ്റർ പാൽ കറക്കുന്ന എച്ച്.എഫ്. ക്രോസ് ഇനം ജഴ്‌സി പശുവാണ് ചത്തത്. ഇതിന് നാലുവയസ്സുണ്ടായിരുന്നു.

ലീലാ പവിത്രന്റെ ഫാമിലെ രണ്ടു കിടാങ്ങൾക്കും രോഗബാധയുണ്ട്. ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ തിരുനെല്ലൂർ കോട്ടപ്പുറത്ത് ജയകുമാറിന്റെ ഫാമിലെ 17 പശുക്കൾക്കും കാലിത്തീറ്റവഴി ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. ഇതിനെത്തുടർന്ന് ഒരു പശുവിന് ചന നഷ്ടപ്പെട്ടു. തിരുനെല്ലൂർ പരിയാത്ത് കരുണാകരൻ നായരുടെ രണ്ടു പശുക്കൾക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. ഇവിടെ രണ്ടു കിടാങ്ങൾക്കും രോഗമുണ്ട്. രോഗംബാധിച്ച കറവപ്പശുക്കൾക്ക് പാൽ കുറഞ്ഞിട്ടുണ്ട്.

രോഗംബാധിച്ച പശുക്കളുള്ള ഫാമുകളിൽ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. സന്തോഷ്‌കുമാർ, ചേന്നം പള്ളിപ്പുറം വെറ്ററിനറി ആശുപത്രിയിലെ ഡോ. ഹേനാ കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ് തുടങ്ങിയവരെത്തി നടപടികൾ സ്വീകരിച്ചു.

രോഗംബാധിച്ച പശുക്കൾക്ക് സൗജന്യ ചികിത്സ നൽകാനും ക്ഷീരകർഷകർ വാങ്ങിയ മരുന്നുകളുടെ ബിൽത്തുക മടക്കിനൽകാനുമാണ് മൃഗസംരക്ഷണവകുപ്പിന്റെ ആശ്വാസനടപടികൾ.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..