മാന്നാർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ബഹുനിലക്കെട്ടിടം നിർമിക്കുന്നതിനായി പഴയ കെട്ടിടം പൊളിച്ച സ്ഥലം
മാന്നാർ : സംസ്ഥാന സർക്കാർ മൂന്നരക്കോടി രൂപ ചെലവഴിച്ച് മാന്നാർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ബഹുനിലക്കെട്ടിടത്തിന്റെ നിർമാണം ഉടൻ തുടങ്ങും. 2020-ലാണ് നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ച് ബഹുനിലക്കെട്ടിടം പണിയുന്നതിന് സർക്കാർ തുക അനുവദിച്ചത്. എന്നാൽ, നടപടികൾ വൈകുന്നതു പ്രതിഷേധത്തിനിടയാക്കിയിരുന്നു.
2086 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള മൂന്നുനിലക്കെട്ടിടമാണ് നിർമിക്കുന്നത്. പണി പൂർത്തിയാകുന്നതോടെ ആശുപത്രിയുടെ പരാധീനതകൾ ഒരുപരിധിവരെ കുറയും. 1979-ൽ നിർമിച്ച സ്ത്രീകളുടെ വാർഡ് പൊളിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
പണ്ട് ഇവിടെ പ്രസവമുറിയും പ്രസവവാർഡുമൊക്കെ ഉണ്ടായിരുന്നതാണ്. പിന്നീട് അവയെല്ലാം നിന്നു. കായംകുളം-തിരുവല്ല സംസ്ഥാനപാതയ്ക്കരികിൽ സ്ഥിതിചെയ്യുന്നതിനാൽ ചെന്നിത്തല, ബുധനൂർ, പാണ്ടനാട്, കടപ്ര, നിരണം തുടങ്ങിയ സമീപ പഞ്ചായത്തുകളിൽനിന്നുള്ള രോഗികൾ ആശ്രയിക്കുന്ന ഇടമാണിത്. ദിനംപ്രതി 200-ലേറെ രോഗികൾ ഒ.പി.വിഭാഗത്തിലെത്തുന്നു.
തീരാതെ പരാധീനതകൾ
65 സെന്റ് വരുന്ന ആശുപത്രിവളപ്പിലുള്ള കെട്ടിടങ്ങളിൽ മിക്കതും ജീർണാവസ്ഥയിലാണ്. ഒ.പി.യും ദന്തവിഭാഗവും കണ്ണുപരിശോധനാ വിഭാഗവും പ്രവർത്തിക്കുന്ന പ്രധാന കെട്ടിടത്തിന് 60 വർഷത്തിലേറെ പഴക്കമുണ്ട്. ഇവിടെ ഓടും മച്ചുമെല്ലാം കാലപ്പഴക്കംകൊണ്ട് ജീർണാവസ്ഥയിലാണ്. മരപ്പട്ടികളുടെയും മറ്റു ജീവികളുടെയും ശല്യവുമുണ്ട്.
വാക്സിനെടുക്കുന്ന മുറി, ലാബോറട്ടറി, ഫാർമസി, ഓഫീസ് എന്നിവയ്ക്കെല്ലാം പ്രത്യേകം ബ്ളോക്കുകൾ ഉണ്ടെങ്കിലും മിക്കയിടത്തും ചോർച്ചയുണ്ട്. പുരുഷൻമാരുടെ വാർഡാണ് കുറച്ചു ഭേദം. കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ കാലയളവിൽ സ്ത്രീകൾക്കായുള്ള വിശ്രമമുറി പണിതിരുന്നു.
അത് കോവിഡ് പരിശോധനയ്ക്കു വേണ്ടിയാണ് പിന്നീട് ഉപയോഗിച്ചത്.
എക്സ് റേ യൂണിറ്റിനു വേണ്ടി കെട്ടിടം നിർമിച്ചെങ്കിലും എക്സ്റേ മെഷീൻ വന്നില്ല. ആ കെട്ടിടം സാന്ത്വനപരിചരണത്തിനായി ഉപയോഗിക്കുകയാണ്.
ഇവിടെ നേരത്തേ ഡോക്ടർമാക്ക് ക്വാർട്ടേഴ്‌സ് ഉണ്ടായിരുന്നത് ഏതാനും വർഷങ്ങൾക്കു മുമ്പ് പൊളിച്ചു.
കെട്ടിടങ്ങളുടെ ജീർണതയും പരിമിതികളുംമൂലം ആശുപത്രിമുറ്റം മുഴുവൻ ഷീറ്റിട്ട് ഷെഡ്ഡുകെട്ടി ഉപയോഗിക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..