മുതുകുളം : കനകക്കുന്ന് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ.യുടെ വീട്ടിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവത്തിൽ കേസിന്റെ തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ടു. എസ്.ഐ. ജോലിചെയ്തുവരുന്ന സ്‌റ്റേഷന്റെ പരിധിയിലുളള വീട്ടിലാണ് മരണംനടന്നത്.
കൂടാതെ, മരിച്ച സൂരജിന്റെ കുടുംബം മരണത്തിൽ ദുരൂഹത ആരോപിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ മരണം സംഭവിച്ചതിനാൽ ഇനിയും കൂടുതൽ ആരോപണം ഉയരാനുളള സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിനുവിടാൻ തീരുമാനമായത്.
മരണത്തിൽ മറ്റു ദുരൂഹതകളൊന്നുമില്ലെന്ന പ്രാഥമിക വിലയിരുത്തലിലായിരുന്നു കേസ് ഇതുവരെ അന്വേഷിച്ച കനകക്കുന്ന് പോലീസ്.
കേസിന്റെ അന്വേഷണം ശരിയായദിശയിൽ നടത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല എം.എൽ.എ.ക്ക് കുടുംബം കഴിഞ്ഞദിവസം നിവേദനം നൽകിയിരുന്നു. ഗ്രേഡ് എസ്.ഐ. മുതുകുളം രണ്ടാംവാർഡ് ചേപ്പാട് കന്നിമേൽ സാരംഗിയിൽ ജെ. സുരേഷ് കുമാറിന്റെ വീട്ടിലാണ് തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആറ്റുവാത്തലയിൽ (സൂര്യഭവനം) സൂരജിനെ (23) തിങ്കളാഴ്ച രാവിലെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..