പത്തനംതിട്ട : കോൺഗ്രസിന്റെ ഹാഥ് സേ ഹാഥ് ജോഡോ പദയാത്രയ്ക്കുനേരേ ചീമുട്ടയും കല്ലും എറിഞ്ഞ സംഭവത്തിൽ ഡി.സി.സി. ജനറൽ സെക്രട്ടറിയും പത്തനംതിട്ട നഗരസഭാ കൗൺസിലറുമായ എം.സി.ഷെറീഫിനെ പാർട്ടിയിൽനിന്ന് സസ്പെൻഡുചെയ്തു. സംഘടനയുടെ എല്ലാ ചുമതലകളിൽനിന്നും എം.സി.ഷെറീഫിനെ നീക്കിയിട്ടുമുണ്ട്. കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരന്റെ നിർദേശപ്രകാരമാണ് നടപടിയെന്ന് ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.
പത്തനംതിട്ട വെസ്റ്റ് മണ്ഡലത്തിലെ നാല് ബൂത്തിന്റെ പദയാത്രയ്ക്കുനേരേ ശനിയാഴ്ച വൈകീട്ടാണ് ചീമുട്ടയും കല്ലും എറിഞ്ഞത്. എ.ഐ.സി.സി. സെക്രട്ടറി വിശ്വനാഥപ്പെരുമാളും ഈ പദയാത്രയിലുണ്ടായിരുന്നു. വലഞ്ചുഴിയിൽനിന്ന് തുടങ്ങിയ യാത്ര 100 മീറ്റർ പിന്നിട്ടപ്പോൾ പതിയിരുന്ന രണ്ടുപേർ ആദ്യം ചീമുട്ടയും പിന്നാലെ കല്ലുകളും എറിയുകയായിരുന്നു.
സ്ത്രീകളുൾെപ്പടെയുള്ളവരുടെ ദേഹത്തും നേതാക്കളുടെ കാറിലും മുട്ടവീണ് പൊട്ടി. കെ.പി.സി.സി. ജനറൽ സെക്രട്ടറി എം.എം.നസീറിന്റെ കാറിന് കല്ലേറിൽ കേടുപറ്റി. എം.സി.ഷെറീഫും കൂട്ടാളിയുമാണ് അതിക്രമം കാട്ടിയതെന്ന് നസീർ പറഞ്ഞിരുന്നു. തന്റെ വാർഡിൽ നടന്ന പരിപാടി തന്നെ അറിയിച്ചില്ലെന്നും, ഇതിൽ പ്രതിഷേധമുണ്ടായിക്കാണുമെന്നുമായിരുന്നു ഷെറീഫിന്റെ പ്രതികരണം. എന്നാൽ, ഷെറീഫ് പാർട്ടിപരിപാടിയിൽ പങ്കെടുത്തിട്ട് എറെക്കാലമായെന്ന് നസീർ നേതൃത്വത്തെ അറിയിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറിസ്ഥാനത്തുനിന്ന് ഷെറീഫ് മുൻപ് രാജി നൽകിയെങ്കിലും ഇത് ഒൗദ്യോഗികമായി അംഗീകരിച്ചിരുന്നില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..