പൂച്ചാക്കൽ : വീട്ടിൽ അക്വേറിയം വൃത്തിയാക്കുന്നതിനിടയിൽ ആറാം ക്ലാസ് വിദ്യാർഥി അലൻ ശരത്ത് (11) ഷോക്കേറ്റു മരിച്ച സംഭവത്തിൽ വൈദ്യുതിവകുപ്പിന്റെ ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റ് സംഘം തിങ്കളാഴ്ച പരിശോധനയ്ക്കെത്തും. അലന്റെ വീട്ടിലും അക്വേറിയത്തിന്റെ ഭാഗത്തും പരിശോധന നടത്തും.
പാണാവള്ളി അരയങ്കാവ് വളവിൽ ശരത്ത്-സിനി ദമ്പതിമാരുടെ മകൻ അലൻ ശരത്ത് (11) ശനിയാഴ്ച ഉച്ചയോടെയാണ് ഷോക്കേറ്റു മരിച്ചത്. തനിച്ചു വീടിന്റെ പിറകിലിരുന്ന് അക്വേറിയം വൃത്തിയാക്കുന്നതിനിടയിലാണ് അലന് വൈദ്യുതാഘാതമേറ്റത്. അതിലുണ്ടായിരുന്ന മത്സ്യങ്ങളെയും വെള്ളവും മാറ്റി ചില്ലുകൂട് കഴുകുകയായിരുന്നു.
കെ.എസ്.ഇ.ബി. അരൂക്കുറ്റി സെക്‌ഷൻ എ.ഇ. ആർ. രാജേഷിന്റെ നേതൃത്വത്തിൽ ശനിയാഴ്ച അലന്റെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. അക്വേറിയത്തിൽ ഉപയോഗിച്ച വയറിൽ ഏറെ ജോയിന്റുകൾ ഉണ്ടായിരുന്നതായി മനസ്സിലാക്കിയിട്ടുണ്ട്. ഇതിൽ നിന്നോ, ജോയിന്റ് വേർപെട്ട് വെള്ളത്തിൽ വീണപ്പോൾ കൈ തട്ടിയതോ ആകാം ഷോക്കേറ്റതിനു കാരണമെന്നാണ് പ്രാഥമിക സൂചനകൾ. ഇവ ശരിയാണോ എന്നും വേറെ സാധ്യതകൾ ഉണ്ടോയെന്നും ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അധികൃതർ പരിശോധിക്കും.
ശനിയാഴ്ച സംഭവസമയം അച്ഛനും അമ്മയും ജോലിക്കു പോയിരിക്കുകയായിരുന്നു. മുത്തശ്ശി ശോഭയും ജ്യേഷ്ഠൻ അശ്വിനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അക്വേറിയം വൃത്തിയാക്കിക്കഴിഞ്ഞോ എന്നുനോക്കാൻ അടുക്കളയിലായിരുന്ന ശോഭ പുറത്തിറങ്ങിയപ്പോഴാണ് മണ്ണിൽ കിടക്കുന്ന അലനെ കണ്ടത്.
ശോഭയുടെ നിലവിളി കേട്ടെത്തിയവർ ചേർന്ന് ഉടനെ പൂച്ചാക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷോക്കേറ്റുള്ള മരണം എന്നുതന്നെയാണ് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടെന്ന് പൂച്ചാക്കൽ പോലീസ് പറഞ്ഞു. മണപ്പുറം സെയ്‌ന്റ് തെരേസാസ് എച്ച്.എസിലെ വിദ്യാർഥിയായിരുന്നു അലൻ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..