• അഞ്ചുതുരുത്ത് കടത്തുകടവിലെ കൽക്കെട്ട് തകർന്നനിലയിൽ
പൂച്ചാക്കൽ : അഞ്ചുതുരുത്ത് കടവിലെ കൽക്കെട്ട് തകർന്നുകിടക്കുന്നതു മൂലം ജനങ്ങൾക്കു യാത്രാദുരിതം. കടത്തുകടവിൽ രാത്രിയായാൽ വെളിച്ചമില്ലാത്തത് ദുരിതം ഇരട്ടിയാക്കുന്നു. കടത്തുവള്ളമാണ് തുരുത്തുനിവാസികളുടെ ഏക യാത്രാമാർഗം. വള്ളത്തിൽ കയറുന്നതും ഇറങ്ങുന്നതും ഇടിഞ്ഞുപൊളിഞ്ഞുകിടക്കുന്ന കൽക്കെട്ടു വഴിയാണ്. കായലിൽ വീഴാത്തത് തുരുത്തുനിവാസികൾ കാണിക്കുന്ന അതീവജാഗ്രതകൊണ്ടു മാത്രമാണ്.
സ്ത്രീകളും കുട്ടികളുമടക്കം 200-ഓളം കുടുംബങ്ങൾ കടത്തുവള്ളങ്ങളെയാണ് യാത്രയ്ക്ക് ആശ്രയിക്കുന്നത്. കൽക്കെട്ട് തകർന്നുകിടക്കുന്നതിനാൽ കടത്തുവള്ളം അടുക്കുന്നതിനു പ്രയാസമുണ്ട്. 25 മീറ്ററോളം ദൂരത്താണ് കൽക്കെട്ട് തകർന്നുകിടക്കുന്നത്. നിലവിലുള്ള കെട്ട് പൊളിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. പഞ്ചായത്ത് ബജറ്റിൽ ഇവിടത്തെ കൽക്കെട്ടു നന്നാക്കാൻ രണ്ടുലക്ഷം രൂപ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പ്രവൃത്തി ഉടനെ തുടങ്ങിയില്ലെങ്കിൽ ജനങ്ങളുടെ ദുരിതം തുടരും.
അഞ്ചുതുരുത്ത് നിവാസികളുടെ ഏക യാത്രാമാർഗമാണ് ഊടുപുഴ-അഞ്ചുതുരുത്ത് കടത്തുവള്ളം. പാണാവള്ളി പഞ്ചായത്ത് ഇവിടെ സൗജന്യ സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. മുൻപ് കുടിവെള്ളം ഉൾപ്പെടെയുള്ള എല്ലാം അക്കരെനിന്നാണ് കൊണ്ടുവന്നിരുന്നത്. എന്നാൽ, ജപ്പാൻ കുടിവെള്ളം അഞ്ചുതുരുത്തിൽ എത്തിയതുമുതൽ കുടിവെള്ളം എത്തിക്കേണ്ട കാര്യമില്ല. അഞ്ചുതുരുത്തുകൾ ചേർന്ന അഞ്ചുതുരുത്തിൽ കടകൾ ഒന്നുമില്ല. വീട്ടാവശ്യത്തിനുള്ള എല്ലാ സാമഗ്രികളും പുറത്തുനിന്ന് വാങ്ങിക്കൊണ്ടു വരണം.
പൂച്ചാക്കൽ, തൃച്ചാറ്റുകുളം, വടുതല, ഓടമ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ പഠിക്കുന്ന അഞ്ചുതുരുത്തു നിവാസികളായ വിദ്യാർഥികൾക്കും കടത്തുവള്ളം മാത്രമാണ് ഏക യാത്രാമാർഗം. കടവിലെ തെരുവുവിളക്ക് തെളിയാതായിട്ടു നാളേറെയായി. ഇവിടെ ഫ്യൂസ് ഓരോ ദിവസവും കുത്തിക്കൊടുത്തുകൊണ്ട് ബൾബ് തെളിച്ചിരുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഇതിന് പിന്നീട് തകരാർ സംഭവിച്ചതിനെത്തുടർന്ന് ബൾബ് തെളിയാതെയായി.
റോഡ് പുനർനിർമിച്ചത് ആശ്വാസം
ഊടുപുഴ-പാണാവള്ളി പഞ്ചായത്ത് ഓഫീസ് റോഡ് പുനർനിർമിച്ചത് ജനങ്ങൾക്ക് ആശ്വാസമായിട്ടുണ്ട്. അഞ്ചു വർഷത്തിലധികം ഇവിടത്തെ റോഡ് കുണ്ടും കുഴിയുമായി കിടക്കുകയായിരുന്നു. സർക്യൂട്ട് ടൂറിസം പദ്ധതിപ്രകാരമാണ് ഈ റോഡ് ബി.എം.ബി.സി. നിലവാരത്തിൽ പുനർനിർമിച്ചത്.
പാലംനിർമാണം തുടങ്ങുന്നതും കാത്ത്
അഞ്ചുതുരുത്ത്-ഊടുപുഴ പാലത്തിന് ഫണ്ടനുവദിച്ചതും അതിന്റെ സ്ഥലമെടുപ്പ് നടപടികൾ തുടങ്ങിയതും പ്രതീക്ഷ നൽകുന്നു. പാലത്തിനുവേണ്ടി സ്ഥലം വിട്ടുനൽകുന്നവരുടെ യോഗം ഈയിടെ നടന്നിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..