കുഫോസ് പഠനത്തിൽ കണ്ടെത്തൽ: വേമ്പനാട്ടു കായലിലെ ജലമലിനീകരണത്തോത് അപകടകരമല്ല


2 min read
Read later
Print
Share

കീടനാശിനി സാന്നിധ്യം കൂടിയിട്ടും മലിനീകരണനിരക്ക് 15-ൽ താഴെ ആശങ്കയാകുന്നത് കളനാശിനികളുടെ സാന്നിധ്യം

Caption

ചേർത്തല : വലിയ മലിനീകരണ ഭീഷണി നേരിടുമ്പോഴും ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് വേമ്പനാട്ട് കായലിൽ ജലമലിനീകരണത്തോത് അപകടകരമല്ലെന്നു കണ്ടെത്തൽ. കായലിന്റെ വിസ്തൃതിയും ജലസംഭരണശേഷിയും കുറയുന്നുവെന്ന ആശങ്കയ്ക്കിടയിലാണ് ജലമലിനീകരണവുമായി ബന്ധപ്പെട്ട കണ്ടെത്തൽ ആശ്വാസമാകുന്നത്. കേരള സമുദ്രപഠന സർവകലാശാല സർക്കാർ നിർദേശപ്രകാരം നടത്തിയ പഠനത്തിലാണു കണ്ടെത്തൽ.

കായലിൽ ഉപരിതല ജലമലിനീകരണം (സർഫസ് ഓർഗാനിക് പൊല്യൂഷൻ) വളരെക്കുറവാണെന്നാണു കണ്ടെത്തൽ. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമായ പാൾമർ ഓർഗാനിക് പൊല്യൂഷൻ സൂചികയനുസരിച്ച് 15-ൽ താഴെ മാത്രമാണിത്. 20-നുമുകളിലാകുമ്പോഴാണ് സൂചിക പ്രകാരം മലിനീകരണം അപകടകരമാകുന്നത്.

കായലിൽ കീടനാശിനികളുടെ സാന്നിധ്യം കൂടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. തെക്കൻ കായലിൽ 30 ഇനം കീടനാശിനികളുടെയും മധ്യ കായലിൽ 14 ഇനങ്ങളുടെയും സാന്നിധ്യമുണ്ട്. ഇതിൽ ഓർഗാനോ ക്ലോറിൻ മാലിന്യങ്ങളും ഓർഗാനോ ഫോസ്‌ഫേറ്റ് മാലിന്യങ്ങളും യൂറിയയുടെ വിവിധ വകഭേദങ്ങളുമാണുള്ളത്. എന്നാൽ, ഡബ്യു.എച്ച്.ഒ.യുടെ മാനദണ്ഡമനുസരിച്ച് നിലവിലിത് അപകടകരമല്ലെന്നാണ് റിപ്പോർട്ട്. മധ്യ വേമ്പനാട്ടുകായലിൽ കളനാശിനിയായ ഡിയുറോണിന്റെ സാന്നിധ്യം ആശങ്കയാകുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.

മൈക്രോ ആൽഗകളായ (മത്സ്യങ്ങൾക്കു തീറ്റയാകുന്ന കളകൾ) ക്ലോറോഫൈസിയ, ഡയനോഫൈസിയ എന്നിവയുടെ വളർച്ചയെ കളനാശിനിയുടെ സാന്നിദ്ധ്യം ബാധിക്കുമെന്നാണു വിലയിരുത്തൽ. ഇതു കക്കകളുടെ ലഭ്യത കുറയാനുമിടയാക്കും. ഡിയുറോണിന്റെ സാന്നിധ്യം മൺസൂൺ കാലത്തും അല്ലാത്തപ്പോഴും മാറുന്നുണ്ട്. മൺസൂൺ അല്ലാത്തപ്പോഴാണ് കൂടുതൽ സാന്നിധ്യമുള്ളത്. തെക്കൻ കായലിൽ മൺസൂണിൽ ഇതു കുറയുന്നുണ്ടെന്നും പഠനം പറയുന്നു.

പഠന റിപ്പോർട്ട് മന്ത്രി ഏറ്റുവാങ്ങി

ചേർത്തല : വേമ്പനാട്ടുകായലിന്റെ ആഴംകൂട്ടുന്ന പദ്ധതി ജനപങ്കാളിത്തത്തോടെ അടിയന്തരമായി നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തണ്ണീർമുക്കത്ത് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല, വേമ്പനാട്ടുകായൽ ധാരണകളും മിഥ്യാധാരണകളും’ എന്ന വിഷയത്തിൽ നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർവകലാശാലയുടെ വേമ്പനാട്ടുകായൽ പഠന റിപ്പോർട്ട് വൈസ് ചാൻസലർ ഡോ. റോസലിന്റ ജോർജിൽനിന്ന്‌ മന്ത്രി ഏറ്റുവാങ്ങി.

ജലസംഭരണശേഷി നാലിലൊന്നായി കുറഞ്ഞത് കായലിന്റെ ജൈവപരമായ ഉത്പാദനക്ഷമതയെ ബാധിച്ചു. ഇതിനു പരിഹാരമായി കായലിന്റെ ആഴംകൂട്ടണമെന്ന് കുഫോസ് റിപ്പോർട്ട് നിർദേശിക്കുന്നുണ്ട്. ഇത് അടിയന്തമായി നടപ്പാക്കാൻ സർക്കാർ സന്നദ്ധമാണെന്ന് മന്ത്രി പറഞ്ഞു.

പഞ്ചായത്തുകളുടെയും സന്നദ്ധസംഘടനകളുടെയും പങ്കാളിത്തത്തോടെ ആഴംകൂട്ടും. പ്ളാസ്റ്റിക് മാലിന്യം നിർമാർജനവും ലക്ഷ്യമിടുന്നു. ഇതിനുള്ള പദ്ധതി ഏപ്രിൽ 30-നകം സമർപ്പിക്കാൻ മന്ത്രി കുഫോസിനു നിർദേശം നൽകി.

കുഫോസ് രജിസ്ട്രാർ ഡോ. ദിനേശ് കൈപ്പിള്ളി, വിജ്ഞാനവ്യാപനവിഭാഗം മേധാവി ഡോ. ഡെയ്‌സി കാപ്പൻ, പഠനത്തിനു നേതൃത്വം നൽകിയ ഡോ. വി.എൻ. സഞ്ജീവൻ, ജലവിഭവപഠനകേന്ദ്രം ഡയറക്ടർ ഡോ. മനോജ് സാമുവൽ, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ്. മഹേഷ്, ജില്ലാ പഞ്ചായത്തംഗം പി.എസ്. ഷാജി എന്നിവർ സംസാരിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..