ദേശീയപാതാ വികസനം: സ്‌കൂളുകളിലേക്കുള്ള വഴിയിലെ തടസ്സംനീക്കാൻ നിർദേശം


1 min read
Read later
Print
Share

ഓടകൾക്കു മേൽമൂടിയിടണം സ്‌കൂളിലേക്ക് റാംപ് വേണം

• കരുവാറ്റ എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്‌കൂളിലെ പ്രധാന വാതിലിന്റെ ഭാഗത്ത് ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഓടനിർമിക്കാൻ കുഴിച്ചനിലയിൽ

ഹരിപ്പാട് : ദേശീയപാതയുടെ നിർമാണംകാരണം സ്‌കൂളുകളിലേക്കുള്ള വഴി തടസ്സപ്പെട്ടിട്ടുണ്ടെങ്കിൽ അടിയന്തരമായി പുനഃസ്ഥാപിക്കാൻ നിർദേശം. സ്‌കൂളുകളോടുചേർന്നുള്ള ഓടകൾക്കു മേൽമൂടിയിടണം. റോഡ് ഉയരത്തിലാണെങ്കിൽ കുട്ടികളുടെ സൗകര്യത്തിനായി സ്‌കൂളിലേക്ക് റാംപ് നിർമിക്കുകയും വേണം.

ജില്ലാ ഭരണകൂടം ഇതുസംബന്ധിച്ച നിർദേശം തുറവൂർ മുതൽ ജില്ലാ അതിർത്തിയായ ഓച്ചിറവരെ ദേശീയപാതയുടെ നിർമാണം നടത്തുന്ന കരാറുകാർക്കാണ് നൽകിയിരിക്കുന്നത്. കളക്ടർ ഹരിത വി. കുമാർ വ്യാഴാഴ്ച ദേശീയപാതാ അതോറിറ്റി, ഭൂമിയേറ്റെടുക്കൽ വിഭാഗം, നിർമാണ കരാറുകാർ എന്നിവരുടെ യോഗം വിളിച്ചിട്ടുണ്ട്. സ്‌കൂളുകളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി കരാറുകാർ സ്വീകരിച്ചിട്ടുള്ള നടപടികൾ യോഗം വിലയിരുത്തും.

സ്‌കൂൾ അവധിക്കുശേഷമാണ് ജില്ലയിൽ ദേശീയപാതാ നിർമാണം വേഗത്തിലായത്. ഇതിനാൽ സ്‌കൂളിലേക്കുള്ള വഴിയടച്ച് ഓടയുടെ പണി നടന്നിട്ടും പരാതിയുയർന്നില്ല.

എന്നാൽ, അടുത്തിടെ സ്‌കൂളുകളിൽ പ്രവേശനനടപടികൾ തുടങ്ങിയപ്പോഴാണ് പ്രശ്‌നത്തിന്റെ ഗൗരവം ബന്ധപ്പെട്ടവർക്കു ബോധ്യമാകുന്നത്. ചിലയിടങ്ങളിൽ സ്‌കൂളുകളിലേക്കുള്ള വഴി പൂർണമായും തടസ്സപ്പെട്ട നിലയിലാണ്.

രാമപുരം, നങ്ങ്യാർകുളങ്ങര, കരുവാറ്റ, തോട്ടപ്പള്ളി, പുറക്കാട്, കരൂർ, അമ്പലപ്പുഴ, നീർക്കുന്നം, പുന്നപ്ര, അറവുകാട്, കളർകോട്, തുമ്പോളി, കലവൂർ, വളവനാട്, പട്ടണക്കാട് തുടങ്ങിയ പ്രധാനകേന്ദ്രങ്ങളിലെല്ലം ദേശീയപാതയോരത്ത് സ്‌കൂളുകളുണ്ട്. മിക്ക സ്‌കൂളുകളുടെയും മതിൽ പൊളിച്ചുനീക്കിയിരിക്കുകയാണ്.

ദേശീയപാതാ വികസനത്തിനായി സ്‌കൂളുകളുടെ മതിൽ പൊളിക്കേണ്ടിവന്നാൽ നഷ്ടപരിഹാരം ലഭിക്കും. എന്നാൽ, ഈ തുക നേരിട്ട് വിദ്യാഭ്യാസവകുപ്പിന്റെ അക്കൗണ്ടിലെത്തില്ല.

ട്രഷറിയിൽ സർക്കാരിന്റെ പ്രത്യേക അക്കൗണ്ടിലേക്കാണ് വരവുവെക്കുന്നത്. ഇതിൽനിന്നു വിദ്യാഭ്യാസവകുപ്പിന് പണം കൈമാറാൻ കാലതാമസമുണ്ടാകും.

മറ്റുമാർഗങ്ങളിൽ ഫണ്ട് ലഭ്യമാക്കാൻ കഴിഞ്ഞില്ലെങ്കിൽ മതിലുകെട്ടാൻ ഏറെവൈകും. സ്‌കൂളുകൾക്കൊപ്പം ആരാധനാലയങ്ങൾ, പ്രധാന ജങ്ഷനുകൾ എന്നിവിടങ്ങളിലും ഓടപണി വേഗത്തിൽ പൂർത്തിയാക്കാൻ കരാറുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

മഴതുടങ്ങിയാൽ ഓടകൾ ഭീഷണിയാകും

:സ്‌കൂളുകളുടെ സമീപത്തെ ഓടകൾക്കു മേൽമൂടി സ്ഥാപിച്ചില്ലെങ്കിൽ കാലവർഷംതുടങ്ങുന്നതോടെ കുട്ടികൾക്കു ഭീഷണിയാകും. തുറന്നുകിടക്കുന്ന ഓടകൾ ചെറിയ മഴയ്ക്കുപോലും നിറഞ്ഞുകവിയും.

പലഭാഗങ്ങളിലായാണ് ഓടനിർമാണം നടക്കുന്നത്. ഇതിനാൽ വെള്ളം ഒഴുകിമാറില്ല. സൈക്കിളിൽ യാത്രചെയ്യുന്ന കുട്ടികൾക്ക് വെള്ളംനിറഞ്ഞ ഓടകൾ കൂടുതൽ ഭീഷണിയാണ്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..