ഹരിപ്പാട് : നഗരസഭാപരിധിയിലെ വീടുകളിൽനിന്നും കടകളിൽനിന്നും കെട്ടിടനികുതി കുടിശ്ശിക ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ഭരണപക്ഷവും പ്രതിപക്ഷവും അവതരിപ്പിച്ച പ്രമേയങ്ങൾ പാസായി. സർക്കാർ ഏർപ്പെടുത്തിയ ഏറ്റവുംകുറഞ്ഞ നിരക്കിലെ നികുതി മാത്രമേ പിരിക്കാൻ പാടുള്ളൂ എന്നതായിരുന്നു പ്രതിപക്ഷത്തുള്ള എൽ.ഡി.എഫ്. അവതരിപ്പിച്ച പ്രമേയം.
സംസ്ഥാനസർക്കാർ കെട്ടിടനികുതി, പെർമിറ്റ്്, അപേക്ഷാഫീസ്, പരിശോധനാഫീസ് ഇനങ്ങളിൽ ഏർപ്പെടുത്തിയ അധികനിരക്കുകൾ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്നു ചൂണ്ടിക്കാട്ടുന്ന പ്രമേയമാണു ഭരണകക്ഷിയായ യു.ഡി.എഫ്. അംഗങ്ങൾ കൊണ്ടുവന്നത്. ഇരുപ്രമേയങ്ങളും എതിർപ്പില്ലാതെ പാസാക്കുകയായിരുന്നു.
യു.ഡി.എഫ്. പ്രമേയം കോൺഗ്രസ് കൗൺസിലർ സുബി പ്രജിത്താണ് അവതരിപ്പിച്ചത്. ഉമാറാണി പിന്താങ്ങി. എൽ.ഡി.എഫ്. കൊണ്ടുവന്ന പ്രമേയം സി.പി.എമ്മിലെ എസ്. കൃഷ്ണകുമാർ അവതരിപ്പിക്കുകയും അഡ്വ. ആർ. രാജേഷ് പിന്താങ്ങുകയും ചെയ്തു. 2015 ലാണു ഹരിപ്പാട് ഗ്രാമപ്പഞ്ചായത്ത് നഗരസഭയായി മാറുന്നത്. എന്നാൽ, ഏഴുവർഷത്തിനുശേഷം ഇപ്പോഴാണു കെട്ടിടനികുതി പരിഷ്‌കരിക്കുന്നത്. 2015 മുതൽ വീടുകളുടെയും കടകളുടെയും നികുതി ഗ്രാമപ്പഞ്ചായത്ത് നിശ്ചയിച്ച നിരക്കിലാണ് ഈടാക്കിവന്നത്. 2016 മുതൽ മൂന്നുവർഷത്തെ കെട്ടിടനികുതി കുടിശ്ശികയ്ക്കു പിഴ ഈടാക്കരുതെന്നു സർക്കാർ ഉത്തരവുണ്ട്.
ആ കാലയളവിൽ നികുതി പരിഷ്‌കരിച്ചിരുന്നെങ്കിൽ കെട്ടിട ഉടമകൾക്കു പിഴ ഒഴിവായിക്കിട്ടുമായിരുന്നു. എന്നാൽ, ഇപ്പോൾ ഏഴുവർഷം വൈകി നികുതി പരിഷ്‌കരണം നടത്തുന്നതിനാൽ കുടിശ്ശിക ഒഴിവാക്കുന്നതിന്റെ ആനുകൂല്യം ലഭിക്കില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സി.പി.എമ്മും ബി.ജെ.പി.യും നഗരസഭാ ഭരണസമിതിക്കെതിരേ സമരത്തിലാണ്. ഇതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട് ഭരണകക്ഷിയും പ്രതിപക്ഷത്തെ സി.പി.എമ്മും പ്രത്യേകം പ്രമേയങ്ങളുമായി രംഗത്തുവന്നത്.
2015 മുതൽ ഹരിപ്പാട് നഗരസഭാഭരണം കോൺഗ്രസ് നേതൃത്വത്തിലെ യു.ഡി.എഫിനാണ്. യഥാസമയം കെട്ടിടനികുതി പരിഷ്‌കരിക്കാഞ്ഞത് ഭരണസമിതിയുടെ വീഴ്ചയാണെന്ന ആരോപണമാണു പ്രതിപക്ഷം മുന്നോട്ടുവെക്കുന്നത്.
എന്നാൽ, നഗരസഭയായതിനുശേഷം എല്ലാ കെട്ടിടങ്ങളുടെയും വിസ്തൃതി പരിശോധിച്ചു രേഖകൾ തയ്യാറാക്കേണ്ടിവന്നതിനാലാണു നികുതി പരിഷ്‌കരണത്തിനു കാലതാമസമുണ്ടായതെന്നാണു ബന്ധപ്പെട്ടവർ വിശദീകരിക്കുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..