ഹരിപ്പാട് : ദേശീയപാതാ നിർമാണത്തിനിടെ കുടിവെള്ളക്കുഴലുകൾ പൊട്ടുന്നത് വേഗത്തിൽ നന്നാക്കണമെന്നു കളക്ടർ ഹരിത വി. കുമാർ നിർമാണക്കരാറുകാർക്കു നിർദേശം നൽകി. പുന്നപ്ര, പുറക്കാട്, കരുവാറ്റ എന്നിവിടങ്ങളിൽ നിരന്തരം പൈപ്പുപൊട്ടുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ അടിയന്തര അറ്റകുറ്റപ്പണിക്ക് നേരത്തേതന്നെ ജില്ലാ ഭരണകൂടം നിർദേശം നൽകിയിരുന്നു.
എന്നാൽ, പറവൂർ മുതൽ കൊറ്റുകുളങ്ങരവരെയുള്ള ഭാഗത്ത് ഇതു പാലിക്കപ്പെടുന്നില്ലെന്ന പരാതി വ്യാപകമാണ്. വ്യാഴാഴ്ച കളക്ടറുടെ അധ്യക്ഷയിൽ നടന്ന അവലോകയോഗത്തിൽ ഇതുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിച്ചു.
അടുത്തദിവസം മുതൽ പറവൂർ-കൊറ്റുകുളങ്ങര ഭാഗത്ത്് പൈപ്പുനന്നാക്കാൻ നാലുസംഘങ്ങളെ നിയോഗിക്കാൻ നിർമാണക്കരാറുകാരെ ചുമതലപ്പെടുത്തി. തോട്ടപ്പള്ളി മുതൽ വടക്കോട്ടു പറവൂർ വരെ രണ്ടുസംഘങ്ങളും തോട്ടപ്പള്ളി മുതൽ കായംകുളം കൊറ്റുകുളങ്ങരവരെ മറ്റു രണ്ടുസംഘങ്ങളുമുണ്ടാകും. റോഡുപണിക്കിടെ പൈപ്പുപൊട്ടിയാൽ അതേദിവസംതന്നെ നന്നാക്കാനാണു നിർദേശം.
യന്ത്രസഹായത്തോടെ മണ്ണുമാറ്റുന്നതിനിടെ കുടിവെള്ള പൈപ്പുകൾ പൊട്ടുന്നത് ഒഴിവാക്കാനാകില്ല. എന്നാൽ, ഇതിലൂടെ ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാൻ പാടില്ലെന്നും ജില്ലാ ഭരണകൂടം കരാർ കമ്പനികളെ അറിയിച്ചിരുന്നു.
ഇതിനായി കരാറുകാരുടെ പ്രതിനിധികളെയും ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി നേരത്തേ കർമസമിതി രൂപവത്കരിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല.
എച്ച്. സലാം എം.എൽ.എ., ഭൂമിയേറ്റെടുക്കൽ വിഭാഗം സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ സി. പ്രേംജി, ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടർ പ്രദീപ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പറവൂർ- കൊറ്റുകുളങ്ങര ഭാഗത്ത് പൈപ്പുനന്നാക്കാൻ നാലുസംഘങ്ങൾ
സ്കൂളുകളിലേക്കുള്ള യാത്രാതടസ്സം പരിഹരിക്കും
: ദേശീയപാതയോരത്തെ പള്ളിക്കൂടങ്ങളിലേക്കുള്ള യാത്ര സുഗമമാക്കാൻ ദേശീയപാതാ അതോറിറ്റി അധികൃതർ നിർമാണക്കരാറുകാരെ ചുമതലപ്പെടുത്തി.
സ്കൂളുകളിലേക്കുള്ള വഴിയിലെ തടസ്സം നീക്കണം. ഓടയുടെ പണി പൂർത്തിയാകാത്തയിടങ്ങളിൽ വഴി തടസ്സപ്പെടാതിരിക്കാൻ താത്കാലിക സംവിധാനം ഏർപ്പെടുത്തണം. കായംകുളം, ഹരിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിൽ വഴി തടസ്സപ്പെടുത്തിയതായി പരാതിയുണ്ട്.
കാർത്തികപ്പള്ളി താലൂക്കിൽ ദേശീയപാതയോരത്തു 15 സ്കൂളുകളുണ്ട്. ഇതിൽ ആറു സ്കൂളുകളിലേക്കുള്ള വഴിയാണു തടസ്സപ്പെട്ടിരിക്കുന്നത്.
അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലും സമാനപരാതിയുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..