നിയന്ത്രണം 2011-ലെ സെൻസസ് പ്രകാരം: ജനസാന്ദ്രത കൂടിയിട്ടും ഇളവില്ല


2 min read
Read later
Print
Share

• തീരപരിപാലന നിയമത്തിൽക്കുടുങ്ങി പഞ്ചായത്തുകൾ

ഹരിപ്പാട് : തീരദേശപരിപാലന നിയമത്തിലെ നിയന്ത്രണങ്ങൾക്കു പ്രധാനമായും അടിസ്ഥാനമാക്കുന്നത് 2011-ലെ സെൻസസ്. കിലോമീറ്റർ പരിധിയിൽ 2161-ൽ താഴെ ആളുകളുള്ള പഞ്ചായത്തുകളെ തീരദേശപരിപാലന നിയമത്തിന്റെ മൂന്ന് (ബി.) പട്ടികയിൽ ഉൾപ്പെടുത്തും.

കടൽത്തീരത്ത് 200 മീറ്റർ പരിധിയിലും കായൽത്തീരത്ത് 50 മീറ്റർ പരിധിയിലും നിർമാണങ്ങൾക്കു നിയന്ത്രണം വരുമെന്നതാണ് പട്ടികയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളുടെ സവിശേഷത. ജില്ലയിലെ ഭൂരിപക്ഷം പഞ്ചായത്തുകളും ഈ വിഭാഗത്തിൽവരും.

ജനസാന്ദ്രത 2161-നു മുകളിലാണെങ്കിൽ മൂന്ന് (എ) പട്ടികയിലേക്കുമാറും. തീരത്ത് 50 മീറ്റർ പരിധിയിൽ മാത്രമാണ് ഈ വിഭാഗത്തിൽവരുന്ന സ്ഥലങ്ങളിൽ നിർമാണത്തിനു നിയന്ത്രണം. കായൽത്തീരത്തു പ്രത്യേക നിയന്ത്രണം പറയുന്നുമില്ല. 2011-നുശേഷം ജനസാന്ദ്രതയിൽ വലിയതോതിൽ വർധനവുണ്ടായ തീരദേശഗ്രാമങ്ങളാണ് ജില്ലയിലുള്ളത്. ഇതിനുശേഷം സെൻസസ് നടക്കാത്തതിനാൽ ഈ വർധന സർക്കാർ രേഖകളിലില്ല. ഇതാണ് തീരദേശവാസികൾക്കു വിനയാകുന്നത്.

തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ജനസാന്ദ്രത 2011-ലെ സെൻസസ് പ്രകാരം 2129 ആണ്. 12 വർഷത്തിനുശേഷം ഇത് 2500-ന് അടുത്ത് എത്തിയിട്ടുണ്ടാകുമെന്നാണ് സന്നദ്ധസംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. എന്നിട്ടും, തൃക്കുന്നപ്പുഴ തീരപരിപാലനനിയമത്തിന്റെ മൂന്ന് (ബി) പട്ടികയിലാണ്. ഇപ്പോഴത്തെ ജനസാന്ദ്രത പരിഗണിച്ചാൽ തൃക്കുന്നപ്പുഴ പഞ്ചായത്ത് മൂന്ന് (എ) പട്ടികയിലേക്കു മാറേണ്ടതാണ്. സാങ്കേതികമായി ഇതിനുകഴിയില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.

ജില്ലയിൽ കഞ്ഞിക്കുഴി, കടക്കരപ്പള്ളി, അർത്തുങ്കൽ, മാരാരിക്കുളം തെക്ക് എന്നീ പ്രദേശങ്ങൾ മാത്രമാണ് നിയന്ത്രണങ്ങളിൽ വലിയതോതിൽ ഇളവുള്ള മൂന്ന് (എ) പട്ടികയിൽ ഉൾപ്പെടുന്നത്. അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളുടെ പരിധിയിലെ പ്രദേശങ്ങൾക്ക് നഗരകേന്ദ്രീകൃതപ്രദേശം എന്ന പരിഗണന ലഭിച്ചിട്ടുള്ളതിനാൽ നിയന്ത്രണങ്ങളിൽ ഇളവുണ്ട്.

മറ്റു തദ്ദേശസ്ഥാപനങ്ങളെല്ലാം നിർമാണപ്രവർത്തനങ്ങൾക്ക് കടുത്തനിയന്ത്രണമുള്ള വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ജില്ലയിൽ നാലു നഗരസഭകളും 32 ഗ്രാമപ്പഞ്ചായത്തുകളുമാണ് നിയമത്തിന്റെ പരിധിയിലുള്ളത്.

വീടുകൾക്ക് പരമാവധി ഉയരം ഒൻപതു മീറ്റർ

: മൂന്ന് (ബി) പട്ടികയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ നിശ്ചിതപരിധിക്കുപുറത്ത് കെട്ടിടങ്ങൾ നിർമിക്കുമ്പോൾ പരമാവധി ഉയരം ഒൻപതു മീറ്ററായി നിജപ്പെടുത്തേണ്ടിവരും. രണ്ടുനില വീടുനിർമിക്കാം. എന്നാൽ, അതിനുമീതെ ഷീറ്റിട്ടു സംരക്ഷിക്കാൻ അനുവാദമില്ല.

ജൂൺ ഒൻപതിനു ജില്ലാതല അദാലത്ത് നടക്കുന്നുണ്ട്. 2011-ലെ തീരദേശപരിപാലന വിജ്ഞാപനപ്രകാരം തയ്യാറാക്കിയ കരടു റിപ്പോർട്ടിന്മേലുള്ള ആക്ഷേപങ്ങൾ സ്വീകരിക്കാൻ കളക്ടറേറ്റിലാണ് അദാലത്ത്. തദ്ദേശസ്ഥാപനങ്ങളിലും കളക്ടറേറ്റിലും ജില്ലാ പഞ്ചായത്ത് ഓഫീസിലും വിജ്ഞാപനം പരിശോധിക്കാം. ആക്ഷേപങ്ങൾ അദാലത്തിൽ നേരിട്ടുനൽകാം.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..