• ഹരിപ്പാട് നഗരസഭ സി.ഡി.എസ്. ഭാരവാഹികൾ സംസ്ഥാനതലത്തിലെ പുരസ്കാരം മന്ത്രി എം.ബി. രാജേഷിൽനിന്ന് ഏറ്റുവാങ്ങിയപ്പോൾ
ഹരിപ്പാട് : കുടുംബശ്രീ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ നടത്തിയ ‘ഒപ്പം’ പ്രചാരണപരിപാടിയിൽ ഹരിപ്പാട് നഗരസഭയിലെ സി.ഡി.എസിന് രണ്ടാംസമ്മാനം ലഭിച്ചു.
50,000-ൽ താഴെ ജനസംഖ്യയുള്ള നഗരസഭകളുടെ വിഭാഗത്തിലാണിത്.
തിരുവനന്തപുരത്തു നടന്ന കുടുംബശ്രീ വാർഷികാഘോഷസമാപനച്ചടങ്ങിൽ മന്ത്രി എം.ബി. രാജേഷിൽനിന്നു സി.ഡി.എസ്. ചെയർപേഴ്‌സൺ ആർ. സിന്ധു, മുൻചെയർപേഴ്‌സൺ എം.എസ്.വി. അംബിക, കൗൺസിലർമാരായ അനസ് എ. നസിം, വൃന്ദ എസ്. കുമാർ തുടങ്ങിയവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ഒരുവീട്ടിൽനിന്ന് എല്ലാമാസവും ഒരോരൂപവീതം മാറ്റിവെച്ച് അതിദരിദ്രർ, ആശ്രയ ഗുണഭോക്താക്കൾ എന്നിവർക്കു മരുന്നുവാങ്ങുന്നതിനുള്ള പദ്ധതി ഹരിപ്പാട്ടെ സി.ഡി.എസ്. നടപ്പാക്കിയിരുന്നു.
‘ഒരുരൂപ മാറ്റിവെക്കൂ, ഒരുപുഞ്ചിരി പരത്തൂ’ എന്ന പേരിലാണിത്. സർക്കാരിന്റെ വയോമിത്രം പരിപാടിയിലൂടെ ലഭിക്കുന്ന മരുന്നുകൾക്കു പുറമേ ആവശ്യമായിവരുന്ന മരുന്നുകൾക്കാണ് ഈ തുക വിനിയോഗിക്കുന്നത്.
സംസ്ഥാനതലത്തിൽത്തന്നെ ഏറ്റവും ശ്രദ്ധേയമായ പദ്ധതിയാണിത്. ബ്ലോക്ക് കോ-ഓർഡിനേറ്റർ വിജേത് എസ്. കുമാറാണ് ഈ ആശയം രൂപവത്കരിച്ചത്.
കളക്ടറായിരുന്ന കൃഷ്ണതേജയാണു നേരത്തേ ഈ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. പ്രത്യാശ, നിർമിതി എന്നിങ്ങനെയുള്ള വിവിധപദ്ധതികളും ഹരിപ്പാട്ടെ സി.ഡി.എസ്. ഏറ്റെടുത്ത് നടത്തുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..