ഹരിപ്പാട് : കക്ക വാരുന്നതിനിടെ കായലിലെ മണലെടുപ്പുകുഴിയിൽ കുടുങ്ങിപ്പോയ യുവതിയെ മത്സ്യത്തൊഴിലാളി സാഹസികമായി രക്ഷപ്പെടുത്തി. കാർത്തികപ്പള്ളി പുളിക്കീഴ് തെക്ക് കുറ്റിപ്പറമ്പിൽ പ്രസാദിന്റെ ഭാര്യ ബിന്ദു(40)വാണ് മരണക്കയത്തിൽനിന്ന് കരകയറിയത്. രക്ഷകനായത് മഹാദേവികാട് കിഴക്കേ അറ്റത്ത് ബിനു പ്രശാന്താണ്.
മഹാദേവികാട് പുളിക്കീഴ് തെക്ക് ക്ഷേത്രത്തിനു സമീപത്തെ വട്ടക്കായലിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ബിന്ദുവും അയൽവാസിയായ ജയഭവനത്തിൽ അനിലയും ചേർന്നാണ് കക്കവാരാൻ കായലിലിറങ്ങിയത്. ഇവരുടെ മക്കളും സഹായത്തിനുണ്ടായിരുന്നു. കക്കവാരുന്നതിനിടെ ബിന്ദുവിന്റെ കൈവശമുണ്ടായിരുന്ന പാത്രം ഒഴുകിപ്പോയി. പാത്രം എടുക്കാൻ ബിന്ദുവിന്റെ മകൾ ശ്രമിച്ചെങ്കിലും ഒഴുക്കിൽപ്പെട്ടു. നീന്തിയെത്തി മകളെ രക്ഷിച്ച് കരയിലെത്തിച്ചശേഷം ബിന്ദു ജോലി തുടരുകയായിരുന്നു.
കായലിൽ മുങ്ങിയാണ് കക്ക ശേഖരിക്കുന്നത്. കക്കവാരാൻ മുങ്ങിയ ബിന്ദു ഏറെനേരം കഴിഞ്ഞിട്ടും മുകളിലെത്തിയില്ല. ഒപ്പമുണ്ടായിരുന്നവർ ബഹളംവെച്ചതോടെ സമീപത്ത് വലവീശിക്കൊണ്ടിരുന്ന ബിനുപ്രശാന്ത്, ബിന്ദു മുങ്ങിയഭാഗത്ത് തിരച്ചിൽ നടത്തി.
ബിന്ദു ചളിയിൽ കുടുങ്ങിയനിലയിലായിരുന്നു. രക്ഷപ്പെടുത്തി ഉടനെ തൃക്കുന്നപ്പുഴ സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ച് പ്രാഥമികചികിത്സ നൽകി.
പിന്നീട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. വർഷങ്ങൾക്കു മുൻപ് ഡ്രഡ്ജ് ചെയ്ത് ആഴത്തിൽ മണലെടുത്ത ഭാഗത്താണ് ബിന്ദു അപകടത്തിൽപ്പെട്ടത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..