സിവിൽ സർവീസ്: ജില്ലയിൽ അഞ്ചു റാങ്കുകൾ


2 min read
Read later
Print
Share

ആറാം പരിശ്രമത്തിൽ ദേവിപ്രിയ ലക്ഷ്യംകണ്ടു

ഹരിപ്പാട് : ദേവിപ്രിയ അജിത്ത് സിവിൽ സർവീസ് കടമ്പകടന്നത് ആറാം പരിശ്രമത്തിൽ. ആദ്യപ്രാവശ്യം അഭിമുഖത്തിലാണ് പിന്നാക്കംപോയത്. രണ്ടാംവർഷം പ്രിലിമിനറി കടക്കാനായില്ല. അടുത്ത രണ്ടുപ്രാവശ്യം മെയിൻ പരീക്ഷയിൽ തോറ്റു. കഴിഞ്ഞവർഷം അഭിമുഖംവരെയെത്തിയെങ്കിലും വിജയം അകന്നുപോയി. എങ്കിലും പ്രിലിമിനറി പരീക്ഷയുടെ മികവിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.എസ്.) മെയിൻപരീക്ഷയെഴുതാൻ അവസരം ലഭിച്ചു. 51-ാം റാങ്കോടെ ഐ.എഫ്.എസിൽ ഇടംകിട്ടി. ദെഹ്‌റാദൂണിൽ പരിശീലനം തുടരുന്നതിനിടെയാണ് ഇത്തവണ വീണ്ടും സിവിൽ സർവീസ് പരീക്ഷ നേരിട്ടത്.

573-ാം റാങ്കോടെയാണ് മുതുകുളം ഉമ്മർമുക്കിനടുത്തെ കടാമ്പള്ളിൽ എം. അജിത്കുമാറിന്റെയും ലതാ വിശ്വനാഥിന്റെയും മകളായ ദേവിപ്രിയ അജിത്ത് ആ ലക്ഷ്യം നേടിയത്. ഐ.എഫ്.എസ്. കേരള കേഡറിലാണ് ദേവിപ്രിയ ഉൾപ്പെടുന്നത്. പരിശീലനം അടുത്ത ഏപ്രിലിൽ പൂർത്തിയാകും. കേരളത്തിൽ ജോലിചെയ്യാൻ കഴിയുമെന്നതിനാൽ ഐ.എഫ്.എസ്. വിടുന്നതിനെപ്പറ്റി അന്തിമതീരുമാനമെടുത്തിട്ടില്ലെന്ന് ദേവിപ്രിയ പറഞ്ഞു.

കാർത്തികപ്പള്ളി ഹോളിട്രിനിറ്റി സ്കൂളിൽനിന്ന്‌ 90 ശതമാനം മാർക്കോടെയാണ് പത്താംക്ലാസ് പൂർത്തിയാക്കിയത്. കായംകുളം എസ്.എൻ. സെൻട്രൽ സ്കൂളിലായിരുന്നു പ്ലസ്ടു പഠനം. എല്ലാ വിഷയങ്ങൾക്കും എ വൺ ഗ്രേഡിൽ വിജയം. പിന്നാലെ, വെള്ളായണി കാർഷിക സർവകലാശാലയിൽ ബി.എസ്‌സി. അഗ്രികൾച്ചറിനു ചേർന്നു. 87 ശതമാനം മാർക്കോടെ ജയിച്ചു.

രണ്ടുവർഷം ഹൈക്കോടതിയിൽ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി ജോലിചെയ്തു. കൃഷിയും നിയമവുമാണ് ഇത്തവണ അഭിമുഖത്തിനുള്ള വിഷയമായത്. ‘കൃഷിയുടെ പുരോഗതിക്കുവേണ്ടിയുള്ള പദ്ധതികൾ നടപ്പാക്കുമ്പോൾ കർഷകരുടെ അഭിപ്രായം തേടണമെന്നും കോടതി അലക്ഷ്യവുമായി ബന്ധപ്പെട്ട് നിലവിലുള്ള നടപടിക്രമങ്ങൾ പൊളിച്ചെഴുതണമെന്നുമുള്ള നിലപാടാണ് അഭിമുഖത്തിൽ സ്വീകരിച്ചത്. അനന്ദ് ചന്ദ്രശേഖറിന് വീണ്ടുംസിവിൽ സർവീസിൽ റാങ്ക്

കായംകുളം :ക്ലാസുകളിൽ എല്ലാം ഒന്നാമനായി പഠിച്ച അനന്ദ് ചന്ദ്രശേഖറിന് സിവിൽ സർവീസിൽ വീണ്ടും റാങ്ക്. ഇക്കുറി 377-ാം റാങ്കാണ് ലഭിച്ചത്.

നേരത്തേ 145-ാം റാങ്ക് ലഭിച്ച് ഇന്ത്യൻ പോലീസ് സർവീസിൽ ഉത്തർപ്രദേശ് കേഡറിൽ പരിശീലനം തുടങ്ങിയിരുന്നു. ഇപ്പോൾ ഹൈദരാബാദ് സർദാർ വല്ലഭായി പട്ടേൽ നാഷണൽ പോലീസ് അക്കാദമിയിൽ പരിശീലനത്തിലാണ്.

ഇക്കുറി കഴിഞ്ഞതവണത്തെക്കാൾ കുറഞ്ഞ റാങ്കായതിനാൽ പ്രസക്തിയില്ലാതായി.

രാമപുരം കീരിക്കാട് പത്തിയൂർക്കാല വടക്കേ അരിവന്നൂർ ഉണ്ണിക്കൃഷ്ണൻനായരുടെയും എൽ. ബിനുവിന്റെയും മകനാണ്.

ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അക്കൗണ്ട്‌സിന്റെ ഫെലോ മെമ്പറും ചേപ്പാട് ഭുവി ഓഡിറ്റോറിയം ഉടമയുമാണ് ഉണ്ണിക്കൃഷ്ണൻ നായർ. കരുവാറ്റ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലാണ് ബിനു. സഹോദരൻ മിഥുൻ ചന്ദ്രശേഖർ ഒഡിഷയിലെ ഭുവനേശ്വർ ഐ.ഐ.ടി. കംപ്യൂട്ടർ സയൻസിൽ മൂന്നാംവർഷ വിദ്യാർഥിയാണ്. ആദ്യം 135-ാം റാങ്ക്, കെ.എ.എസിന് ഒന്നാം റാങ്ക് ഇപ്പോൾ വീണ്ടും സിവിൽ സർവ്വീസിന് 81-ാം റാങ്ക്മാവേലിക്കര : മാലിനിയുടെ ഇന്ത്യൻ ഫോറിൻ സർവീസ് എന്ന മോഹത്തിനുമുന്നിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഒന്നാംറാങ്ക് തടസ്സമായില്ല. സിവിൽ സർവീസിലെ 135-ാം റാങ്കിലും കെ.എ.എസിലെ ഒന്നാംറാങ്കിലും തൃപ്തയാകാതെയാണ് മാലിനി വീണ്ടും സിവിൽ സർവീസ് എഴുതിയത്.

ഇൻകംടാക്സ് അസിസ്റ്റന്റ് കമ്മിഷണറായി നാഗ്പുരിലെ എൻ.എ.ഡി.ടി. യിൽ പരിശീലനത്തിലായിരുന്ന മാലിനി ആറുമാസത്തെ അവധിയെടുത്ത് തിരുവനന്തപുരത്ത് രണ്ടു സുഹൃത്തുക്കളോടൊപ്പം താമസിച്ചായിരുന്നു പഠനം. ജ്യോഗ്രഫിയായിരുന്നു ഐച്ഛികവിഷയം.

കഠിനാധ്വാനത്തിനനുസരിച്ചുള്ള റാങ്കു കിട്ടിയില്ലെന്നാണ് മാലിനിയുടെ പക്ഷം. ഇതിലും മുന്നിലുള്ള റാങ്ക് പ്രതീക്ഷിച്ചിരുന്നു.

മുമ്പ് സിവിൽ സർവീസ് പരീക്ഷയിൽ മാലിനിയെ അഭിമുഖം നടത്തിയ അതേ ബോർഡായിരുന്നു ഇത്തവണയും.

അതിനാൽ പരിഭ്രമം ഒട്ടുമില്ലായിരുന്നെന്നും മാലിനി പറയുന്നു. പലതവണ മോക് ഇന്റർവ്യൂവിൽ പങ്കെടുത്തതും സഹായകരമായി.

ലിംഗ്വിസ്റ്റിക്സിൽ ബിരുദാനന്തരബിരുദം നേടിയ മാലിനിക്ക്‌ 2020-ൽ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി ജോലി ലഭിച്ചിരുന്നു. ആദ്യതവണ ലഭിച്ച സിവിൽ സർവീസ് വിജയത്തെത്തുടർന്നാണ് ഇൻകംടാക്സ് അസിസ്റ്റന്റ് കമ്മിഷണറായത്. സാഹിത്യകാരൻ പരേതനായ എരുമേലി പരമേശ്വരൻ പിള്ളയുടെ ചെറുമകളും ചെട്ടികുളങ്ങര കൈത വടക്ക് പ്രതിഭയിൽ അഭിഭാഷകൻ പി. കൃഷ്ണകുമാറിന്റെയും റിട്ട. അധ്യാപിക ശ്രീലതയുടെയും മകളുമാണ് മാലിനി. പോണ്ടിച്ചേരി സർവകലാശാലയിൽ റിസർച്ച് സ്കോളറായ നന്ദിനിയാണ് സഹോദരി.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..