ഹരിപ്പാട് : ദേശീയപാത 66 ആറുവരിയിൽ നിർമിക്കുമ്പോൾ പ്രധാന ജങ്ഷനുകളിൽ റോഡിന് ഏഴരമീറ്ററോളം ഉയരമുണ്ടാകും. മേൽപ്പാലം (ഫ്ളൈഓവർ), അടിപ്പാത (അണ്ടർ പാസ്) എന്നിവ നിർമിക്കുന്ന ഭാഗങ്ങളിലാണിത്. മറ്റിടങ്ങളിൽ ഭൂമിയുടെ ചരിവിനനുസരിച്ച് രണ്ടുമുതൽ മൂന്നുവരെ മീറ്റർ ഉയരത്തിലാകും ആറുവരിപ്പാത കടന്നുപോകുന്നത്.
തുറവൂർ മുതൽ ജില്ലാ അതിർത്തിയായ കായംകുളം കൃഷ്ണപുരം വരെയുള്ള 81 കിലോമീറ്ററിൽ 40 പ്രധാന ജങ്ഷനുകളിലാണ് മേൽപ്പാലങ്ങളും അടിപ്പാതകളും നിർമിക്കുന്നത്. ഇതിൽ ഏഴെണ്ണം മേൽപ്പാലങ്ങളാണ്. അവയ്ക്കു 35 മീറ്റർ നീളത്തിലെ സ്പാനുകളാണുള്ളത്. ഭൂനിരപ്പിൽനിന്ന് അഞ്ചരമീറ്റർ ഉയരത്തിലാണു സ്പാനുകൾ വരുക. ഇതിനു മീതെയുള്ള കോൺക്രീറ്റും ടാറിങ്ങും കൂടിയാകുമ്പോൾ രണ്ടുമീറ്റർ കൂടിയാകും. ഫലത്തിൽ ഏഴരമീറ്റർ ഉയരത്തിലാകും ഇത്തരം സ്ഥലങ്ങളിൽ ആറുവരിപ്പാത കടന്നുപോകുക.
അടിപ്പാതകൾ രണ്ടുവിധത്തിലുണ്ട്. വലിയവാഹനങ്ങൾക്കും പോകാവുന്ന വിധത്തിൽ 22 മീറ്റർ വീതിയിൽ നിർമിക്കുന്നതും ചെറുതും ഇടത്തരം വാഹനങ്ങളെയും ഉദ്ദേശിച്ച് 12 മീറ്റർ വീതിയിലുള്ളതും. ഇതിൽ വലിയ അടിപ്പാതകൾക്കുള്ളിൽ അഞ്ചരമീറ്ററും ചെറിയ അടിപ്പാതയ്ക്കുള്ളിൽ നാലരമീറ്ററും ഉയരമുണ്ടാകും. രണ്ടിടത്തും മുകളിലെ കോൺക്രീറ്റും ടാറും ചേരുമ്പോൾ ഒരുമീറ്റർകൂടി ഉയരംവരും. അതായത് വലിയ അടിപ്പാതകളുടെ ഭാഗത്ത് റോഡിന് ആറരമീറ്ററും ചെറിയഅടിപ്പാതയുള്ളിടങ്ങളിൽ അഞ്ചരമീറ്ററും ഉയരമുണ്ടാകും.
മേൽപ്പാലം, അടിപ്പാത എന്നിവയ്ക്ക് ഇരുവശത്തും അരക്കിലോമീറ്ററോളം നീളത്തിൽ അനുബന്ധപാത നിർമിക്കും. ഉയരം ദൂരെനിന്നു ക്രമേണ കൂടിവരാനാണിത്. ജില്ലയിൽ 40 കേന്ദ്രങ്ങളിലും മണ്ണിട്ടുയർത്തി അനുബന്ധപാത നിർമിക്കാനാണു ദേശീയപാതാ അതോറിറ്റി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 45 മീറ്റർ വീതിയുള്ള റോഡിന്റെ നടുക്ക് 21 മീറ്റർ വീതിയിലാണ് ആറുവരിപ്പാത കടന്നുപോകുന്നത്. ഇതിന്റെ ഇരുവശത്തും സാധാരണനിരപ്പിൽ ഏഴുമീറ്റർ വീതിയിൽ സർവീസ് റോഡുണ്ടാകും. സർവീസ് റോഡിൽനിന്ന് ഏഴരമീറ്റർ ഉയരത്തിൽ ആറുവരിപ്പാത പോകുമ്പോൾ ഇരുവശവും കാണാനാകാത്തവിധം കൂറ്റൻ മതിലിന്റെ പ്രതീതിയാണുണ്ടാകുക.
മണ്ണിട്ടുയർത്തി അനുബന്ധപാത നിർമിക്കുന്നതിനു പകരം കോൺക്രീറ്റു തൂണുകൾ നിർമിച്ചാൽ ഈ പ്രശ്നം പരിഹരിക്കാമെന്നു ജില്ലയിലെ ജനപ്രതിനിധികളും വ്യാപാരിസംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ദേശീയപാതാ അതോറിറ്റിയുടെ പ്രതികരണം അനുകൂലമല്ല. ചെലവു കൂടുമെന്നതാണു പ്രധാന കാരണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..