ഹരിപ്പാട് : ദേശീയപാതയ്ക്കായി ഏറ്റെടുത്ത ഭൂമിയുടെയും നിർമിതികളുടെയും നഷ്ടപരിഹാരം നിശ്ചയിച്ചതിലെ അപാകങ്ങളെപ്പറ്റിയുള്ള പരാതികളിലെ തീർപ്പു വൈകുന്നു. കഴിഞ്ഞവർഷം ജനുവരി മുതൽ 3,000-ൽ അധികം പരാതികളാണ് ജില്ലയിലെ ആർബിട്രേറ്ററായ കളക്ടർക്കു ലഭിച്ചിട്ടുള്ളത്. 30 പരാതികളിലാണു തീർപ്പുണ്ടായത്. 250 പേരെ മൊഴിയെടുക്കാൻ വിളിച്ചെങ്കിലും നടപടി പൂർത്തിയായിട്ടില്ല.
നഷ്ടപരിഹാര നിർണയത്തെപ്പറ്റി പരാതിയുണ്ടെങ്കിൽ തുക കൈപ്പറ്റി ആറുമാസത്തിനകം പരാതിപ്പെടണം. പരാതി പരിഗണിക്കാൻ വൈകുന്നതിനാൽ പലരും വീണ്ടും പരാതി നൽകുകയാണ്. മറ്റു തിരക്കുകൾക്കിടെ സമയമുണ്ടാക്കിവേണം കളക്ടർ പരാതികേൾക്കാൻ. ഇതാണ് നടപടി നീളാൻ കാരണം.
ദേശീയപാതാ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കാൻ എല്ലാ ജില്ലകളിലേക്കും ആർബിട്രേറ്റർമാരെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി അപേക്ഷ വിളിച്ചിട്ട് ആറു മാസത്തിലധികമായി. റവന്യൂവകുപ്പിൽനിന്ന് ഉന്നതതസ്തികകളിൽ വിരമിച്ചവർ ഉൾപ്പെടെ അപേക്ഷിച്ചിട്ടുണ്ട്. നിയമനത്തിന്റെ കാര്യത്തിൽ സർക്കാർ അന്തിമതീരുമാനമെടുത്തിട്ടില്ല.
ജില്ലയിൽ കെട്ടിടങ്ങളുടെ വിലനിർണയത്തെപ്പറ്റിയാണ് കൂടുതൽ പരാതി. ഇരുനിലവീടുകളുടെ താഴത്തെ നിലയുടെ അളവുമാത്രം പരിഗണിച്ച് നഷ്ടപരിഹാരം നിശ്ചയിച്ചതുൾപ്പെടെയുള്ള ആക്ഷേപങ്ങളുണ്ട്. കെട്ടിടങ്ങളുടെ വിസ്തീർണം കണക്കാക്കിയതിലെ അപാകവും മതിലുകൾ ഉൾപ്പെടെയുള്ള നിർമിതികൾ പരിഗണിക്കാതിരുന്നതും ഉൾപ്പെടെ ഒട്ടേറെ പരാതികളാണുള്ളത്.
ദേശീയപാതാ അതോറിറ്റിയും ജില്ലയിലെ ഭൂമിയേറ്റെടുക്കൽ വിഭാഗവും ചേർന്ന് പരാതിക്കാരുടെ കെട്ടിടങ്ങൾ വീണ്ടും പരിശോധിച്ചിരുന്നു. ഇതനുസരിച്ച് നഷ്ടപരിഹാരം പുതുക്കി നിശ്ചയിക്കുകയും ചെയ്തു. ഇങ്ങനെയുള്ളവർക്കും ആർബിട്രേഷൻ നടപടിക്രമങ്ങളിലൂടെയാണ് അധികതുക നൽകേണ്ടത്.
നഷ്ടപരിഹാരവിതരണം മുടങ്ങിയിട്ട് രണ്ടുമാസം
: ദേശീയപാതാ അതോറിറ്റി ആവശ്യമായ തുക കൈമാറാത്തതിനാൽ ജില്ലയിലെ നഷ്ടപരിഹാരവിതരണം നിലച്ചിട്ട് രണ്ടുമാസമായി. ജില്ലയ്ക്ക് 3180.53 കോടി രൂപയാണ് അനുവദിച്ചിരുന്നത്. മാർച്ച് പകുതിയോടെ ഇതിന്റെ വിനിയോഗം പൂർത്തിയായി.
തുടർന്ന്, 600 കോടി രൂപകൂടി ആവശ്യപ്പെട്ട് ജില്ലയിലെ ഭൂമിയേറ്റെടുക്കൽ വിഭാഗം ദേശീയപാതാഅതോറിറ്റിക്കു റിപ്പോർട്ടു നൽകി. 472 കോടിരൂപ അനുവദിക്കാൻ രണ്ടാഴ്ചമുൻപ് നടപടിയായതാണ്. എന്നാൽ, ഇതുവരെയും ജില്ലയിലെ ഭൂമിയേറ്റെടുക്കൽ വിഭാഗത്തിന് ഈ തുക ലഭിച്ചിട്ടില്ല. 200 കോടി രൂപയോളം ഉടനെ വിതരണംചെയ്യാവുന്ന വിധത്തിൽ നടപടിക്രമങ്ങൾ പൂർത്തിയായിരിക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..