മോഷണം നടന്ന ചെങ്ങന്നൂർ ഐ.ടി.ഐ. ജങ്ഷനുസമീപമുള്ള ബിവറേജസ് കോർപ്പറേഷന്റെ വിൽപ്പന ശാലയിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
ചെങ്ങന്നൂർ : എം.സി. റോഡിൽ ഐ.ടി.ഐ. ജങ്ഷനുസമീപത്തെ ബിവറേജസ് കോർപ്പറേഷന്റെ വിൽപ്പനശാലയിൽ കവർച്ച. ശനിയാഴ്ച പുലർച്ചേ രണ്ടരയോടെയാണു മോഷണം നടന്നത്. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 12,000 രൂപയുടെ മദ്യം നഷ്ടപ്പെട്ടതായി കണ്ടെത്തി. സ്റ്റോക്കുമായി ഒത്തുനോക്കി കൂടുതൽ മദ്യം നഷ്ടപ്പെട്ടിട്ടുണ്ടോയെന്നറിയാൻ പരിശോധന തുടരുകയാണ്. വിൽപ്പനശാലയുടെ ഷട്ടറിന്റെ രണ്ടുപൂട്ടും തകർത്താണു മോഷ്ടാക്കൾ ഉള്ളിൽ പ്രവേശിച്ചത്.
രണ്ടുമോഷ്ടാക്കളുടെ സി.സി.ടി.വി. ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വിൽപ്പനശാലയിൽനിന്ന് കംപ്യൂട്ടർ ഹാർഡ് ഡിസ്‌ക്കും നഷ്ടപ്പെട്ടതായി ഉദ്യോഗസ്ഥർ പറയുന്നു. തിരക്കേറിയ എം.സി. റോഡരികിലുള്ള വിൽപ്പനശാലയുടെ പൂട്ടുകൾ തകർത്ത് മോഷണം നടത്തിയത് പോലീസിനെയും ഞെട്ടിച്ചു. അതേസമയം പ്രീമിയം കൗണ്ടറോടു കൂടിയ വിൽപ്പനശാലയിൽ കഴിഞ്ഞ ഒരുവർഷമായി രാത്രിയിൽ സുരക്ഷാ ജീവനക്കാരില്ല.
പ്രീമിയം കൗണ്ടറിൽനിന്ന് 5,420 രൂപ വില വരുന്ന മുന്തിയയിനം മദ്യമാണു നഷ്ടപ്പെട്ടത്. രാത്രിയിൽ സുരക്ഷാ ജീവനക്കാരില്ലെന്നു മനസ്സിലാക്കിയവരാണു മോഷണത്തിനു പിന്നിലെന്നാണു പോലീസ് സംശയിക്കുന്നത്. വിരലടയാള വിദഗ്ധരെത്തി തെളിവെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..