• വഴുവാടി എം.ജി.എം. എൽ.പി. സ്‌കൂളിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയപ്പാർട്ടി നേതാക്കളും എ.ഇ.ഒ. എത്തുന്നതും കാത്തിരിക്കുന്നു
പൂട്ടുന്നത് കുട്ടികളില്ലാത്തതിനാൽ
യോഗത്തിൽ എ.ഇ.ഒ. പങ്കെടുത്തില്ല
മാവേലിക്കര : മാനേജ്‌മെന്റിന്റെ അനാസ്ഥയിൽ പുതിയ അധ്യയനവർഷം എയ്ഡഡ് സ്‌കൂൾ പൂട്ടാനൊരുങ്ങുന്നതായി പരാതി. തഴക്കര വഴുവാടി എം.ജി.എം. എൽ.പി. സ്‌കൂളാണ് കുട്ടികളില്ലാത്തതിന്റെപേരിൽ പൂട്ടാനൊരുങ്ങുന്നത്. സ്‌കൂളിലെ പ്രഥമാധ്യാപിക ബുധനാഴ്ച വിരമിക്കുകയാണ്. നിലവിൽ ഇവർ മാത്രമാണ് ഇവിടെ അധ്യാപികയായുള്ളത്. വ്യാഴാഴ്ച സ്‌കൂളുകൾ തുറക്കാനിരിക്കെ എ.ഇ.ഒ.യുടെ നിർദേശപ്രകാരം ചൊവ്വാഴ്ച വൈകുന്നേരം സ്‌കൂളിൽ യോഗം വിളിച്ചിരുന്നു.
യോഗത്തിൽ തഴക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുമെത്തിയെങ്കിലും മാനേജ്‌മെന്റിന്റെ പ്രതിനിധിയും എ.ഇ.ഒ.യും എത്തിയില്ല. എ.ഇ.ഒ.യെ ഫോണിൽ ബന്ധപ്പെടാൻ ജനപ്രതിനിധികൾ ശ്രമിച്ചെങ്കിലും ലഭ്യമായില്ല.
എ.ഇ.ഒ. എത്തുന്നതിനായി മണിക്കൂറുകൾ കാത്തിരുന്നശേഷം രാത്രി വൈകിയാണ് യോഗം പിരിഞ്ഞത്.
112 വർഷം പഴക്കമുള്ള സ്‌കൂൾ പൂട്ടേണ്ടിവരുമെന്നുറപ്പായിട്ടും എ.ഇ.ഒ. വിഷയത്തിൽ ഗൗരവമായി ഇടപെട്ടില്ലെന്നതു ഗുരുതരവീഴ്ചയാണെന്നു യോഗം വിലയിരുത്തി. തഴക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീബാ സതീഷ്, വൈസ് പ്രസിഡന്റ് അംബികാ സത്യനേശൻ, ജില്ലാ പഞ്ചായത്തംഗം ജി. ആതിര, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജി.കെ. ഷീല, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽ വെട്ടിയാർ, പഞ്ചായത്തംഗങ്ങളായ എൽ. ഉഷ, മഹേഷ് വഴുവാടി, അമ്പിളി ഷാജി, പഞ്ചായത്ത് മുൻ പ്രസിഡന്റ് മുരളി തഴക്കര, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. രഘുപ്രസാദ്, എസ്. ശ്രീകുമാർ, സജി താച്ചയിൽ, ഉമ്മൻ നൈനാൻ, അജി, ബിജു പോക്കാട്ട് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കെ-ടെറ്റിന്റെ പരീക്ഷാച്ചുമതലയുണ്ടായിരുന്നതിനാലാണ് യോഗത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്ന് എ.ഇ.ഒ. പറയുന്നു. സ്‌കൂൾ നിലനിർത്താനുള്ള മാർഗമാലോചിക്കാൻ തഴക്കര ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്ച യോഗംചേരും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..