കുട്ടനാട് : ‘സ്കൂൾ തുറക്കാറായി സാറേ, പിള്ളേർക്കുള്ള പുസ്തകോം ബാഗും വാങ്ങാൻ ഒരു നിവൃത്തിയുമില്ല. എന്തെങ്കിലും ഒരു നടപടിയുണ്ടാകുമോ...?’ മങ്കൊമ്പിലെ ഒരു ബാങ്കിന്റെ ശാഖയിലെത്തിയ കർഷകൻ ദയനീയമായി ബാങ്ക് മാനേജരോടു ചോദിച്ചതാണിത്. അക്കൗണ്ട് പരിശോധിച്ചപ്പോൾ മിനിമം ബാലൻസായി വേണ്ട 1,000 രൂപ മാത്രം. നെല്ലുകൊടുത്ത വകയിൽ ഇദ്ദേഹത്തിനു കിട്ടാനുള്ളത് 3.5 ലക്ഷം രൂപയും.
നല്ലപരിചയമുള്ള സ്ഥിരമായി എത്തുന്ന ഇടപാടുകാരന്റെ വിഷമം കണ്ടില്ലെന്നു നടിക്കാൻ ബാങ്കുമാനേജർക്കായില്ല. അത്യാവശ്യംവേണ്ട ചെറിയ തുക ബാങ്കു മാനേജർ കൈവായ്പയായി നൽകിയാണു കർഷകനെ മടക്കിയത്. കർഷകന്റെയോ ബാങ്കിന്റെയോ പേരുപറയരുതെന്ന നിബന്ധനയോടെ ഒരു ബാങ്ക് മാനേജർ മാതൃഭൂമി ഓഫീസിൽ വിളിച്ചുപറഞ്ഞതാണിത്.
ജില്ലയിൽ ഇത്തരത്തിൽ ദുരിതത്തിലായ നൂറുകണക്കിനു കർഷകരുടെ നേർക്കാഴ്ചയാണീ സംഭവം. സ്‌കൂൾ തുറക്കാൻ ഇനി ഒരുനാൾമാത്രം ബാക്കിനിൽക്കേ കുട്ടികളുടെ പഠനാവശ്യങ്ങൾ പോലും നിർവഹിക്കാനാവാതെ തീതിന്നുന്ന നിരവധി കർഷകർ ജില്ലയിലുണ്ട്.
ഇതിൽ ഏറിയപങ്കും കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിലാണ്. മൂന്നുമാസമായി നെല്ലെടുത്തിട്ട്. പണംനൽകുന്ന കാര്യത്തിൽ കനറാബാങ്ക് മാത്രമാണു കർഷകർക്ക് ആശ്വാസം.
ചൊവ്വാഴ്ച സപ്ലൈകോയും എസ്.ബി.ഐ.യും തമ്മിൽ നെല്ലിന്റെ വിലനൽകുന്ന കാര്യത്തിൽ ധാരണയായെന്ന വിവരം ലഭിച്ചിട്ടുണ്ട്. ബുധനാഴ്ച മുതൽ എസ്.ബി.ഐ. ഉപഭോക്താക്കളായ കർഷകർക്ക് അക്കൗണ്ടിൽ പണം ലഭ്യമാകുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ഇത് പ്രായോഗികമാവില്ലെന്നാണു നെൽക്കർഷകരും സംഘടനകളും വിശ്വസിക്കുന്നത്. നെല്ലിന്റെ കൈപ്പറ്റു രശീതിൻമേൽ പണം നൽകാമെന്ന ഉത്തരവ് ബാങ്കിൽ വരാൻ സമയമെടുക്കും.
സ്‌കൂൾ തുറക്കുന്നതിനുമുൻപ് കാര്യങ്ങൾ നടത്താനാവില്ലെന്ന വിഷമത്തിൽ തന്നെയാണു കർഷകർ. സർക്കാരുമായി പണംനൽകാൻ ധാരണയായ ഒരുബാങ്കുകൂടി പലിശക്കാര്യത്തിൽ സമവായത്തിലെത്തിയിട്ടില്ല. ഇതുകൂടി ശരിയായാലേ കർഷകർക്ക് ആശ്വസിക്കാൻ വകയുള്ളൂ.
ഈ മൂന്നുബാങ്കിൽ അല്ലാതെ മറ്റുനിരവധി ബാങ്കുകളിൽ അക്കൗണ്ടുള്ള കർഷകർക്കു പിന്നെയും കടമ്പ ബാക്കിയാണ്. അക്കൗണ്ടുള്ളവർക്കെല്ലാം പണം കിട്ടിക്കഴിഞ്ഞിട്ടേ ഇവരെ പരിഗണിക്കൂ. കർഷകരുടെ ലിസ്റ്റ് സപ്ലൈകോ ഈ മൂന്നുബാങ്കുകൾക്കായി വീതിച്ചുനൽകും. ഇവരെ ബാങ്കിൽനിന്നു ഫോണിൽ വിളിച്ചുവരുത്തിയാണു രശീത് വാങ്ങി പണംനൽകുക. ഇതിന് ഇനിയും സമയമെടുക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..