1. അപകടത്തിൽപ്പെട്ട കാർ 2. അധ്യാപികമാരായ ജെസി തോമസും ധന്യയും
തുറവൂർ : കാറിടിച്ച് റോഡരികിൽ രക്തംവാർന്നുകിടന്ന യുവാവിനെയെടുത്ത് വാഹനത്തിൽ കയറ്റുമ്പോൾ ജീവനുണ്ടെന്ന് ഒരിക്കൽക്കൂടി ഉറപ്പുവരുത്തിയിരുന്നു. പിന്നീട് മരണവാർത്തയറിഞ്ഞപ്പോൾ നെഞ്ചുതകർന്നു. കോടംതുരുത്ത് ഗവ. എൽ.പി.എസിലെ പ്രീപ്രൈമറി അധ്യാപികമാരായ ജെസി തോമസിന്റെയും ധന്യയുടെയും വാക്കുകളാണിത്. അപകടത്തിൽപ്പെട്ട ഒരാളെ ആശുപത്രിയിലെത്തിക്കാൻ നേതൃത്വം നൽകിയതിന്റെ ചാരിതാർഥ്യം അവരുടെ വാക്കുകളിലുണ്ടായിരുന്നെങ്കിലും ജീവൻരക്ഷിക്കാൻ കഴിയാതെപോയതിൽ കടുത്ത നിരാശയുമുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്ക് 2.20-നാണ് ദേശീയപാതയിൽ കോടംതുരുത്ത് ഗവ. എൽ.പി.സ്കൂളിനു സമീപം അപകടം നടക്കുന്നത്. പാതയോരത്തുകൂടി ട്രോളിയും തള്ളിപ്പോകുകയായിരുന്ന മരംവെട്ടുതൊഴിലാളി, കോടംതുരുത്ത് മഴത്തുള്ളിവീട്ടിൽ പരമേശ്വരന്റെ മകൻ ധനീഷ് (29), മറ്റൊരു കാൽനടയാത്രക്കാരനായ വല്ലേത്തോട് നികർത്തിൽ രഘുവരന്റെ മകൻ രാഹുൽ (30) എന്നിവരെ നിയന്ത്രണംതെറ്റിയ കാർ ഇടിക്കുകയായിരുന്നു. മതിലിനു സമീപത്തേക്കു തെറിച്ചുവീണ ധനീഷിന് അനക്കമുണ്ടായിരുന്നില്ല. രാഹുലിനു ബോധമുണ്ടായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഉൾപ്പടെയുള്ളവർ ധനീഷ് മരിച്ചെന്നു വിധിയെഴുതി.
കാർയാത്രികർ ആംബുലൻസ് വിളിച്ചുവരുത്തി രാഹുലിനെ എറണാകുളം സ്വകാര്യ ആശുപത്രിയിലേക്കയച്ചു. അപ്പോഴും ധനീഷിനു ചുറ്റും ജനങ്ങൾ കാഴ്ചക്കാരായി നിൽക്കുന്നുണ്ടായിരുന്നു. 2.40 ആയപ്പോൾ ഇതെല്ലാം കണ്ടുനിൽക്കുകയായിരുന്ന അധ്യാപിക സ്വിൻസി ജെസിയോടും ധന്യയോടും വിവരം പറഞ്ഞു. ഉടൻതന്നെ ഇരുവരുമെത്തി നാഡിപിടിച്ചു നോക്കിയപ്പോൾ ധനീഷിനു ജീവനുണ്ടായിരുന്നു. എത്രയുംവേഗം ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഒരു വാഹനം തടഞ്ഞുനിർത്താൻപോലും ആരും തയ്യാറായില്ല. തുടർന്ന് ജെസിയും ധന്യയും ചേർന്നാണ് ഒരു പെട്ടി ഓട്ടോറിക്ഷ കൈകാണിച്ചു നിർത്തിയത്.
കാഴ്ചക്കാരിൽ ചിലർ ചേർന്ന് ധനീഷിനെയെടുത്തു വാഹനത്തിൽ കയറ്റിയപ്പോൾ ഓടിയെത്തിയ സഹോദരനും കൂടെക്കയറി. ജീവനുണ്ടെന്ന് ഒരിക്കൽക്കൂടി ഉറപ്പുവരുത്തിയശേഷമാണ് വാഹനം തുറവൂർ ഗവ. ആശുപത്രിയിലേക്കു പുറപ്പെട്ടത്. ഒന്നും വരുത്തരുതേയെന്ന പ്രാർഥനയുമായി അധ്യാപികമാർ ക്ലാസിലേക്കും പോയപ്പോൾ സമയം 2.46. വൈകീട്ട് കുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ രക്ഷിതാക്കളിൽനിന്നാണ് അധ്യാപികമാർ ധനീഷിന്റെ മരണവാർത്തയറിയുന്നത്.
26 മിനിറ്റാണ് യുവാവ് രക്തംവാർന്നു കിടന്നത്. പരിക്കേറ്റ രാഹുലിനെ കൊണ്ടുപോയ ആംബുലൻസിൽത്തന്നെ ധനീഷിനെ കയറ്റിയിരുന്നെങ്കിൽ ഒരുപക്ഷേ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്നാണ് അധ്യാപികമാർ കരുതുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..