1. ശ്രീമഹേഷും മകൾ നക്ഷത്രയും (ഫയൽചിത്രം) 2. ശ്രീമഹേഷിനെ തെളിവെടുപ്പിനെത്തിച്ച പോലീസ് ജീപ്പ് തടയാൻ ശ്രമിക്കുന്നവർ.
കായംകുളം : ആദ്യം മകളെയും ഇപ്പോൾ കൊച്ചുമകളെയും നഷ്ടപ്പെട്ടു. പത്തിയൂർ തൃക്കാർത്തികയിൽ ലക്ഷ്മണനെയും രാജശ്രീയെയും എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് ആർക്കുമറിയില്ല. ഇവരുടെ കൊച്ചുമകളാണ് കഴിഞ്ഞദിവസം രാത്രിയിൽ കൊല്ലപ്പെട്ട ആറുവയസ്സുകാരി നക്ഷത്ര.
ദാരുണമായ കൊലപാതകവിവരം അറിഞ്ഞതിന്റെ ഞെട്ടലിലാണ് ഇവർ. ബുധനാഴ്ച വൈകുന്നേരം നക്ഷത്ര അപ്പൂപ്പനെ വിളിച്ചിരുന്നു. സന്തോഷത്തോടെയാണ് സംസാരിച്ചത്. ഏറെനേരം കഴിയുംമുമ്പേ കൊലപാതക വിവരമെത്തി. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു.
ലക്ഷ്മണന്റെയും രാജശ്രീയുടെയും മകളാണ് വിദ്യ. വിദ്യയും ശ്രീമഹേഷും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഭർത്താവുമായി പിണങ്ങി വീട്ടിൽവന്നു നിന്നിട്ടുമുണ്ട്. ബന്ധുക്കളും മറ്റും ഇടപെട്ടാണ് തിരികെ അയച്ചത്. ശ്രീമഹേഷിന്റെ വീട്ടിൽവെച്ചാണ് വിദ്യ ആത്മഹത്യ ചെയ്തത്. അതിനുശേഷം കുഞ്ഞ് പത്തിയൂരിലെ അമ്മവീട്ടിലായിരുന്നു താമസം. അപ്പൂപ്പനും അമ്മുമ്മയും താലോലിച്ചു വളർത്തിയതാണ് നക്ഷത്രയെ. ഇടയ്ക്കിടെ ശ്രീമഹേഷ് നക്ഷത്രയെ കാണാൻ വരുമായിരുന്നു. ഒരുവർഷംമുമ്പാണ് ഇയാൾ നിർബന്ധപൂർവം കുഞ്ഞിനെ സ്വന്തം വീട്ടിലേക്കു കൊണ്ടുപോയത്.
നാട്ടുകാർക്കും ബന്ധുക്കൾക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു നക്ഷത്ര. കൊലപാതകവിവരമറിഞ്ഞ് ബുധനാഴ്ച രാത്രിയിൽത്തന്നെ ബന്ധുക്കൾ മാവേലിക്കരയിലെത്തിയിരുന്നു. നക്ഷത്രയുടെ സംസ്കാരവും പത്തിയൂരിലുള്ള വീട്ടിലാണു നടത്തുന്നത്. ഇവിടെയാണ് വിദ്യയെയും അടക്കിയിരിക്കുന്നത്. നക്ഷത്രയുടെ മൃതദേഹ പരിശോധനയും മറ്റും പൂർത്തിയായി. വിദ്യയുടെ സഹോദരൻ വിഷ്ണു വിദേശത്താണ്. വെള്ളിയാഴ്ച രാവിലെ വരും. വെള്ളിയാഴ്ച പകൽ മൂന്നു മണിക്കാണ് നക്ഷത്രയുടെ സംസ്കാരം.
മൊഴി പൂർണമായും വിശ്വസിക്കാതെ പോലീസ്
മാവേലിക്കര : ആറുവയസ്സുള്ള മകളെ വെട്ടിക്കൊന്ന പുന്നമൂട് ആനക്കൂട്ടിൽ ശ്രീമഹേഷി(38)നെ തെളിവെടുപ്പിനു കൊണ്ടുവരുന്നതുംകാത്ത് ജനക്കൂട്ടം കവലയിലും ഇടറോഡിലും വീടിനു മുന്നിലും കാത്തുനിന്നത് മണിക്കൂറുകളോളം.
രാവിലെ പത്തിനു മുമ്പേ ഒട്ടേറെയാളുകൾ ആനക്കൂട്ടിൽ വീടിന്റെ പരിസരത്തുണ്ടായിരുന്നു.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് തെളിവെടുപ്പിനു കൊണ്ടുവന്നത്. കൂസലില്ലാതെ തലയുയർത്തി അക്ഷോഭ്യനായാണ് പ്രതി വീടിനുള്ളിൽ കയറിയത്. കൃത്യത്തിനുപയോഗിച്ച മഴു കിടപ്പുമുറിയിലെ കട്ടിലിനടിയിൽനിന്ന് ഇയാൾ എടുത്തുകൊടുത്തു.
കൈകളിൽ വിലങ്ങുണ്ടായിരുന്നെങ്കിലും മഴു വീശിക്കാട്ടി കൊല നടത്തിയ രീതി വിവരിച്ചു. തെളിവെടുപ്പ് ഒരുമണിക്കൂറോളം നീണ്ടു. പ്രതിയുമായി പോലീസ് തിരിച്ചിറങ്ങി ജീപ്പിൽ കയറിയതോടെ നാട്ടുകാർ ജീപ്പുതടയാൻ ശ്രമിച്ചു.
സ്ത്രീകൾ ശപിച്ചു. ജനക്കൂട്ടത്തെ ബലംപ്രയോഗിച്ചു നീക്കിയാണ് പ്രതിയുമായി പോകാൻ പോലീസിനു കഴിഞ്ഞത്.
റിമാൻഡിലായ പ്രതിയെ കൂടുതൽ ചോദ്യംചെയ്യാൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് മാവേലിക്കര ഇൻസ്‌പെക്ടർ സി. ശ്രീജിത് പറഞ്ഞു. രാവിലെ ഫൊറൻസിക് സംഘമെത്തി തെളിവെടുത്തിരുന്നു. സയന്റിഫിക് ഓഫീസർ അഖിൽ കുമാർ, ഫൊറൻസിക് വിദഗ്ധ പി. പ്രതിഭ, അസി. പോലീസ് ഫോട്ടോഗ്രാഫർ രണധീർ എന്നിവരടങ്ങുന്ന സംഘമാണ് ശാസ്ത്രീയ പരിശോധന നടത്തിയത്.
ബുധനാഴ്ച രാത്രി ഏഴരയോടെയാണ് നാടിനെ നടുക്കിയ സംഭവം. തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടിലായിരുന്ന ശ്രീമഹേഷിന്റെ അമ്മ സുനന്ദ (62) ബഹളംകേട്ട് ഓടിച്ചെല്ലുമ്പോൾ വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെയാണു കണ്ടത്.
മഴുവുമായി നിൽക്കുന്ന പ്രതിയെക്കണ്ട് നിലവിളിച്ചു പുറത്തേക്കോടിയ സുനന്ദയുടെ പിന്നാലെചെന്ന ശ്രീമഹേഷ് അമ്മയെയും ആക്രമിച്ചു. ഓടിയെത്തിയ അയൽവാസികളെയും മഴു കാട്ടി ഭീഷണിപ്പെടുത്തി. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവർഷം മുൻപ് ആത്മഹത്യചെയ്തിരുന്നു. വിദേശത്തായിരുന്ന ശ്രീമഹേഷ് അച്ഛൻ ശ്രീമുകുന്ദൻ തീവണ്ടിതട്ടി മരിച്ചതിനുശേഷമാണ് നാട്ടിൽ സ്ഥിരതാമസമാക്കിയത്.
മകളെ വെട്ടിയത് സർപ്രൈസ് നൽകാമെന്നുപറഞ്ഞ്
മാവേലിക്കര : മകളെക്കൊന്നശേഷം ആത്മഹത്യ ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് പ്രതി പോലീസിനോടു പറഞ്ഞു. ഭാര്യ നേരത്തേ ആത്മഹത്യ ചെയ്തതിനാൽ പുനർവിവാഹത്തിനു ശ്രമിച്ചെങ്കിലും സാധിച്ചില്ല. ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്ന തോന്നൽ ശക്തമായതോടെ ആത്മഹത്യ ചെയ്യാനുറച്ചു. മകൾ അനാഥയാകരുതെന്നു കരുതിയാണ് കൊലപ്പെടുത്തിയത്. സിറ്റൗട്ടിലെ സോഫയിലിരുന്നു പഠിക്കുകയായിരുന്ന കുഞ്ഞിനു ടാബിൽ ഗെയിം വെച്ചുകൊടുത്തശേഷം അങ്ങോട്ടു തിരിഞ്ഞിരുന്നാൽ ഒരു സർപ്രൈസ് നൽകാമെന്നു പറഞ്ഞു. നക്ഷത്ര മറുവശത്തേക്കു തിരിഞ്ഞതോടെ മഴു ഉപയോഗിച്ച് ആഞ്ഞുവെട്ടുകയായിരുന്നു. മകളുടെ മൃതദേഹം കണ്ടതോടെ ധൈര്യം നഷ്ടപ്പെട്ടെന്നും പ്രതി പോലീസിനോടു പറഞ്ഞു.
മൊഴി പോലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. കൃത്യം നടന്ന സമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കൃത്യത്തിനുപയോഗിച്ച മഴു പുന്നമൂട്ടിൽ തന്നെയുള്ള ഒരാളാണു നിർമിച്ചുനൽകിയതെന്നു പോലീസിനു സൂചന ലഭിച്ചു. വീട്ടിലെ ആവശ്യത്തിനു വേണ്ടിയാണെന്നു പറഞ്ഞാണ് മഴു പണിയിച്ചത്.
Content Highlights: alappuzha Nakshatra murder sreemahesh


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..