ബാദുഷയുടെ സ്വപ്നം പൂവണിഞ്ഞു; വീട്ടുമുറ്റത്തുണ്ട് രണ്ടു കുതിരകൾ


കുതിരയ്ക്കൊപ്പം ബാദുഷ

മുഹമ്മ : ഊണിലും ഉറക്കത്തിലും കുതിരകളെ സ്വപ്നംകണ്ടു നടന്ന ഒരു യുവാവ്. മുഹമ്മ പതിനൊന്നാം വാർഡ് മത്തിച്ചിറ ബാദുഷയുടെ കുതിരസ്വപ്നം യാഥാർഥ്യമാക്കിയത് പിതാവ് രാജയാണ്. അമെച്ചർ നാടകങ്ങളിൽ രാജാപാർട്ട് കെട്ടിയും മീൻവിറ്റും കുടുംബംപോറ്റിയ രാജ, മക്കളുടെ ഏതാഗ്രഹത്തിനും എതിരായിരുന്നില്ല. 2008-ൽ ബാദുഷ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് കുതിരക്കമ്പം കയറിയത്. സ്കൂളിലേക്കു പോകുന്ന വഴിക്കുള്ള ഒതളശ്ശേരി വീട്ടിൽ അഡ്വ. ഒ.എസ്. പ്രതീഷ് (കണ്ണൻ) ഒരു പന്തയക്കുതിരയെ വാങ്ങി. ഇംഗ്ലീഷ് ബ്രീഡ് ഇനത്തിൽപ്പെട്ട കുതിരയായിരുന്നു ഇത്.

ഈ കുതിരയെ കാണാൻ എന്നും ബാദുഷ എത്തിയിരുന്നു. പിന്നെപ്പിന്നെ അടുപ്പമായപ്പോൾ തീറ്റകൊടുക്കാനും കൂടി. കുതിരക്കമ്പം മൂത്ത്‌ സ്കൂളിലെ ഉച്ചഭക്ഷണംപോലും വേണ്ടെന്നുവെച്ചിട്ടുണ്ട് ബാദുഷ.

ബാദുഷയുടെ സ്വപ്നം ഏറെ താമസിയാതെ പൂവണിഞ്ഞു. ഏകദേശം 13 വർഷം മുൻപ്. മത്സ്യക്കച്ചവടം നടത്തി സമ്പാദിച്ച പണംമുടക്കി പഴനിയിൽനിന്ന്‌ ചെറിയ കുതിരയെ വാങ്ങി രാജ മകനു സമ്മാനിച്ചു. കുതിരയ്ക്ക് കൃഷ്ണപ്രിയ എന്ന് ബാദുഷ പേരുമിട്ടു. ഇത് മാധ്യമങ്ങളിൽ വാർത്തയായി. എട്ടുമാസം മുൻപ് രോഗബാധിതനായി പിതാവ് രാജ മരിച്ചു.

സാമ്പത്തികബുദ്ധിമുട്ടു വന്നതോടെ ഈ കുതിരയെ വിറ്റു. ഈയിടെ പഴക്കച്ചവടം നടത്തി സമ്പാദിച്ച പണംമുടക്കി മലപ്പുറത്തുനിന്ന്‌ മാർവാഡി കുതിരയെ ബാദുഷ സ്വന്തമാക്കി ഇമ്രാൻ എന്നു പേരുമിട്ടു. പണ്ട് രാജാക്കന്മാർ ഉപയോഗിച്ചിരുന്ന തരത്തിലുള്ള ഈ കുതിരയ്ക്ക് 63 ഇഞ്ച് ഉയരമുണ്ട്. ഇതിനു പിന്നാലെ ഒരു പെൺകുതിരയെക്കൂടി ബാദുഷ വിലയ്ക്കുവാങ്ങി വളർത്തുകയാണ്.

കുതിരസവാരി പഠിപ്പിക്കാനുള്ള ഒരു സംരംഭം തുടങ്ങാനുള്ള ശ്രമത്തിലാണ് ഈ യുവാവ്. ഭാര്യ ജാസിയയും കുതിരക്കമ്പക്കാരിയാണ്. കുതിരസവാരി ഭർത്താവിൽനിന്ന്‌ സ്വായത്തമാക്കി. ഉമ്മ ആരിഫയും ഒരു കുഞ്ഞുമടങ്ങുന്ന കുടുംബമാണ് ബാദുഷയുടേത്.

Content Highlights: Badusha bought a horse by selling fruit

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..