മാതൃഭൂമി ഏജന്റിന്റെ അപകടമരണം, നിർത്താതെ പോയ വണ്ടി ആലപ്പുഴയിലെ വർക്‌ഷോപ്പിൽ കണ്ടെത്തി
ഹരിപ്പാട് : മാതൃഭൂമി കടുവൻകുളങ്ങര ഏജന്റ് കരുവാറ്റ രമ്യാഭവനം എം.എച്ച്. രാജുവിന്റെ മരണത്തിനിടയാക്കിയ അപകടത്തിനുശേഷം നിർത്താതെപോയ വാഹനവും ഡ്രൈവറെയും പോലീസ് കണ്ടെത്തി. ആലപ്പുഴ ഇരവുകാട് ജാസ്മിൻ മൻസിൽ അജ്മൽ റഷീദ് (26) ആണ് പിടിയിലായത്. ഇയാളുടെ വാൻ ആലപ്പുഴയിലെ വർക്‌ഷോപ്പിൽ കണ്ടെത്തി. വെള്ളിയാഴ്ച പുലർച്ചേയായിരുന്നു അപകടം. രക്തംവാർന്നനിലയിൽ ഏറെനേരം റോഡിൽക്കിടന്ന രാജു ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
പുലർച്ചേ പത്രവിതരണത്തിനിടെയാണ് രാജു അപകടത്തിൽപ്പെട്ടത്. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ അജ്മൽ റഷീദ് വാഹനം ഓടിച്ചുപോവുകയായിരുന്നു. ഇയാളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ മോട്ടോർവാഹനവകുപ്പിനു ശുപാർശ നൽകിയതായി പോലീസ് പറഞ്ഞു.
സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നാണ് അപകടത്തിനിടയാക്കിയ വാഹനത്തെപ്പറ്റി പോലീസിനു വിവരംലഭിച്ചത്. പുലർച്ചേ രണ്ടിനുശേഷം ദേശീയപാതയിലൂടെ കടന്നുപോയ വാഹനങ്ങളുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. ഇതിനിടെ അപകടം നടന്നതിനുസമീപത്ത് ഒരു വാഹനത്തിന്റെ ഹെഡ് ലൈറ്റ് തെളിയുന്നതിന്റെ ദൃശ്യങ്ങൾ പോലീസിനു കിട്ടി. വിശദമായ പരിശോധനയിൽ ഇവിടെ വാഹനം നിർത്തി ഡ്രൈവർ ഇറങ്ങിനിൽക്കുകയും പിന്നീട് പെെട്ടന്ന് ഓടിച്ചുപോവുകയും ചെയ്്തതായി മനസ്സിലായി.
ഇരുട്ടായതിനാൽ ആളെ വ്യക്തമല്ലായിരുന്നു. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ തിരിച്ചറിയാനും കഴിഞ്ഞില്ല. ഈ വാഹനം അപകടത്തിനുശേഷം ആലപ്പുഴയിലെ ഒരു വർക്‌ഷോപ്പിലേക്കുകൊണ്ടുപോയതായി മറ്റുസ്ഥലങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പിന്തുടർന്നതിലൂടെ പോലീസിന് മനസ്സിലായി.
പോലീസ് സംഘം വർക്‌ഷോപ്പിൽ എത്തിയപ്പോൾ, അപകടത്തെത്തുടർന്ന്്് വണ്ടിക്കുണ്ടായ കേടുപാടുകൾ മാറ്റാനുള്ള ശ്രമംനടക്കുകയായിരുന്നു. വണ്ടിനന്നാക്കി പുതിയ പെയിൻറ് അടിക്കാനാണ് ഉടമ വർക്‌ഷോപ്പുകാരെ ചുമതലപ്പെടുത്തിയിരുന്നത്. ഹരിപ്പാട് സ്റ്റേഷൻഹൗസ് ഓഫീസർ വി.എസ്. ശ്യാംകുമാർ, എസ്.ഐ. ശ്രീകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അജയൻ, കിഷോർ, രേഖ, സിവിൽ പോലീസ് ഓഫീസർമാരായ അരുൺ, നിഷാദ്, സുധീഷ് എന്നിവരുൾപ്പെടുന്ന സംഘമാണ് അന്വേഷണം നടത്തിയത്. ആലപ്പുഴയിലെ പോലീസ് ക്യാമറാസംഘവും അന്വേഷണവുമായി സഹകരിച്ചു.
Content Highlights: mathrubhumi agent death, vehicle was found at a workshop, alappuzha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..