ആദർശ് പരിശീലകൻ ശ്രീനാഥിനൊപ്പം
ചേർത്തല : കരപ്പുറത്തിലെ ചൊരിമണലിൽനിന്നു പ്രൊഫഷണൽ സൈക്കിളിങ്ങിലേക്ക് ഒരുതാരം. സ്വന്തമായി കണ്ടെത്തിയ വഴികളിലൂടെയാണ് ആദർശ് എന്ന 19-കാരൻ സൈക്കിളിങ് താരമാകുകയെന്ന സ്വപ്നത്തിന്റെ പടികൾ ചവിട്ടിക്കയറിയത്.
ദേശീയമത്സരങ്ങളിലും പ്രൊഫഷണൽ മത്സരങ്ങളിലും വലിയസാന്നിധ്യമാണ് ആദർശ്. ചെറിയ ക്ലാസിൽ പഠിക്കുമ്പോൾമുതൽ സൈക്കിൾയാത്ര തുടങ്ങിയ ആദർശ് ഇന്ന് മത്സരങ്ങളിൽ പങ്കെടുക്കുന്നതു മൂന്നുലക്ഷത്തോളം വിലവരുന്ന അത്യാധുനിക സൈക്കിളിലാണ്.
ഇടക്കൊച്ചി അക്വിനാസ് കോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥിയും ചേർത്തല കടക്കരപ്പള്ളി ചന്തുനിവാസിൽ അനിൽക്കുമാറിന്റെയും ശ്രീദേവിയുടെയും മകനുമാണ്. സൈക്കിൾ ഹരമായപ്പോഴാണു പത്താംക്ലാസ് പിന്നിട്ടപ്പോൾ വീട്ടുകാർ ഗിയറുള്ള സൈക്കിൾ വാങ്ങിയത്. ഇതുമായി എറണാകുളത്തടക്കം സൈക്കിളിങ് മത്സരങ്ങൾക്കു ചെന്നപ്പോഴാണു മത്സരത്തിനുപറ്റിയതല്ല തന്റെ സൈക്കിൾ എന്നു മനസ്സിലാക്കിയത്.
സാധാരണ കുടുംബമെങ്കിലും ആദർശിനായി ഇവർ പരിശ്രമിച്ച് 1.25 ലക്ഷം വിലവരുന്ന മത്സരത്തിനനുയോജ്യമായ സൈക്കിൾ വാങ്ങി. ജയ്മോൻ കോര എന്ന പരിശീലകന്റെ സഹായത്തോടെയാണു പരിശീലനം തുടങ്ങിയത്. ഇപ്പോൾ തമിഴ്നാടിനായി ദേശീയതലത്തിൽ മത്സരിക്കുന്ന ശ്രീനാഥിന്റെ കീഴിൽ ഊട്ടി കേന്ദ്രീകരിച്ചാണു പരിശീലനം. 2021-ൽ സംസ്ഥാനതലത്തിൽ അഞ്ചാംസ്ഥാനത്തെത്തിയാണ് സൈക്കിളിങ് മേഖലയിലേക്കുള്ള വരവറിയിച്ചത്. നവി മുംബൈയിൽ നടന്ന മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തു.
സൈക്കിളിങ്ങിൽ പ്രതിഭ തിരിച്ചറിഞ്ഞതോടെയാണു പരിശീലകൻ സൈക്കിൾ മാറാൻ നിർദേശിച്ചത്. ഏറെ പണിപ്പെട്ടു വീട്ടുകാർക്കൊപ്പം ബന്ധുക്കളും സഹായിച്ചാണ് ഇപ്പോൾ മൂന്നുലക്ഷത്തിന്റെ സൈക്കിൾ സ്വന്തമാക്കിയത്. സമയക്രമമനുസരിച്ച് ആഴ്ചയിൽ 400-450 കിലോമീറ്ററാണു പരിശീലനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..